ബാങ്കിങ് നിയന്ത്രണ നിയമം മറികടക്കാന്‍ മഹാരാഷ്ട്ര സഹകരണ നിയമംഭേദഗതി ചെയ്യുന്നു
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ബാങ്കിങ് നിയന്ത്രണ നിയമങ്ങളെ മറികടക്കാന്‍ സംസ്ഥാന സഹകരണ നിയമം ഭേദഗതി ചെയ്യാനൊരുങ്ങുകയാണു മഹാരാഷ്ട്ര സര്‍ക്കാര്‍. എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറാണു ഇത്തരമൊരു നീക്കത്തിനു ചുക്കാന്‍ പിടിക്കുന്നത്. എന്‍.സി.പി.യുടെ ശുപാര്‍ശ അടുത്തുതന്നെ സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയ്‌ക്കെത്തും.
മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയും പ്രമുഖ സഹകാരിയുമായ ദിലീപ് വല്‍സെ പാട്ടീലാണു ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ മനസ്സു വെളിപ്പെടുത്തിയത്. ബാങ്കിങ് നിയന്ത്രണ നിയമത്തെ നേരിടാന്‍ 1960 ലെ സംസ്ഥാന സഹകരണ നിയമം ഭേദഗതി ചെയ്യുമെന്നു പാട്ടീല്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. പഞ്ചസാര സഹകരണ മേഖലയിലെ അതികായനായിരുന്നു മന്ത്രിയാകുംമുമ്പ് ദിലീപ് വല്‍സെ പാട്ടീല്‍.
ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതിയില്‍ ശരദ് പവാര്‍ ഒട്ടും സന്തുഷ്ടനല്ല. ഈ അസന്തുഷ്ടി അദ്ദേഹം ഈയിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സഹകരണ മന്ത്രി അമിത് ഷായെയും കണ്ടപ്പോള്‍ അറിയിക്കുകയും ചെയ്തിരുന്നു. തന്റെ എതിര്‍വാദങ്ങള്‍ എണ്ണിപ്പറഞ്ഞ് പവാര്‍ പ്രധാനമന്ത്രിക്കു കത്തയക്കുകയും ചെയ്തിരുന്നു. ഓഡിറ്റര്‍മാരുടെ നിയമനം, ബോര്‍ഡ് ഓഫ് ഡയരക്ടര്‍മാരുടെ നിയമന വ്യവസ്ഥകള്‍, സി.ഇ.ഒ.യെ നീക്കം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങളില്‍ എന്‍.സി.പി.ക്ക് എതിര്‍പ്പുണ്ട്. മഹാരാഷ്ട്രയിലെ സര്‍ക്കാരില്‍ ഒരു പ്രബല കക്ഷിയാണു എന്‍.സി.പി.
ശരദ്പവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍.സി.പി. യോഗം ബാങ്കിങ് നിയന്ത്രണ നിയമത്തിലും സഹകരണ നിയമത്തിലും കേന്ദ്രം കൊണ്ടുവന്ന ഭേദഗതികളുടെ പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്തതായി മന്ത്രി പാട്ടീല്‍ പത്രക്കാരോട് പറഞ്ഞു. ഭേദഗതികള്‍ നിര്‍ദേശിക്കാനായി പാര്‍ട്ടി ഒരു പഠനസംഘത്തെ നിയോഗിച്ചിട്ടുണ്ട്. പഠനസംഘത്തിന്റെ ശുപാര്‍ശകള്‍ ആദ്യം പാര്‍ട്ടിക്കു നല്‍കും. പിന്നീടത് മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും.