ബംഗാളില്‍ സഹകരണബാങ്കുകള്‍ നാലു ശതമാനം പലിശയ്ക്ക് 10 ലക്ഷം രൂപവരെ വിദ്യാഭ്യാസവായ്പ നല്‍കും
ബംഗാളിലെ ഇരുപതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ക്കു കുറഞ്ഞ പലിശനിരക്കില്‍ വിദ്യാഭ്യാസവായ്പ അനുവദിക്കാന്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചു. സഹകരണബാങ്കുകള്‍, പൊതുമേഖലാ-സ്വകാര്യബാങ്കുകള്‍ എന്നിവവഴി നടപ്പാക്കുന്ന ഈ പദ്ധതിക്കു പശ്ചിമ ബംഗാള്‍ സ്റ്റൂഡന്റ് ക്രെഡിറ്റ് കാര്‍ഡ് സ്‌കീം എന്നാണു പേര്. പത്തു ലക്ഷം രൂപവരെയാണു വായ്പ നല്‍കുക. 2023-24 ലെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതിയാണിത്.
സെക്കന്ററി, ഹയര്‍ സെക്കന്ററി, മദ്രസ, അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ഥികള്‍ക്കാണു വായ്പക്ക് അര്‍ഹത. രാജ്യത്തിനകത്തും പുറത്തുമുള്ള ഏതു കലാലയത്തിലും പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കുള്‍പ്പെടെ വായ്പ കിട്ടും. സംസ്ഥാന സഹകരണ ബാങ്ക്, ഇവയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കേന്ദ്ര സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, പൊതുമേഖലാ-സ്വകാര്യ ബാങ്കുകള്‍ എന്നിവ വഴിയാണു വായ്പ കിട്ടുക. 40 വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്കാണു പതിനഞ്ചു വര്‍ഷത്തേക്കു വായ്പ അനുവദിക്കുക. പഠനകാലത്തു പലിശ മുഴുവനായി അടയ്ക്കുന്ന വിദ്യാര്‍ഥികള്‍ക്കു പലിശയില്‍ ഒരു ശതമാനം ഇളവു ലഭിക്കും. എന്‍ജിനിയറിങ്, മെഡിക്കല്‍, ലോ, ഐ.എ.എസ്, ഐ.പി.എസ്. തുടങ്ങിയവയുടെ മത്സരപ്പരീക്ഷകള്‍ക്കു പരിശീലനകേന്ദ്രങ്ങളില്‍ പഠിക്കുന്നവര്‍ക്കും വിദ്യാര്‍ഥി ക്രെഡിറ്റ് കാര്‍ഡ് സ്‌കീമില്‍ വായ്പയ്ക്ക് അപേക്ഷിക്കാം.
