പറവൂര്‍ വടക്കേക്കര ബാങ്കിന്റെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്ക് സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എ.ബി.മനോജ് നിര്‍വ്വഹിച്ചു.
ചടങ്ങില്‍ കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍ എന്നിവരെ ആദരിക്കുകയും നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്യുകയും ചെയ്തു. ഓണത്തിന് ഒരു മുറം പച്ചക്കറിയുടെ ഭാഗമായി ജെ.എല്‍. ജി. സംരംഭകര്‍ക്ക് പച്ചക്കറിതൈകള്‍ സൗജ്യന്യമായി വിതരണം ചെയ്തു.
ബാങ്കിന്റെ പ്രവര്‍ത്തന പരിധിയിലുള്ള 3500 വീടുകളില്‍ പച്ചക്കറി വിത്തുകള്‍ സൗജന്യമായി എത്തിക്കും. നാളെ മുതല്‍ (ജൂണ്‍ 25 ) ബാങ്കിന്റെ കാര്‍ഷിക സേവന കേന്ദ്രത്തില്‍ നിന്നുള്ള ‘ ഞാറ്റുവേല വണ്ടി ‘ ഫലവൃക്ഷതൈകള്‍, പച്ചക്കറി തൈകള്‍, പൂച്ചെടികള്‍ എന്നിവയുമായി ഒരാഴ്ച്ചക്കാലം ബാങ്കിന്റെ പരിധിയിലുള്ള കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കും. പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ മേല്‍ പറഞ്ഞ തൈകള്‍ വാങ്ങാം. കൂടാതെ തിരുവോണത്തെ വരവേല്‍ക്കാന്‍ ‘സുസ്മിതം’ ബെന്തി പൂകൃഷി ബാങ്ക് ആരംഭിച്ചു. തിങ്കളാഴ്ച്ച (ജൂണ്‍ 28 ) പൊക്കാളി വിത്തിടലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കരനെല്ല്, പച്ചക്കറി വിത്തിടലും നടത്തുമെന്നു ബാങ്ക് പ്രസിഡന്റ് പറഞ്ഞു.
ബാങ്ക് ഭരണ സമിതി അംഗം എ.എന്‍.സൈനന്‍ അദ്ധ്യക്ഷത വഹിച്ചു. ബാങ്കിന്റെ കാര്‍ഷികോപദേഷ്ടാവ് കെ.വി.പ്രകാശന്‍ ഗ്രാമീണ കൃഷിയെക്കുറിച്ച് ക്ലാസ്സെടുത്തു. ബാങ്ക് സെക്രട്ടറി കെ. എസ്. ജയ്‌സി, ഭരണസമിതി അംഗങ്ങള്‍, സഹകാരികള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. കെ. എസ്. ജനാര്‍ദ്ദനന്‍ സ്വാഗതവും ഗിരിജ അജിത്ത് നന്ദിയും പറഞ്ഞു.