പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ഗ്രാമീണ മാര്‍ക്കറ്റുകള്‍ തുടങ്ങാന്‍ ആറ് കോടി നീക്കിവെച്ച് സര്‍ക്കാര്‍
പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ഗ്രാമീണ മാര്‍ക്കറ്റുകളും പച്ചക്കറി ശേഖരണ കേന്ദ്രങ്ങളും തുടങ്ങാന്‍ ആറ് കോടി നീക്കിവെച്ച് സര്‍ക്കാര്‍. ഇതില്‍നിന്ന് 27 പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് 10ലക്ഷം രൂപവീതം നല്‍കാന്‍ ഭരണാനുമതിയും നല്‍കി. ഗ്രാമീണ മാര്‍ക്കറ്റുകള്‍, പച്ചക്കറി സംഭരണ കേന്ദ്രങ്ങള്‍, കാര്‍ഷിക ഉല്‍പന്നങ്ങളുടെ സംഭരണം-സംസ്‌കരണം എന്നിവയ്ക്ക് സൗകര്യമൊരുക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കിയ സഹകരണ ബാങ്കുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പണം അനുവദിക്കുന്നത്. സബ്‌സിഡിയായാണ് ഈ തുക നല്‍കുക.
പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണനത്തിനും സംസ്‌കരണത്തിനും സംഭരണമൊരുക്കുകയും സര്‍ക്കാര്‍ നിശ്ചയിച്ച ന്യായ വില ഉറപ്പാക്കുകയുമാണ് പ്രാഥമിക സഹകരണ ബാങ്കുകള്‍ ചെയ്യേണ്ടത്. ഗ്രാമീണ്‍ മാര്‍ക്കറ്റുകള്‍, പച്ചക്കറി ശേഖരണ കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതിന് നാലുകോടിരൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്. കാര്‍ഷിക ഉല്‍പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, വിപണനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് രണ്ടുകോടിയും നീക്കിവെച്ചിട്ടുണ്ട്.
സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാകണം കാര്‍ഷിക വായ്പ സംഘങ്ങള്‍ പദ്ധതി തയ്യാറാക്കേണ്ടത്. ഇങ്ങനെ തയ്യാറാക്കിയ 27 സഹകരണ ബാങ്കുകളുടെ പദ്ധതികളാണ് സഹകരണ സംഘം രജിസ്ട്രാര്‍ ശുപാര്‍ശ ചെയ്ത് സര്‍ക്കാരിലേക്ക് അയച്ചത്. ഇതിന് പണം അനുവദിക്കാനാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍നിന്ന് തന്നെ ഈ പണം അനുവദിക്കാമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
[mbzshare]