ബാങ്കിങ് നിയന്ത്രണ നിയമം ലംഘിച്ച അര്‍ബന്‍ ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി, നാലെണ്ണത്തിനു പിഴശിക്ഷ
ബാങ്കിങ് നിയന്ത്രണനിയമം പാലിക്കാത്തതിന്റെ പേരില്‍ റിസര്‍വ് ബാങ്ക് മഹാരാഷ്ട്രയിലെ ഒരു അര്‍ബന്‍ സഹകരണബാങ്കിന്റെ ലൈസന്‍സ് തിങ്കളാഴ്ച റദ്ദാക്കി. മറ്റു നാല് അര്‍ബന്‍ബാങ്കുകള്‍ക്കു പിഴശിക്ഷയും ചുമത്തി. മതിയായ മൂലധനത്തിന്റെ അപര്യാപ്തതയും വരുമാനസാധ്യതയില്ലായ്മയുമാണു മഹാരാഷ്ട്രയിലെ ബാങ്കിനു ലൈസന്‍സ് നഷ്ടപ്പെടാനിടയാക്കിയത്.
കൊല്‍ഹാപ്പൂര്‍ ആസ്ഥാനമായുള്ള ശങ്കര്‍റാവു പൂജാരി നൂതന്‍ നാഗരിക് സഹകാരി ബാങ്കിനാണു ലൈസന്‍സ് നഷ്ടമായത്. 1949 ലെ ബാങ്കിങ് നിയന്ത്രണനിയമത്തിലെ 56 -ാം സെക്ഷനിലെ 11 ( 1 ), 22 ( 3 ) ( ഡി ) വ്യവസ്ഥകളനുസരിച്ചാണു റിസര്‍വ് ബാങ്കിന്റെ നടപടി. ബാങ്കിന്റെ പ്രവര്‍ത്തനം തുടരാനനുവദിച്ചാല്‍ അതു നിക്ഷേപകരുടെ താല്‍പ്പര്യങ്ങളെ ഹാനികരമായി ബാധിക്കുമെന്നു റിസര്‍വ് ബാങ്ക് വിലയിരുത്തി. ഇപ്പോഴത്തെ സാമ്പത്തികനില വെച്ചുനോക്കിയാല്‍ ബാങ്കിന് എല്ലാ നിക്ഷേപകര്‍ക്കും നിക്ഷേപം പൂര്‍ണമായി തിരിച്ചുനല്‍കാനാവില്ലെന്നു റിസര്‍വ് ബാങ്കിനു ബോധ്യമായിട്ടുണ്ട്. ഡിസംബര്‍ നാലിനുതന്നെ ലൈസന്‍സ് റദ്ദാക്കല്‍നടപടി പ്രാബല്യത്തില്‍ വന്നു. ഇനി ബാങ്കിനു നിക്ഷേപം സ്വീകരിക്കാനോ തിരിച്ചുകൊടുക്കാനോ സാധ്യമല്ല. ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചുകൊണ്ട് ഉത്തരവിടാന്‍ സഹകരണ കമ്മീഷണറോടും മഹാരാഷ്ട്ര സഹകരണസംഘം രജിസ്ട്രാറോടും നിര്‍ദേശിച്ചിട്ടുണ്ട്. ബാങ്കിനു ലിക്വിഡേറ്ററെ നിയമിക്കാനും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്.
ശങ്കര്‍റാവു പൂജാരി നൂതന്‍ ബാങ്കിനെതിരെ റിസര്‍വ് ബാങ്ക് 2022 മേയില്‍ത്തന്നെ നടപടികള്‍ എടുത്തുതുടങ്ങിയതാണ്. ബാങ്കിന്റെ സാമ്പത്തികനില മോശമായതിനെത്തുടര്‍ന്നായിരുന്നു ഈ നിയന്ത്രണനടപടികള്‍. പുതുതായി വായ്പ നല്‍കാനോ നിലവിലെ വായ്പ പുതുക്കാനോ പുതുതായി നിക്ഷേപം നടത്താനോ വസ്തുവകകളും സ്വത്തും വില്‍ക്കാനോ ബാങ്കിനെ അന്നുമുതല്‍ അനുവദിച്ചിരുന്നില്ല.
നാലു സഹകരണ ബാങ്കുകള്‍ക്കാണു പിഴശിക്ഷ വിധിച്ചത്. ഇവയില്‍നിന്നെല്ലാംകൂടി ഏഴു ലക്ഷം രൂപ പിഴയായി ഈടാക്കും. മുംബൈ ചെമ്പൂരിലെ നാഗരിക് സഹകാരി ബാങ്കിനും ഉല്ലാസ്‌നഗര്‍ കൊണാരക് അര്‍ബന്‍ സഹകരണ ബാങ്കിനും ഒരു ലക്ഷം രൂപവീതമാണു പിഴയിട്ടത്. ഡെപ്പോസിറ്റ് അക്കൗണ്ട് സംബന്ധിച്ച നിബന്ധനകള്‍ പാലിക്കാത്തതാണു കുറ്റം. ഇടപാടുകാരെ അറിയുക ( കെ.വൈ.സി ) മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണു പുണെയിലെ ശ്രീ ലക്ഷ്മികൃപ അര്‍ബന്‍ സഹകരണ ബാങ്കിനു വിനയായത്. ഈ ബാങ്കും ഒരു ലക്ഷം രൂപ പിഴയടയ്ക്കണം. കൂട്ടത്തില്‍ വലിയ തുക പിഴയായി അടയ്‌ക്കേണ്ടതു പുണെയിലെത്തന്നെ ജീജമാതാ മഹിളാ സഹകാരി ബാങ്കാണ്. നാലു ലക്ഷം രൂപയാണു പിഴ. ഇടപാടുകാരെ അറിയുക എന്നതു സംബന്ധിച്ചും അര്‍ബന്‍ ബാങ്കുകളിലെ തട്ടിപ്പുകള്‍ നിരീക്ഷിക്കുന്നതു സംബന്ധിച്ചുമുള്ള നിബന്ധനകള്‍ പാലിക്കാത്തതാണു കുറ്റം.