പ്രവാസി മലയാളികള്‍ക്കായി പുതിയ സഹകരണ സംഘം

[email protected]

പ്രവാസി മലയാളികളെ അംഗങ്ങളാക്കി സഹകരണ സംഘം തുടങ്ങാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ലോക കേരള സഭാ സെക്രട്ടറിയേറ്റിന്റെ ശുപാര്‍ശ അനുസരിച്ചാണ് തീരുമാനം. കേരള സഹകരണ സംഘം നിയമം അനുസരിച്ച് സംസ്ഥാനത്തിന് പുറത്ത് പ്രവര്‍ത്തനപരിധിയാക്കി സഹകരണ സംഘം രജിസ്റ്റര്‍ ചെയ്യാനാവില്ല. അതിനാല്‍, പ്രവാസികള്‍ക്കുള്ള സഹകരണ സംഘം രൂപവത്കരിക്കുന്നതിന് സഹകരണ നിയമത്തില്‍ ഭേദഗതി വരുത്തേണ്ടിവരും.

ലോകത്താകെയുള്ള മലയാളികളുടെ സമ്പത്തും വൈദഗ്ധ്യവും നാടിന്റെ വികസനത്തിനായി ഉപയോഗിക്കുക എന്ന ലക്ഷ്യവുമായാണ് സര്‍ക്കാര്‍ ലോക കേരള സഭ രൂപീകരിച്ചിട്ടുള്ളത്. 2018 ജനുവരി 12, 13 തീയതികളിലായാണ് ലോക കേരള സഭയുടെ ആദ്യ സമ്മേളനം നടന്നത്. ഈ സമ്മേളനത്തില്‍ ലോക കേരള സഭയ്ക്ക് സെക്രട്ടറിയേറ്റും സ്റ്റാന്റിങ് കമ്മിറ്റികളും രൂപവത്കരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി സെക്രട്ടറിയേറ്റും വിഷയ മേഖലകളെ അടിസ്ഥാനമാക്കി ഏഴ് സ്റ്റാന്റിങ് കമ്മിറ്റികളും രൂപവത്കരിച്ചു. ഈ കമ്മിറ്റികളുടെ അധ്യക്ഷന്മാര്‍ വിവിധ മേഖലകളില്‍ നടപ്പാക്കേണ്ട കാര്യങ്ങളുള്‍പ്പെടുത്തി 48 ശുപാര്‍ശകള്‍ ലോക കേരള സഭ സെക്രട്ടറിയേറ്റിന് നല്‍കിയിരുന്നു. ഇതിലൊന്നാണ് പ്രവാസി മലയാളികള്‍ക്ക് വേണ്ടി സഹകരണ സംഘം രൂപവത്കരിക്കണമെന്നത്.

കേരളത്തില്‍ തിരികെ എത്തുന്ന പ്രവാസികളെ അംഗങ്ങളാക്കി നിരവധി സഹകരണ സംഘങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, അത്തരത്തിലൊന്നാവില്ല ലോക കേരള സഭാ സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശമനുസരിച്ച് രൂപീകരിക്കുന്ന സഹകരണ സംഘം. ലോകത്തിന്റെ ഏത് ഭാഗത്തും പ്രവാസികളായവര്‍ക്ക് അംഗമാകാവുന്ന വിധത്തിലായിരിക്കും പുതിയ സഹകരണ സംഘം. എന്‍.ആര്‍.ഐ. ബാങ്ക് രൂപവത്കരിക്കണമെന്ന ശുപാര്‍ശയും ലോക കേരള സഭാ സെക്രട്ടറിയേറ്റ് നല്‍കിയിരുന്നു. ഇത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. അതിനാല്‍, ബാങ്കിന്റെ ലക്ഷ്യം കൂടി നിറവേറ്റാന്‍ പാകത്തിലുള്ള സഹകരണ സംഘമായിരിക്കും രൂപവത്കരിക്കുക.

1.30 ലക്ഷം കോടിരൂപ കേരളത്തില്‍ പ്രവാസികളുടെ നിക്ഷേപമായി ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇതുമുഴുവന്‍ സ്വകാര്യ വാണിജ്യ ബാങ്കുകളിലാണ്. കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് പ്രവാസി നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയില്ല. ചില ജില്ലാ ബാങ്കുകള്‍ക്ക് മാത്രമാണ് അത്തരത്തിലുള്ള അനുമതിയുള്ളത്. ഈ കടമ്പ മറികടക്കാന്‍ പ്രവാസി സഹകരണ സംഘത്തിലൂടെ കഴിയുമോയെന്നതാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. അംഗങ്ങള്‍ക്ക് മാത്രമായി നിക്ഷേപവും വായ്പയും പരിമിതപ്പെടുത്തിയുള്ള ധനകാര്യ ഇടപാടിന് റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമുണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *

Latest News