ബി.ജെ.പി.സഹയാത്രികരായഗുരുമൂര്‍ത്തിയും സതീഷ് മറാത്തെയും ആര്‍.ബി.ഐ. ഡയറക്ടര്‍ ബോര്‍ഡില്‍

[email protected]

റിസര്‍വ് ബാങ്കിന്റെ പാര്‍ട്ട് ടൈം, നോണ്‍ഒഫീഷ്യല്‍ ഡയറക്ടര്‍മാരായി സ്വാമിനാഥന്‍ ഗുരുമൂര്‍ത്തിയെയും സതീഷ് മറാത്തെയെയും നിയമിച്ചു. ഇരുവരും ബി.ജെ.പി. അനുകൂല നിലപാട് സ്വീകരിക്കുന്നവരാണ്. കേന്ദ്ര ധനകാര്യ വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് എസ്.ഗുരുമൂര്‍ത്തിയെയും സതീഷ് മറാത്തയെയും റിസര്‍വ് ബാങ്കിന്റെ അനൗദ്യോഗിക ഡയറക്ടര്‍മാരായി നിയമിച്ചത്. 1934 ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിലെ 8 (1) സി സെക്ഷന്‍ അനുസരിച്ച് നാലു വര്‍ഷത്തേക്കാണ് നിയമനം.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, സാമ്പത്തിക വിദഗ്ധന്‍ എന്നീ നിലകളിലാണ് ഗുരുമൂര്‍ത്തി പ്രവര്‍ത്തിച്ചിരുന്നത്. ആര്‍.എസ്.എസ്സുമായി അടുത്തബന്ധമുള്ള ഗുരുമൂര്‍ത്തി സ്വദേശി ജാഗരണ്‍ മഞ്ചിന്റെ കണ്‍വീനറാണ്. നോട്ട് നിരോധനത്തെയും കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെയും ശക്തമായി പിന്തുണക്കുന്ന ആളുകൂടിയാണ് അദ്ദേഹം.

സഹകാര്‍ ഭാരതിയുടെ സ്ഥാപകനായ സതീഷ് മറാത്തെ വര്‍ഷങ്ങളായി സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളാണ്. ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം യുണൈറ്റഡ് വെസ്‌റ്റേണ്‍ ബാങ്ക് ലിമിറ്റഡിന്റെ ചെയര്‍മാനായി. 1991 ല്‍ ജന്‍കല്യാണ്‍ സഹകരണ ബാങ്കിന്റെ സി.ഇ.ഒ ആയി. താനെ ഭാരത് സഹകാരി ബാങ്കിന്റെയും രാജ്‌കോട്ട് നാഗ്‌രിക് സഹകാരി ബാങ്കിന്റെയും ഡയറക്ടറായിരുന്നു. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ ഓണററി സെക്രട്ടറിയും സ്വകാര്യ ബാങ്ക് അസോസിയേഷന്റെ വൈസ് പ്രസിഡന്റും ആയും പ്രവര്‍ത്തച്ച സതീഷ് മറാത്തെ എ.ബി.വി.പി.യുടെ ദേശീയ നേതാവ് കൂടിയായിരുന്നു.

കാര്‍ഷിക മേഖലയിലും ഗ്രാമപ്രദേശങ്ങളിലും ഇനിയും ഏറെ ചെയ്യാനുണ്ടെന്നും മറാത്തെ ഒരു ദേശീയ ഓണ്‍ലൈന്‍ മാധ്യമത്തോട് വ്യക്തമാക്കി. ലോകത്തെ തന്നെ പ്രധാന സെന്‍ട്രല്‍ ബാങ്കാണ് ആര്‍.ബി.ഐ. വലിയ അരക്ഷിതാവസ്ഥയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്തിയത് ആര്‍.ബി.ഐ.ആണ്. സഹകരണ മേഖലയിലെ 40 വര്‍ഷത്തെ അനുഭവസമ്പത്തു മായാണ് താന്‍ റിസര്‍വ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിലെത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡില്‍ ഒഫീഷ്യല്‍ , നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍മാരാണ് ഉള്ളത്. ഗവര്‍ണറെ കൂടാതെ നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരും ഉള്‍പ്പെടുന്നതാണ് ഒഫീഷ്യല്‍ ഡയറക്ടര്‍മാര്‍. കേന്ദ്രസര്‍ക്കാരിന് പത്തുപേരെ ഡയറക്ടര്‍മാരായി നിയമിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിവിധ മേഖലകളിലെ വിദഗ്ധരുമാണ് നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍മാര്‍. സാമ്പത്തിക രംഗത്തെയും വ്യാവസായിക രംഗത്തെയും പ്രമുഖരെയാണ് നോണ്‍ ഓഫീഷ്യല്‍ ഡയറക്ടര്‍മാരായി നേരത്തെ നിയമിച്ചിട്ടുള്ളത്. ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍, മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാരത് ദോഷി, പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ അശോക് ഗുലാത്തി തുടങ്ങിയവര്‍ നിലവില്‍ നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍മാരാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News