പ്രൊജക്ടുകളുടെ സാമ്പത്തിക വിലയിരുത്തൽ അനിവാര്യം.
സഹകരണ സംഘങ്ങൾ വായ്പ അനുവദിക്കുമ്പോൾ,
പ്രൊജക്ടുകളുടെ സാമ്പത്തിക വിലയിരുത്തൽ അനിവാര്യമാണ്. പ്രൊജക്ടുകളിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ക്യാഷ് ഫ്ലോയിലാണ് ഇതിൽ പ്രധാനം. കേരളത്തിൻറെ അതിജീവനം സഹകരണ പ്രസ്ഥാനത്തിലൂടെ.. ഡോക്ടർ എം.രാമനുണ്ണിയുടെ ലേഖനം- 34.
കഴിഞ്ഞ ദിവസം നൽകിയ കുറിപ്പിൽ പ്രോജക്റ്റുകൾ വിലയിരുത്തുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളെക്കുറിച്ചാണ് സൂചിപ്പിച്ചത്. പ്രോജക്റ്റ് വിലയിരുത്തുന്ന വേളയിൽ, ഏറെ പ്രധാനപ്പെട്ട ഒന്നാണ് സാമ്പത്തിക വിലയിരുത്തൽ. ഒരു പ്രൊജക്റ്റ്ൻറെ വിജയം ആശ്രയിച്ചിരിക്കുന്നത്, അതിന് ഉത്പാദിപ്പിക്കാൻ കഴിയുന്ന ക്യാഷ് ഫ്ലോ യിലാണ്.
എന്താണ് ക്യാഷ് ഫ്ലോ ? ലാഭവും ക്യാഷ് ഫ്ലോ യും തമ്മിൽ ഏതെങ്കിലും വ്യത്യാസമുണ്ടോ?
അതോ ഇത് രണ്ടും ഒന്നു തന്നെയാണോ ?
എന്നീ വിഷയങ്ങൾ ചിലപ്പോഴെങ്കിലും തെറ്റിദ്ധാരണയ്ക്ക് വഴി വെക്കാറുണ്ട്. ഒരു പ്രോജക്റ്റ് പ്രവർത്തനത്തിൻറെ ഭാഗമായി ഉണ്ടാകുന്ന വിവിധയിനം ചെലവുകൾ, അഥവാ പ്രോജക്ടിൽ നിന്നും പുറത്തേക്ക് പോകുന്നതും പ്രോജക്ടിലേക്ക് തിരികെ വരുന്നതുമായ പണത്തെയാണ് ക്യാഷ് ഫ്ലോ എന്ന് വിളിക്കുന്നത്. പ്രോജക്റ്റ് നടത്തിപ്പിൻറെ ഭാഗമായി ഉണ്ടാവുന്ന മൊത്തം വരവും ചെലവും തമ്മിലുള്ള വ്യത്യാസത്തെയാണ് ലാഭം എന്ന് വിളിക്കുന്നത്. പ്രൊജക്റ്റ്ൻറെ നടത്തിപ്പിനു ആവശ്യമായ ദൈനംദിന ചെലവുകൾക്ക് പ്രോജക്ടിൽ നിന്നുണ്ടാവുന്ന പണംകൊണ്ട് കഴിയുമെങ്കിൽ ക്യാഷ് ഇൻഫ്‌ളോയും ഔറഫ്‌ളോയും ബാലൻസ് ചെയ്തിരിക്കും.
ക്യാഷ് ഇൻഫ്‌ളോ , ഔട്ട് ഫ്ലോയെക്കാളും കൂടുതലാണെങ്കിൽ എപ്പോഴും പണം മിച്ചം കാണും. മറിച്ചാണെങ്കിൽ പണത്തിന് ചുരുക്കം അനുഭവപ്പെടുന്നു, ഇതിനെ ക്യാഷ് ഫ്ലോ ക്രൈസിസ് അഥവാ, ലിക്വിഡിറ്റി ക്രൈസിസ് എന്നാണ് വിളിക്കുന്നത്. അതുകൊണ്ടു തന്നെ പ്രോജക്ട് വിലയിരുത്തലിൽ ക്യാഷ് ഫ്ലോവിൻറെ പ്രാധാന്യം ചെറുതല്ല. ആയതിനാൽ കൃത്യമായി ക്യാഷ് ഫ്ലോ തയ്യാറാക്കുക എന്നത് പ്രോജക്ട് വിലയിരുത്തലിൽ സുപ്രധാനമായ പങ്കുവയ്ക്കുന്ന കാര്യമാണ്.
ഉദാഹരണമായി ഒരു വ്യക്തി 5 പശുക്കളെ വളർത്തുന്നു എന്ന് തീരുമാനിക്കുക. ഈ പശുവിനെ വാങ്ങാനായി ചെലവഴിക്കുന്ന പണത്തെ മൂലധനം എന്നാണ് വിളിക്കുന്നത്. ഈ മൂലധനം ഒരുപക്ഷേ അദ്ദേഹത്തിൻറെ കൈവശമുള്ള പണത്തിൽ നിന്നും കണ്ടെത്താൻ കഴിയും. അതല്ലെങ്കിൽ അദ്ദേഹവും കൂട്ടുകാരും ചേർന്ന് ഓഹരി പങ്കുവെച്ചു കണ്ടെത്താൻ കഴിയും. ഇത്തരത്തിൽ കണ്ടെത്തുന്ന പണത്തിനെ ഓൺ ഫണ്ട്( Own Fund ) അഥവാ ഇക്വിറ്റി (Equity ) എന്നാണ് വിളിക്കാറുള്ളത്. അദ്ദേഹത്തിന് സ്വന്തമായി പണം കണ്ടെത്താൻ കഴിയാതെ വന്നാൽ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പ എടുക്കാൻ കഴിയും.ഇതിനെയാണ് Owed / Burrowed Fund എന്ന് വിളിക്കുന്നത്. അതുകൊണ്ടു തന്നെ പ്രോജക്ടിൽ ഇറക്കുന്ന മൂലധനത്തെ ക്യാഷ് ഫ്ലോ ആയി കണക്കാക്കാൻ കഴിയില്ല.ഒരുപക്ഷേ തൊഴുത്ത് നിർമ്മിക്കുന്നതിനുള്ള പണവും ഇത്തരത്തിൽ തന്നെ സമാഹരിക്കും. എന്നാൽ പശു തൊഴുത്തിൽ വന്നശേഷം അവയുടെ പാൽ വിറ്റ് ലഭിക്കുന്ന പണം,ക്യാഷ് ഫ്ലോ ആണ്. ചാണകം വിറ്റ് ലഭിക്കുന്ന പണവും ക്യാഷ് ഫ്ലോ യുടെ ഭാഗമാണ്. പശുവിന് തീറ്റ വാങ്ങുന്നതിനും, ഇൻഷ്വർ ചെയ്യുന്നതിനും,മരുന്നു വാങ്ങുന്നതിനും, പാൽ കറക്കുന്ന വ്യക്തിക്ക് നൽകുന്ന കൂലിയും, ക്യാഷ് ഫ്ലോയിൽ പെടുന്നു. ഒരുപക്ഷേ ഇത്തരത്തിലുള്ള ക്യാഷ് ഫ്ലോ,സമയത്ത് ലഭിക്കാതിരിക്കുകയോ, ആവശ്യത്തിന് മതിയാകാതെ വരികയോ, ചെയ്യുമ്പോൾ തീറ്റ വാങ്ങുന്നതിനും,ഇൻഷ്വർ ചെയ്യുന്നതിന് എല്ലാം കടം വാങ്ങേണ്ടിവരും . ഇതിനെ ക്യാഷ് ക്രഞ്ച് / Liquidity Crunch എന്ന് വിളിക്കാവുന്നതാണ്. ഓരോ മാസവും കിട്ടുന്ന ഔട്ട് ഫ്ലോ കഴിച്ച് ഉണ്ടാവുന്ന മിച്ചം ഉപയോഗിച്ചാണ് വായ്പ തിരിച്ചടയ്ക്കുന്നതും, പ്രോജക്ടിൽ നിക്ഷേപിച്ച വ്യക്തികൾക്ക് ലാഭവിഹിതം നൽകുന്നതും. ചുരുക്കത്തിൽ ഫലപ്രദമായ ക്യാഷ് മാനേജ്മെന്റ് ഉണ്ടാകുന്നില്ലെങ്കിൽ പ്രോജക്ട് ലാഭകരമാവില്ല എന്ന് വരും.
ചില പ്രോജക്ടുകളിൽ ആദ്യ കാലഘട്ടങ്ങളിൽ വിചാരിച്ചപോലെ ക്യാഷ് ഇൻഫ്‌ളോ ഉണ്ടാകണമെന്നില്ല. ഉദാഹരണത്തിന് ഒരു വ്യക്തി തെങ്ങ് അല്ലെങ്കിൽ റബ്ബർ കൃഷി നടത്തുന്നു എന്ന് കരുതുക. ഇതിൽനിന്നും തേങ്ങ അല്ലെങ്കിൽ റബർപാൽ കിട്ടണമെങ്കിൽ യഥാക്രമം അഞ്ചുവർഷം അല്ലെങ്കിൽ 7 വർഷം വേണ്ടിവരും. ഈ കാലയളവിൽ ജലസേചനം നടത്തുക, മരുന്ന് അടിക്കുക എന്നിവ ഒഴിവാക്കാനാവില്ല. എന്നാൽ റബ്ബർ ടാപ്പിംഗ് ആരംഭിക്കുമ്പോൾ, അല്ലെങ്കിൽ തെങ്ങിൽ നിന്നും തേങ്ങ ലഭിക്കുമ്പോൾ, വരുമാനം വർധിക്കാൻ തുടങ്ങുന്നു. റബ്ബർ ആയാലും തേങ്ങ ആയാലും കൂടുതൽ കാലം നിലനിൽക്കും. അതുകൊണ്ടുതന്നെ വരുമാനം അഥവാ ക്യാഷ് ഇൻഫ്‌ളോ വർദ്ധിച്ചുകൊണ്ടിരിക്കും. പശുവിനെ വളർത്തുന്ന പ്രൊജക്റ്റ് തിരിച്ചടവ് കാലയളവ് രണ്ടുമൂന്നു വർഷമായി നിജപ്പെടുത്താൻ കഴിയുന്നതാണ് . എന്നാൽ റബ്ബർ ,തെങ്ങ് കൃഷി എന്നിവയ്ക്ക് ഉത്പാദനം ആരംഭിച്ചു , അഞ്ചുമുതൽ മുതൽ 10 വർഷം വരെ കാലയളവ് നൽകേണ്ടതായി വന്നേക്കും. ഇക്കാലയളവിൽ ചിലവുകൾ ഉണ്ടായിരിക്കും. വരുമാനം ആരംഭിച്ചശേഷം ഉണ്ടാകുന്ന ചെലവുകൾ ക്യാഷ് ഔട്ഫ്‌ളോ എന്ന നിലയിലും, വരവുകൾ ക്യാഷ് ഇൻഫ്‌ളോ എന്ന നിലയിലും കണക്കാക്കാവുന്നതാണ്.
ചുരുക്കത്തിൽ പ്രൊജക്റ്റ്ൻറെ സാമ്പത്തികസ്ഥിതി വിലയിരുത്തലിനും, അതുവഴി വിജയം ഉറപ്പാക്കുന്നതിനും, ക്യാഷ് ഫ്ലോ മാനേജ്മെൻറ് അഥവാ ക്യാഷ് ഫ്ലോ അനാലിസിസ് മുഖ്യ പങ്കുവഹിക്കുന്നു. പ്രോജക്ടിന് മുടക്കുന്ന മുതൽ സ്വന്തമായി ഉള്ളതാണോ കടമായി സ്വീകരിച്ചതാണോ എന്നതിൻറെ അടിസ്ഥാനത്തിൽ Debt – Equity Ratio കണക്കാക്കാറുണ്ട്. എപ്പോഴും ഇത് 1:1.33 or 1:2 എന്നതാണ് അഭികാമ്യം. പ്രോജക്ട് നടത്തിപ്പിന് വായ്പയെടുക്കുന്ന വേളയിൽ സ്വന്തം മുതൽമുടക്കിൽ അധികരിച്ച വായ്പ എടുക്കരുത് എന്ന സന്ദേശവും ഇതുവഴി ലഭിക്കുന്നു.
ഡോ.എം.രാമനുണ്ണി 9388555988