പുതിയ നിയന്ത്രണങ്ങള്‍ മില്‍മയെ പ്രതിസന്ധിയിലാക്കും – എറണാകുളം മേഖലാ ചെയര്‍മാന്‍

Deepthi Vipin lal

ട്രിപ്പിള്‍ ലോക് ഡൗണില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ മില്‍മയെ പ്രതിസന്ധിയിലാക്കുമെന്നു മില്‍മ എറണാകുളം മേഖലാ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡ് – 19 സംബന്ധിച്ച നിയന്ത്രണങ്ങളില്‍ നിന്നു മില്‍മയെയും ക്ഷീര മേഖലയെയും അവശ്യസേവന വിഭാഗത്തില്‍പ്പെടുത്തി ഇതുവരെ ഒഴിവാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ക്ഷീര സംഘങ്ങളില്‍ പാല്‍ സംഭരിക്കുന്നതിനുള്ള സമയം കുറയ്്ക്കുകയും സംസ്‌കരണത്തിനും വിതരണത്തിനും പ്രായോഗികമല്ലാത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന പാല്‍ ലക്ഷക്കണക്കായ ഉപഭാക്താക്കള്‍ക്ക് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് അതതുദിവസം വിതരണം ചെയ്‌തെങ്കില്‍ മാത്രമേ അടുത്തദിവസം കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പാല്‍ സംഭരിക്കാന്‍ സാധിക്കുകയുള്ളു. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം വില്‍പ്പനകേന്ദ്രങ്ങള്‍ തുറക്കുക എന്നതടക്കം ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ മൂലം പാല്‍ വില്‍പ്പന പകുതിയായി കുറഞ്ഞിരിക്കുകയാണ്. പാല്‍ സംഭരണമാകട്ടെ കുതിച്ചുയരുകയും ചെയ്തിരിക്കുന്നു. അധികം വരുന്ന പാല്‍ പൊടിയാക്കാന്‍ സംസ്ഥാനത്തിനകത്തും പുറത്തും അയക്കാനും സാധിക്കുന്നില്ല.

ഈ നില തുടര്‍ന്നാല്‍ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പാല്‍ മുഴുവന്‍ സംഭരിക്കാന്‍ മില്‍മക്ക് കഴിയാതെവരും. അതുകൊണ്ട് മുന്‍കാലങ്ങളിലേതുപോലെ പാല്‍ സംഭരണവും വിതരണവുമായി ബന്ധപ്പെട്ട് മില്‍മയെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും നിയന്ത്രണങ്ങളില്‍നിന്നു ഒഴിവാക്കണം – ജോണ്‍ തെരുവത്ത് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ക്ഷീര വികസന വകുപ്പ് ഡയരക്ടര്‍, മില്‍മ ചെയര്‍മാന്‍, മില്‍മ മാനേജിങ് ഡയരക്ടര്‍ എന്നിവരോടും ജോണ്‍ അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News