പെന്‍ഷന്‍കാരുടെ പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തി സഹകരണ പെന്‍ഷന്‍ബോര്‍ഡ് പുനസംഘടിപ്പിച്ചു  

moonamvazhi

സംസ്ഥാന സഹകരണ പെന്‍ഷന്‍ബോര്‍ഡ് പുനസംഘടിപ്പിച്ചു. സഹകരണ മേഖലയിലെ പെന്‍ഷന്‍കാരുടെ പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തിയാണ് പുനസംഘടന. പെന്‍ഷനേഴ്‌സ് സംഘടനയുടെ ഏറെക്കാലമായുള്ള ആവശ്യമാണിത്. പെന്‍ഷന്‍ പരിഷ്‌കരണത്തിലെ അപാകത ചൂണ്ടിക്കാട്ടി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയപ്പോഴും ബോര്‍ഡ് ഭരണസമിതിയില്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കൂടി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഹൈക്കോടതി നിര്‍ദ്ദേശാനുസരണം സര്‍ക്കാര്‍ നടത്തിയ ഹിയിറിങ്ങില്‍ ബോര്‍ഡ് സെക്രട്ടറി ഇതിനെ ശക്തമായി എതിര്‍ത്തു. അതോടെയാണ് നടക്കാതെ പോയത്.

ജില്ലാസഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ബോര്‍ഡും പുനസംഘടിപ്പിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നത്. ഇതിനായി സഹകരണ പെന്‍ഷന്‍ സ്‌കീം മാന്വല്‍ ഭേദഗതി ചെയ്തു. 13 അംഗങ്ങളാണ് ഇനി ഭരണസമിതിയില്‍ ഉണ്ടാവുക. ഇവരെയെല്ലാം സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്നതാകും. അഞ്ചുപേര്‍ സംസ്ഥാന സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഏഴുപേര്‍ സ്ഥാപനങ്ങളുടെയും പ്രതിനിധികളാകും. ഒരാള്‍ പെന്‍ഷന്‍കാരുടെ പ്രതിനിധിയും.

ജീവനക്കാരുടെ പ്രതിനിധികളില്‍ കേരളബാങ്കിലെ ജീവനക്കാരില്‍നിന്ന് രണ്ടുപേരും പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാരില്‍നിന്ന് മൂന്നുപേരുമുണ്ടാകും. മാനേജ്‌മെന്റ് പ്രതിനിധികളില്‍ കേരളബാങ്കിന്റെ രണ്ടുപ്രതിനിധികളും പ്രാഥമിക സഹകരണ സംഘങ്ങളുടെ ഭരണസമിതികളെ പ്രതിനിധീകരിച്ച് അഞ്ചുപേരം ഉണ്ടാകും.

പെന്‍ഷന്‍ബോര്‍ഡില്‍ പെന്‍ഷന്‍കാരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് പെന്‍ഷന്‍ പദ്ധതിയുടെ നിലനില്‍പ് തന്നെ അപകടത്തിലാക്കുമെന്നായിരുന്നു നേരത്തെ ബോര്‍ഡ് സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചിരുന്നു. പെന്‍ഷന്‍കാര്‍ തന്നെ പെന്‍ഷന്‍ നിശ്ചയിക്കുന്ന സ്ഥിതിവന്നാല്‍ ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെയുള്ള തീരുമാനങ്ങളുണ്ടാകാനുള്ള സാധ്യത ഏറെയാണ്. നിലവില്‍ പെന്‍ഷന്‍ ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലമാണ്. മാത്രവുമല്ല, സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ പ്രതിനിധികള്‍ ബോര്‍ഡില്‍ അംഗങ്ങളാണ്. ഇവരെല്ലാം ഭാവിയില്‍ പെന്‍ന്‍കാരായി മാറുന്നവരുമാണ്. അതിനാല്‍, പെന്‍ഷന്‍കാരെ ബോര്‍ഡില്‍ അംഗങ്ങളാക്കിയാലേ അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടൂവെന്ന വാദം യുക്തിസഹമല്ലെന്നായിരുന്നു ബോര്‍ഡ് സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചത്. എന്നാല്‍, അസോസിയേഷന്റെ ആവശ്യം അംഗീകരിക്കുന്ന രീതിയിലേക്ക് പെന്‍ഷന്‍കാരുടെ പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ പുനസംഘടന ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News