പരിഷ്‌കരണം വിനാശത്തിനാവരുത്

Deepthi Vipin lal

സഹകരണ മേഖല പ്രതിസന്ധികളിലൂടെയാണു കടന്നുപോകുന്നതെന്നു സഹകാരികള്‍ പറയാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍, സാമ്പത്തിക നയത്തിലുള്ള മാറ്റം, ആവര്‍ത്തിച്ചുള്ള പ്രകൃതിദുരന്തങ്ങള്‍ എന്നിവയെല്ലാം ഇതിനു കാരണമാണ്. ഈ പ്രതിസന്ധികള്‍ക്കിടയില്‍ സഹകരണ മേഖലയില്‍ വലിയ പരിഷ്‌കരണവും അതിലൂടെ കാര്യമായ പരിവര്‍ത്തനവും സാധ്യമാക്കാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. ഇതു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നാണ്. ഇതെല്ലാം, സഹകരണ സംഘങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനും സഹകരണ പ്രസ്ഥാനത്തിന്റെ നവീകരണത്തിനുമുള്ളതാണോയെന്ന ചോദ്യം പ്രസക്തമാണ്. കരുവന്നൂര്‍ സഹകരണ ബാങ്കിലുണ്ടായ പ്രശ്നങ്ങളെത്തുടര്‍ന്നാണു സഹകരണ വകുപ്പില്‍ പരിഷ്‌കരണത്തിന്റെ ചുവട് തുടങ്ങിയത്. സഹകരണ സംഘങ്ങളുടെ ഓഡിറ്റ് റിപ്പോര്‍ട്ടുകളെല്ലാം പൊതുജനങ്ങള്‍ക്കു കിട്ടുന്നവിധം പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവന്നതാണ് ആദ്യത്തേത്. ജനകീയ സ്ഥാപനങ്ങളായ സഹകരണ സംഘങ്ങളില്‍ സുതാര്യത ഉറപ്പാക്കാനാണ് ഈ നടപടി എന്നാണു സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍, ഒരു സഹകരണ സ്ഥാപനത്തിലെ അംഗങ്ങള്‍ക്കു മാത്രമുള്ള അവകാശം പൊതുജനമധ്യത്തില്‍ വിചാരണയ്ക്കു വെക്കുന്നത് ഉചിതമായോ എന്ന ചോദ്യം സഹകാരികള്‍ ഉയര്‍ത്തുന്നുണ്ട്. സുതാര്യത വേണമെന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. പക്ഷേ, എല്ലാവര്‍ക്കും മുമ്പില്‍ കണക്കുകള്‍ തുറന്നുവെക്കുന്ന രീതി തെറ്റായി ഉപയാഗിക്കപ്പെടാനിടയാകും. മാത്രവുമല്ല, ഇങ്ങനെ തുറന്നുവെച്ചതുകൊണ്ട് എല്ലാം ശരിയായി എന്നു കരുതാനുമാവില്ല.

ഇനി സഹകരണ നിയമത്തിന്റെ സമഗ്ര പരിഷ്‌കരണത്തിന്റെ ഊഴമാണ്. ഇതില്‍ കേന്ദ്രവും സംസ്ഥാനവും തിരക്കിട്ട നടപടികളാണ് എടുക്കുന്നത്. സംസ്ഥാന നിയമത്തിനു കീഴില്‍ മാത്രം വരുന്ന പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കു കേന്ദ്രം മാതൃകാ നിയമാവലി തയാറാക്കുന്നു. രാജ്യത്താകെയുള്ള കാര്‍ഷിക സംഘങ്ങളെയെല്ലാം ഏകീകൃത സോഫ്റ്റ്‌വെയറിലൂടെ കേന്ദ്രം ഒരു ശൃംഖലയ്ക്കു കീഴിലാക്കുന്നു. ഇത്തരം സംഘങ്ങളുടെ ഡാറ്റകളെല്ലാം കേന്ദ്ര സര്‍വറിലേക്കു മാറ്റണമെന്നു നിര്‍ദേശം വരുന്നു. ഇവയ്ക്കു കേന്ദ്രതലത്തില്‍ അപക്‌സ് ബാങ്കുണ്ടാക്കുന്നു. ഇതെല്ലാമാണു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍. ഇതിനുപുറമെയാണു സംസ്ഥാനത്തിന്റെ പരിഷ്‌കാരം. നിയമം അടിമുടി മാറ്റാനുള്ള കരട് തയാറാക്കിയെന്നാണു പുറത്തുവരുന്ന വാര്‍ത്തകള്‍. അതില്‍ ഭരണസമിതി അംഗങ്ങള്‍ക്കു രണ്ടു ടേം നിബന്ധന കൊണ്ടുവരികയാണ്. സ്വാശ്രയ സ്വയംഭരണ സ്ഥാപനമായ ഒരു സഹകരണ സംഘത്തിലെ അംഗത്തിന്റെ അവകാശമാണ് അതിന്റെ ഭരണസമിതിയിലേക്കു മത്സരിക്കുക എന്നത്. ഇതില്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നതു സഹകരണ സ്വാശ്രയത്വവും ജനാധിപത്യവും ഇല്ലാതാക്കുന്ന രീതിയാണ്. ഒരു വ്യക്തിതന്നെ സഹകരണ സംഘങ്ങളുടെ ഭരണസമിതിയില്‍ സ്ഥിരമായി തുടരുന്നത് അനഭിലഷണീയ പ്രവണതകള്‍ക്കു വഴിവെക്കുമെന്ന വിലയിരുത്തലാണ് ഈ വ്യവസ്ഥ കൊണ്ടുവരാന്‍ കാരണം. ഇതുവരെ കണ്ടുപിടിച്ച തട്ടിപ്പുകളൊന്നും ഈ വിലയിരുത്തല്‍ ശരിയാണെന്നു ബോധ്യപ്പെടുത്തുന്നില്ല. മറിച്ച്, സഹകരണ പ്രസ്ഥാനത്തിനുവേണ്ടി ജീവിതത്തിന്റെ നല്ലൊരു ഭാഗം മാറ്റിവെച്ച എത്രയോ സഹകാരികള്‍ ഇവിടെ പടുത്തുയര്‍ത്തിയ സ്ഥാപനങ്ങള്‍ അനവധിയാണ്. ആ സംഘങ്ങള്‍കൊണ്ട് അവര്‍ ഒന്നും നേടിയിട്ടില്ല. നൂറിലേറെ സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഓടിനടന്ന കാസര്‍കോട്ടെ കമ്യൂണിസ്റ്റ് നേതാവ് പി. രാഘവന്റെ മരണശേഷം ബന്ധുക്കളെ തേടിയെത്തിയത് അദ്ദേഹത്തിന്റെ കടത്തിന്റെ പേരിലുള്ള ജപ്തി നോട്ടീസാണെന്ന വാര്‍ത്തകള്‍ ഏതൊരു സഹകാരിയുടെയും ഉള്ളുലയ്ക്കും. ആ അര്‍പ്പണ ബോധത്തെ സംശയത്തില്‍ നിര്‍ത്തുന്ന നിബന്ധനയാണു സര്‍ക്കാര്‍ കൊണ്ടുവരുന്നത്. കാലത്തിനൊത്തു പരിഷ്‌കരിക്കപ്പടേണ്ടതാണു സഹകരണവും. പക്ഷേ, അത് ഈ മണ്ണിലെ സ്വാശ്രയ കൂട്ടായ്മയുടെ മൂല്യങ്ങളെ ഇല്ലാതാക്കുന്നതാകരുത്. – എഡിറ്റര്‍

Leave a Reply

Your email address will not be published. Required fields are marked *

Latest News