മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ഉൾപ്പെടുത്താനായി വീണ്ടും പ്രത്യേക പൊതുയോഗം- നിലപാടിൽ മാറ്റമില്ലെന്ന് യു.ഡി.എഫ്.

adminmoonam

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ഉൾപ്പെടുത്താനായി വീണ്ടും പ്രത്യേക പൊതുയോഗം- നിലപാടിൽ മാറ്റമില്ലെന്ന് യു.ഡി.എഫ്.
സർക്കാരിന്റെ താൽപര്യപ്രകാരം ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റർ ആയ മലപ്പുറം ജോയിന്റ് രജിസ്ട്രാർ( ജനറൽ) ആണ് പ്രത്യേക പൊതു യോഗം വിളിച്ചിരിക്കുന്നത്. ജൂലൈ 18 വ്യാഴാഴ്ച രാവിലെ 11 മണിക്ക് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പൊതുയോഗം നടക്കുക. A ക്ലാസ് മെമ്പർമാർ ഭരണസമിതി സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും കത്തുമായി വരണമെന്ന് പ്രത്യേകം പറയുന്നുണ്ട്.


കഴിഞ്ഞ മാർച്ച് ഏഴിനാണ് കേരള ബാങ്ക് രൂപീകരണത്തിനായി 14 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കുന്നതിനായുള്ള അനുമതി തേടിക്കൊണ്ട് പൊതുയോഗം നടന്നത്. ഇതിൽ 9 ജില്ലാ സഹകരണ ബാങ്കുകളിൽ പ്രമേയം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസ്സായി. വയനാട്, ഇടുക്കി, കോട്ടയം ,എറണാകുളം ജില്ലകളിൽ കേവലഭൂരിപക്ഷമേ ഉണ്ടായിരുന്നുള്ളൂ. മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്നായിരുന്നു റിസർവ് ബാങ്കിന്റെയും നബാർഡിന്റെയും നിബന്ധന. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പൊതുയോഗ പ്രമേയം തള്ളി. മലപ്പുറത്ത് 32 നെതിരെ 97 വോട്ടുകൾക്കാണ് പ്രമേയം തള്ളിയത്. 130 ബാങ്കുകൾകാണു ഇവിടെ വോട്ടിംഗ് പവർ ഉള്ളത്.


പിന്നീട് മലപ്പുറം ഒഴികെയുള്ള ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാൻ സമ്മതമാണെന്ന് കാണിച്ച്, കേരള ബാങ്ക് നടപടികളുമായി സർക്കാർ മുന്നോട്ടു പോയിരുന്നു. എന്നാൽ മലപ്പുറം ജില്ലാ ബാങ്കിനെ കൂടി ഉൾപ്പെടുത്താൻ രാഷ്ട്രീയ സമ്മർദ്ദം സർക്കാർ ചെലുത്തുകയും ചെയ്തു. ഇതിനിടെ മലപ്പുറം ജില്ലാ ബാങ്കിലെ ഒരു വിഭാഗം ജീവനക്കാർ തങ്ങൾക്കും കേരള ബാങ്കിന്റെ ഭാഗമാകണമെന്ന് ആഗ്രഹം പറഞ്ഞതായി വകുപ്പ് മന്ത്രി തന്നെ നിയമസഭയിൽ പറഞ്ഞു. മലപ്പുറം ജില്ലാ ബാങ്ക് ജീവനക്കാർ കേരള ബാങ്കിന് ഒപ്പം ആണെന്നും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിന് ഒപ്പം ചേർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പി. ഉബൈദുള്ള എം.എൽ.എയുടെ ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞു.

ഇതിന്റെയെല്ലാം  ഭാഗമായാണ് ഇപ്പോൾ വീണ്ടും പ്രത്യേക പൊതുയോഗം വിളിച്ചിരിക്കുന്നത്.എന്നാൽ തങ്ങൾക്ക് ഇപ്പോഴും പഴയ നിലപാട് തന്നെയാണെന്നും കേരള ബാങ്കിനെ തങ്ങൾ അനുകൂലിക്കുന്നില്ലെന്നും യു.ഡി.എഫ് ന്റെ നിലപാടുമായി മുന്നോട്ടുപോകുമെന്നും യു.ഡി.എഫ് മലപ്പുറം ജില്ലാ കൺവീനറും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയുമായ അഡ്വക്കേറ്റ് യു.എ. ലത്തീഫ് പറഞ്ഞു. നാലു മാസത്തിനു ശേഷം മനം മാറ്റം വന്നിട്ടുണ്ടോ എന്ന് നോക്കാൻ ആയിരിക്കും ഇപ്പോൾ വീണ്ടും പ്രത്യേക പൊതുയോഗം വിളിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ മലപ്പുറം ജില്ലാ ബാങ്ക് കൂടി ഇല്ലാതെ കേരള ബാങ്ക് യാഥാർഥ്യമാക്കാൻ നിയമ തടസ്സമുണ്ടെന്നും റിസർവ് ബാങ്കിന്റെ അനുമതി ബുദ്ധിമുട്ടാകും എന്നും വിലയിരുത്തപ്പെടുന്നു. എന്തായാലും മലപ്പുറം ജില്ലാ സഹകരണ ബാങ്കും  കേരള ബാങ്കും വീണ്ടും ചർച്ചയാവുകയാണ്.

Leave a Reply

Your email address will not be published.