പാല്‍വില കൂട്ടണം എന്നാവശ്യപ്പെട്ട് മധുര ജില്ലയില്‍ ക്ഷീര സംഘങ്ങള്‍ സമരത്തിലേക്ക്  

moonamvazhi

പാലിന്റെ സംഭരണവില വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ മധുര ജില്ലയിലെ സഹകരണ ക്ഷീരോല്‍പ്പാദക യൂണിയനുകള്‍ സമരരംഗത്തിറങ്ങാന്‍ പോവുകയാണെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പാല്‍വില ലിറ്ററിന് ഇപ്പോഴത്തെ 35 രൂപയില്‍ നിന്നു 42 രൂപയാക്കിയില്ലെങ്കില്‍ മാര്‍ച്ച് 11 മുതല്‍ ആവിന്‍ മില്‍ക്ക് സഹകരണസംഘത്തിനു പാലളക്കില്ലെന്ന നിലപാടിലാണു ക്ഷീര കര്‍ഷകര്‍.

ജില്ലയിലെ രണ്ടു പ്രമുഖ സഹകരണ ക്ഷീരോല്‍പ്പാദക യൂണിയനുകളിലെ നേതാക്കള്‍ ജില്ലാ കളക്ടര്‍ അനീഷ് ശേഖറെക്കണ്ട് തങ്ങളുടെ ആവശ്യങ്ങളടങ്ങിയ നിവേദനം നല്‍കിയിട്ടുണ്ട്. ഒന്നുകില്‍ സംഭരണവില ലിറ്ററിനു 42 രൂപയാക്കണം. അല്ലെങ്കില്‍ ഏഴു രൂപ ഇന്‍സെന്റീവായി പ്രഖ്യാപിക്കണം. ഇതാണു ക്ഷീരകര്‍ഷകരുടെ ആവശ്യം. 2022 ഒക്ടോബറില്‍ ക്ഷീരോല്‍പ്പാദക യൂണിയനുകള്‍ പത്തു രൂപ വര്‍ധന ആവശ്യപ്പെട്ടിരുന്നു. അന്നു നിലവിലുണ്ടായിരുന്ന വിലയില്‍ മൂന്നു രൂപ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ 35 രൂപയാക്കിക്കൊടുത്തു. ഈ തുച്ഛമായ വര്‍ധനവില്‍ ക്ഷീരകര്‍ഷകര്‍ സംതൃപ്തരല്ല.

സംസ്ഥാനത്തു സ്വകാര്യ ഏജന്‍സികള്‍ പാല്‍ ലിറ്ററിനു 45 രൂപ എന്ന തോതിലാണു സംഭരിക്കുന്നതെന്നു തമിഴ്‌നാട് ക്ഷീരോല്‍പ്പാദക യൂണിയന്റെ മധുര ജില്ലാ പ്രസിഡന്റ് വെണ്‍മണി ചന്ദ്രന്‍ പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ സഹകരണസ്ഥാപനമായ ആവിന്‍ സൊസൈറ്റി വിപണിവിലയിലും കുറച്ചാണു പാല്‍ സംഭരിക്കുന്നത്. സ്വകാര്യ ഏജന്‍സികള്‍ക്കു പാല്‍ വില്‍ക്കണമെന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടും തങ്ങളതു ചെയ്യാത്തതു ആവിന്‍ സൊസൈറ്റിയിലുള്ള വിശ്വാസം കാരണമാണ് – വെണ്‍മണി ചന്ദ്രന്‍ പറഞ്ഞു.

കേരളത്തില്‍ മില്‍മ ഒരു ലിറ്റര്‍ പാലിനു 46 രൂപയും പുതുച്ചേരി ക്ഷീര സഹകരണസംഘം 38 രൂപയും കര്‍ഷകര്‍ക്കു നല്‍കുന്നുണ്ടെന്നു തമിഴ്‌നാട് ക്ഷീരോല്‍പ്പാദക ക്ഷേമ യൂണിയന്റെ ഖജാന്‍ജി കെ. ഇമ്പരാജ് ചൂണ്ടിക്കാട്ടി. തൊട്ടടുത്തുള്ള സംസ്ഥാനങ്ങളിലെ അവസ്ഥ പരിശോധിച്ച് പാല്‍വില കൂട്ടാന്‍ സര്‍ക്കാര്‍ തയാറാവണം- അദ്ദേഹം ആവശ്യപ്പെട്ടു. മധുര ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്കു മാത്രമായി വര്‍ധന അനുവദിക്കാന്‍ സര്‍ക്കാരിനാവില്ലെന്നും മൊത്തം സംസ്ഥാനത്തിനു ബാധകമാവുന്ന വര്‍ധനവേ വരുത്താനാവൂ എന്നും ആവിന്‍ ക്ഷീര സഹകരണസംഘം മധുര ജില്ലാ ജനറല്‍ മാനേജര്‍ ടി.ഡി.ആര്‍. ശാന്തി അറിയിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പാലുല്‍പ്പാദിപ്പിക്കുന്ന പത്തു സംസ്ഥാനങ്ങളിലൊന്നാണു തമിഴ്‌നാട്. ദിവസവും 206 ലക്ഷം ലിറ്റര്‍ പാല്‍ സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇതില്‍ ക്ഷീരോപ്പാദക സഹകരണസംഘങ്ങള്‍ക്കു വലിയൊരു പങ്കുണ്ട്. സംസ്ഥാനത്തു 12,585 ക്ഷീരോല്‍പ്പാദക സഹകരണസംഘങ്ങളുണ്ട്. ഇവയിലെല്ലാംകൂടി 20.3 ലക്ഷം ക്ഷീരകര്‍ഷകര്‍ അംഗങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News