മലപ്പുറം ജില്ലയിലെ ഒരു പ്രാഥമിക സഹകരണ സംഘവും ഇപ്പോൾ കേരള ബാങ്കിൽ അംഗമല്ലെന്ന് സഹകരണ വകുപ്പ് മന്ത്രി.

adminmoonam

നിലവിൽ മലപ്പുറം ജില്ലയിലെ ഒരു പ്രാഥമിക സഹകരണ സംഘവും ഇപ്പോൾ കേരള ബാങ്കിൽ അംഗമല്ലെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ടി.വി ഇബ്രാഹിം എം.എൽ.എ യുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 13 ജില്ലാ ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള അന്തിമ അനുമതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. മലപ്പുറം ഒഴികെയുള്ള 13 ജില്ലകളിലെ എല്ലാ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളും ലൈസൻസ്ഡ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്കളും കേരള സംസ്ഥാന സഹകരണ ബാങ്കിൽ എ ക്ലാസ് അംഗങ്ങളാണ്.

ലയന ശേഷം കേരള സംസ്ഥാന സഹകരണ ബാങ്കിന് 769 ശാഖകൾ ഉണ്ടെന്ന് യു.ആർ. പ്രദീപ് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. 29.11.2019 ലെ കണക്കനുസരിച്ച് മലപ്പുറം ഒഴികെ 53,469 കോടി രൂപയുടെ നിക്ഷേപം ഉണ്ടെന്നും മന്ത്രി അറിയിച്ചു.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിന് ആർ.ബി.ഐയുമായി ചർച്ച ചെയത്, സഹകരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎമാരായ പി.ടി. തോമസ്, കെ.സി. ജോസഫ്, വി.ഡി. സതീശൻ, സണ്ണി ജോസഫ് എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിലെ സഹകരണ സംഘങ്ങൾക്കും സഹകാരികൾക്കും ജീവനക്കാർക്കും സഹകരണ വായ്പാ രംഗത്തെ ഘടനാമാറ്റം മൂലം ഉണ്ടാകുന്ന ഗുണങ്ങൾ നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണ് എന്ന് കാണുന്നു. കേരളബാങ്ക് എന്ന വലിയ സ്ഥാപനം പ്രധാനം ചെയ്യുന്ന ആധുനിക സേവനങ്ങൾആയ എൻ. ഇ. എഫ്. ടി, ആർ. ടി. ജി. എസ് തുടങ്ങിയവയിൽ നിന്നും ഒരു ജില്ലയെ മാത്രം ഒഴിവാക്കി നിർത്തുന്നത് സഹകരണ മേഖലയുടെ പൊതുവായ വളർച്ചയ്ക്ക് വിഘാതം സൃഷ്ടിക്കും എന്നതിനാലാണ് കേരള ബാങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കൂടി ഉൾപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News