മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയില്‍ പാലിയേറ്റീവ് വിഭാഗം ആരംഭിച്ചു

moonamvazhi

കിടപ്പിലായവരെ പരിചരിക്കാനും ശാസ്ത്രീയമായ സാന്ത്വന ചികിത്സ ഉറപ്പുവരുത്താനും മലപ്പുറം പിഎംഎസ്എ സഹകരണ ആശുപത്രിയില്‍ പാലിയേറ്റീവ് കെയര്‍ വിഭാഗം തുടങ്ങി. ഗുണമേന്മയുള്ള സാന്ത്വന പരിചരണം സഹകരണ ആശുപത്രികളിലൂടെ ഉറപ്പുവരുത്തുക എന്ന സഹകരണ വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായാണ് പിഎംഎസ്എ ആശുപത്രിയിലും പുതിയ പാലിയേറ്റീവ് കെയര്‍ വിഭാഗം ആരംഭിച്ചിരിക്കുന്നത്.


പ്രായമായ രോഗികള്‍, പ്രത്യേകിച്ചു മക്കളും ബന്ധുക്കളും അടുത്തില്ലാത്തവര്‍ക്ക് സാന്ത്വന പരിചരണം ഏറെ ആശ്വാസകരമാകും. നിലവില്‍ സ്വകാര്യ ഹോം നഴ്‌സിങ് കേന്ദ്രങ്ങളെയാണു ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. പലപ്പോഴും മതിയായ പരിശീലനമില്ലാത്തവര്‍ പരിചരണത്തിനെത്തുന്നതും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ സാന്നിധ്യവും ആളുകളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സഹകരണ വകുപ്പിന്റെ പിന്തുണയോടെ മലപ്പുറം ജില്ലാ സഹകരണ ആശുപത്രി സാന്ത്വന പരിചരണം ഏര്‍പ്പെടുത്തുന്നത്.

കൃത്യമായ ഇടവേളകളില്‍ തുടര്‍ പരിശോധനകള്‍, ലബോറട്ടറി പരിശോധനകള്‍, തുടര്‍ ചികിത്സകള്‍, ഫിസിയോ തെറാപ്പി, മരുന്ന്, ആംബുലന്‍സ് സൗകര്യം എന്നിവയും പദ്ധതിയുടെ ഭാഗമായി ലഭിക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക സേവനം ലഭ്യമാകും. ഫാമിലി മെഡിസിന്‍ വിഭാഗം ഡോ. സഹീദ പഞ്ചിളിയുടെ നേതൃത്വത്തിലാണ് പിഎം.എസ്.എ. പാലിയേറ്റിവ് ഹോം കെയര്‍ വിഭാഗം ആരംഭിച്ചിരിക്കുന്നത്. മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ.എ. പരീത്, ചീഫ് ഫിസിഷ്യന്‍ ഡോ. കെ.വിജയന്‍ എന്നിവരുടെ മോല്‍നോട്ടത്തിലാണ് പാലിയേറ്റീവ് വിഭാഗം.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News