പുതിയ സഹകരണ നിക്ഷേപപദ്ധതിവരുന്നു; കുടുംബത്തിനൊരു കരുതല്‍ധനം
സഹകരണ സംഘങ്ങളിലും ബാങ്കുകളിലും പുതിയ നിക്ഷേപ പദ്ധതി തുടങ്ങാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. മുറ്റത്തെ മുല്ലയെന്ന ജനകീയ വായ്പാപദ്ധതിയുടെ മാതൃകയാണ് നിക്ഷേപ പദ്ധതിയിലും സ്വീകരിച്ചത്. ‘കുടുംബത്തിനൊരു കരുതല്‍ ധനം’ എന്ന പേരിലുള്ളതാകും നിക്ഷേപ പദ്ധതി. സഹകരണ സംഘങ്ങളുടെ ജനകീയ മുഖം ശക്തമാക്കുകയെന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്.
പ്രകൃതി ദുരന്തം, മഹമാരി, കുടുംബത്തിലുണ്ടാകുന്ന മാരകരോഗങ്ങള്‍സ മരണം-വിവാഹം തുടങ്ങിയ അത്യാവശ്യ സന്ദര്‍ഭങ്ങളിലെ സാമ്പത്തിക ആവശ്യങ്ങള്‍ എന്നിവ നിറവേറ്റുന്നതിനുള്ള നിക്ഷേപ പദ്ധതിയാണിത്. സര്‍ക്കാരിന്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായാണ് സഹകരണ വകുപ്പ് പുതിയ നിക്ഷേപ പദ്ധതി അവതരിപ്പിക്കുന്നത്. സാധാരണക്കാരുടെ കുടുംബത്തിന് സമൂഹ്യ-സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇതിന്റെ കരട് പദ്ധതി മാതൃക സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതിന് തത്വത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. പാലക്കാട് ജില്ലയിലാണ് പൈലറ്റ് പദ്ധതിയായി ഇത് നടപ്പാക്കുക. ‘മുറ്റത്തെ മുല്ല’ എന്ന ജനകീയ വായ്പ പദ്ധതിയും പാലക്കാട് ജില്ലയിലാണ് ആദ്യം സഹകരണ വകുപ്പ് നടപ്പാക്കിയത്. ഇതിന് ശേഷമാണ് സംസ്ഥാനത്താകെ വ്യാപിപ്പിച്ചത്. അടിയന്തര സാമ്പത്തിക ആവശ്യത്തിന് വട്ടിപ്പലിശക്കാരെ ആശ്രയിക്കുന്ന സാധാരണജനങ്ങളുടെ ശീലം മാറ്റിയെടുക്കുകയായിരുന്നു മുറ്റത്തെ മുല്ലയുടെ ലക്ഷ്യം. ഇത് ഒരു പരിധിവരെ വിജയകരമായിരുന്നു.
രോഗവും ദുരന്തവും ഒരു കുടുംബത്തിനുണ്ടാക്കുന്ന ആഘാതം വലുതാണ്. ഇത്തരം പ്രതിസന്ധികളെ നേരിടാനുള്ള ഒരു കരുതല്‍ നിക്ഷേപ പദ്ധതി ഓരോ കുടുംബത്തിനും ഉണ്ടാക്കിയെയടുക്കുകയാണ് പുതിയ സഹകരണ ദൗത്യമായി ഏറ്റെടുത്തിട്ടുള്ളത്. എത്രതുകവേണെങ്കിലും ഇടയ്ക്കിടെ നിക്ഷേപിക്കാവുന്ന വിധത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.