ബാങ്കിങ് പ്രവര്‍ത്തനം നടത്തുന്ന സംഘങ്ങളിലെല്ലാം ആര്‍.ബി.ഐ. നിയന്ത്രണം വേണമെന്ന് ശുപാര്‍ശ
ബാങ്കിങ് പ്രവര്‍ത്തനം പൂര്‍ണമായി റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ എക്‌സ്‌പെന്‍ഡീച്ചര്‍ വകുപ്പ് കേന്ദ്രസഹകരണ മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കി. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്ലാത്തെ സഹകരണ സംഘങ്ങളും ബാങ്കിങ് പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇത്തരം സംഘങ്ങളെയും ആര്‍.ബി.ഐ.യുടെ നിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവരണമെന്നാണ് ശുപാര്‍ശ. സഹകരണ നയം പുതുക്കുന്നതിന്റെ ഭാഗമാണ് കേന്ദ്രസര്‍ക്കാരുകളുടെ വിവിധ വകുപ്പുകള്‍ ശുപാര്‍ശ സമര്‍പ്പിക്കുന്നത്.
ആറ് നിബന്ധനകളാണ് ഇതിനായി എക്‌സ്‌പെന്‍ഡീച്ചര്‍ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. റിസര്‍വ് ബാങ്ക് പുറപ്പെടുവിക്കുന്ന എല്ലാനിര്‍ദ്ദേശങ്ങളും ചട്ടങ്ങളും സഹകരണ മേഖലയ്ക്ക് കൂടി ബാധകമാക്കണമെന്നാണ് ഇതില്‍ ആദ്യത്തേത്. സഹകരണ സംഘങ്ങള്‍ പൂര്‍ണ ബാങ്കുകളായല്ല പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, ഇത്തരം സംഘങ്ങള്‍ക്ക് ഇടപാടുകള്‍ക്ക് പരിധി നിശ്ചയിക്കണമെന്നാണ് രണ്ടാമത്തെ നിര്‍ദ്ദേശം.
സംഘങ്ങള്‍ ശാഖകള്‍ തുടങ്ങുന്നതിന് നിയന്ത്രണം കൊണ്ടുവരണമെന്നാണ് മൂന്നാമത്തെ നിര്‍ദ്ദേശം. സംഘങ്ങള്‍ ശാഖകള്‍ തുടങ്ങുന്നത് അവയുടെ ബിസിനസ് മെച്ചപ്പെടുത്താനാണെന്ന് കരുതാനാകില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ നിയന്ത്രണത്തിലാണ് സംഘങ്ങള്‍ ഏറെയുമുള്ളത്. ഓരോ പാര്‍ട്ടികള്‍ക്കും അവയുടെ പ്രവര്‍ത്തകരെ നിയമിക്കാനാണ് ഇത്തരത്തില്‍ ശാഖ തുറയ്ക്കുന്നത്. അത് സംഘത്തിന്റെ ലാഭം നഷ്ടപ്പെടുത്തുന്ന നടപടിയാണ്. ഇതിന് നിയന്ത്രണം വേണമെന്നാണ് എക്‌സ്‌പെന്‍ഡീച്ചര്‍ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
രാഷ്ട്രീയനിയന്ത്രണം തുറന്നതും സ്വമേധായായുള്ളതുമായ അംഗത്വം നിഷേധിക്കുന്ന സ്ഥിതിയുണ്ട്. ഇതിലും ഇടപെടല്‍ വേണമെന്നാണ് നാലാമെത്ത ശുപാര്‍ശ. മരിച്ചുപോയവരുടെ പേരില്‍പോലും നിക്ഷേപം നടത്താന്‍ സംഘങ്ങളില്‍ കഴിയുന്നുണ്ടോയെന്ന് പരിശോധിക്കണം. ഇത് കള്ളപ്പണത്തിന് സാധ്യത ഉണ്ടാക്കുന്നുവെന്നാണ് അഞ്ചാമതായി ചൂണ്ടിക്കാട്ടുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ആദായനികുതി വകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ സംഘങ്ങള്‍ക്ക് ബാധകമാക്കണെമന്നാണ് അവസാനത്തെ ശുപാര്‍ശ.