മത്സ്യത്തൊഴിലാളികളുടെ വായ്പയിലെ ജപ്തി നടപടികള്‍ ജൂണ്‍ 30 വരെ നിര്‍ത്തിവെച്ചു
സഹകരണ സംഘങ്ങളില്‍ / ബാങ്കുകളില്‍ നിന്നു മത്സ്യത്തൊഴിലാളികള്‍ എടുത്തിട്ടുള്ള വായ്പകളില്‍ തുടങ്ങിവെച്ചതോ തുടര്‍ന്നുവരുന്നതോ ആയ ജപ്തി ഉള്‍പ്പെടെയുള്ള റിക്കവറി നടപടികള്‍ക്കു 2022 ജൂണ്‍ 30 വരെ സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ ഈ നിര്‍ദേശം എല്ലാ സംഘങ്ങളും ബാങ്കുകളും പാലിക്കുന്നുണ്ടെന്നു വകുപ്പുദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നു സഹകരണ സംഘം രജിസ്ട്രാര്‍ ആവശ്യപ്പെട്ടു.
മീന്‍പിടിത്തോപകരണങ്ങള്‍ വാങ്ങാനും വീടു നിര്‍മിക്കാനും കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, വിവാഹം എന്നീ ആവശ്യങ്ങള്‍ക്കും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു 2008 ഡിസംബര്‍ 31 വരെ മത്സ്യത്തൊഴിലാളികള്‍ എടുത്തിട്ടുള്ള വായ്പകളില്‍ തുടങ്ങിവെച്ചതോ തുടരുന്നതോ ആയ ജപ്തി ഉള്‍പ്പെടെയുള്ള റിക്കവറി നടപടികളില്‍ നിന്നു ആശ്വാസം നല്‍കാനാണു നിലവിലുള്ള മൊറട്ടോറിയത്തിന്റെ കാലാവധി 2022 ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെ നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണു സഹകരണ സംഘം രജിസ്ട്രാര്‍ മാര്‍ച്ച് എട്ടിനു പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.