പരിസ്ഥിതി സൗഹൃദ യാത്രയ്ക്കായി ഇനി ഇ- ഓട്ടോ
യാത്ര സുഗമവും സുഖകരവുമാക്കാന്‍ കൊച്ചി നഗരത്തില്‍ ഇനി ഇലക്ട്രിക് ഓട്ടോറിക്ഷകളും ‘ഓസ പൈലറ്റു’മാരും. കൊച്ചി നഗരസഭ പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന്റെ ഭാഗമായി നിരത്തിലിറക്കിയതാണ് ഇ-ഓട്ടോറിക്ഷകള്‍. സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കൊച്ചിയെ പരിസ്ഥിതി സൗഹൃദ നഗരമാക്കാനുള്ള മികച്ച പദ്ധതിയാണ് ഇ- ഓട്ടോറിക്ഷകളെന്ന് സഹകരണമന്ത്രി വി.എന്‍. വാസവന്‍ അഭിപ്രായപ്പെട്ടു. പ്രത്യയശാസ്ത്രങ്ങളും കൊടിയുടെ നിറഭേദങ്ങളും സഹകരണ മേഖലയ്ക്ക് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.
ജി.ഐ.ഇ.സെ.ഡി ന്റെ സ്മാര്‍ട്ട് എ.സ്.യു.ടി, യു.എന്‍. ഹാബിറ്റാറ്റിന്റെ അര്‍ബന്‍ പാത്വേയ്‌സ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് സഹകരണ സംഘത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓട്ടോ ഒന്നിന് 50,000 രൂപയാണ് സബ്‌സിഡി. 80 ഓട്ടോകള്‍ക്കുള്ള സബ്‌സിഡി ജി.ഐ.ഇ.സെ ഡും 20 ഓട്ടോകള്‍ക്കുള്ള സബ്‌സിഡി യ.എന്‍ ഹാബിറ്റാറ്റുമാണ് നല്‍കുന്നത്.
ഓസ പൈലറ്റുമാര്‍ എന്നാണ് ഇ-ഓട്ടോ ഡ്രൈവര്‍മാര്‍ അറിയപ്പെടുന്നത്. ഇവര്‍ക്ക് പ്രത്യേകം യൂണിഫോമുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലാണ് സര്‍വീസ്. യാത്രക്കാര്‍ക്ക് നേരിട്ടും ഓണ്‍ലൈനായും പണം നല്‍കാം. ബുക്ക് ചെയ്യാന്‍ ഓസ ആപ്പുമുണ്ട്. അഞ്ച് ചാര്‍ജിങ് സ്റ്റേഷനുകളും സജ്ജമാക്കി.100 ഇലക്ട്രിക് ഓട്ടോറിക്ഷകളാണ് ഇറക്കുന്നത്. ആദ്യഘട്ടമെന്നനിലയില്‍ വിതരണം ചെയ്തത് 30 എണ്ണമാണ്.
ഓസ ആപ് ഹൈബി ഈഡന്‍ എം.പി. പ്രകാശിപ്പിച്ചു. ചാര്‍ജിങ് സ്റ്റേഷന്‍ ഉദ്ഘാടനം ടി.ജെ. വിനോദ് എം.എല്‍.എയും ഡ്രൈവര്‍മാര്‍ക്കുള്ള കിറ്റ് വിതരണം ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയയും നിര്‍വഹിച്ചു. ജര്‍മന്‍ ഇക്കണോമിക് ആന്‍ഡ് ഡെവലപ്‌മെന്റ് എംബസി ഡെപ്യൂട്ടി ഹെഡ് ഡര്‍ക്ക് സ്റ്റെഫ്സ് എണ്‍, സ്റ്റാന്‍ഡിങ് സമിതി ചെയര്‍മാന്‍മാരായ പി.ആര്‍. റെനീഷ്, എം.എച്ച്.എം അഷറഫ്, പ്രിയ പ്രശാന്ത്, വി.എ. ശ്രീജിത്, ഓട്ടോറിക്ഷ തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് എം.ബി. സ്യമന്തഭദ്രന്‍, സെക്രട്ടറി കെ.കെ. ഇബ്രാഹിംകുട്ടി എന്നിവര്‍ സംസാരിച്ചു.