പുതിയ അര്‍ബന്‍ ബാങ്കുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രം അനുവദിക്കണം – സഹകാര്‍ ഭാരതി

പുതിയ അര്‍ബന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ട് രണ്ടു പതിറ്റാണ്ടിലധികമായെന്നു രണ്ടു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ സഹകാര്‍ ഭാരതി നേതാക്കള്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് അര്‍ബന്‍ ബാങ്കുകളുടെ എണ്ണം വളരെ കുറവാണ്. ഒരു അര്‍ബന്‍ ബാങ്ക് പോലുമില്ലാത്ത നിരവധി സംസ്ഥാനങ്ങളും ജില്ലകളും രാജ്യത്തുണ്ട്- നേതാക്കള്‍ അറിയിച്ചു. വലിയ വായ്പാ സഹകരണ സംഘങ്ങളെ സ്വയമേവ അര്‍ബന്‍ ബാങ്കുകളായി മാറാന്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണമെന്ന നിര്‍ദേശവും നേതാക്കള്‍ മന്ത്രിയുടെ മുന്നില്‍വെച്ചു.

ഗ്രാമീണ വായ്പാ വിതരണകാര്യത്തില്‍ പ്രാദേശിക വിഭവങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പ്രാഥമിക വായ്പാ സംഘങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ജില്ലാ സഹകരണ ബാങ്കുകളെയും സര്‍വീസ് ബാങ്കുകളെയും ആശ്രയിക്കുന്നത് നിയന്ത്രിക്കണമെന്നും സഹകാര്‍ ഭാരതി ആവശ്യപ്പെട്ടു. ക്ഷീര മേഖലയില്‍ രാജ്യത്തു മൂന്നര ലക്ഷം പ്രാഥമിക സംഘങ്ങളുണ്ടെങ്കിലും ഇവയില്‍ 1.4 ലക്ഷം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു. ദേശീയ ക്ഷീര വികസന ബോര്‍ഡിനു ധനസഹായം നല്‍കി ക്ഷീര മേഖലയ്ക്കായി പത്തു വര്‍ഷത്തെ വികസന പദ്ധതി തയാറാക്കണം – സംഘടന നിര്‍ദേശിച്ചു.

സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കായി സര്‍ക്കാര്‍ ഇടപെടണമെന്നു സംഘടന ആവശ്യപ്പെട്ടതായി സഹകാര്‍ ഭാരതിയുടെ സ്ഥാപകാംഗങ്ങളിലൊരാളായ സതീഷ് മറാത്തെ പറഞ്ഞു. മറാത്തെക്കു പുറമേ ജ്യോതീന്ദ്ര മേത്ത, ഡി.എന്‍. താക്കൂര്‍, സഞ്ജയ് പച്‌പോര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സഹകരണ സംഘങ്ങള്‍ക്കെതിരെ ചുമത്തുന്ന നികുതി, സഹകാരികളുടെ പരിശീലനം തുടങ്ങിയ വിഷയങ്ങളും അവര്‍ ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
