പതിനാലാം പദ്ധതി സഹകരണ മേഖലയുടെ പങ്കാളിത്തം തേടുന്നു
– യു.പി. അബ്ദുള്‍ മജീദ്
കേരളത്തിന്റെ സുസ്ഥിര വികസനം വിഭാവനം ചെയ്യുന്ന 14-ാം പഞ്ചവത്സര പദ്ധതിയില്‍ സഹകരണ മേഖലയിലെ വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കേരള സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി ആവിഷ്‌കരിച്ച ജനകീയാസൂത്രണത്തിനു 25 വര്‍ഷം പൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ 14-ാം പഞ്ചവത്സര പദ്ധതിക്കായി 2022 ഏപ്രില്‍ 19 നു പുറപ്പെടുവിച്ച മാര്‍ഗരേഖയിലാണു സഹകരണ മേഖലയുടെ ശക്തമായ സാമ്പത്തിക അടിത്തറ പ്രാദേശിക വികസനത്തിനു പരമാവധി ഉപയോഗിക്കാന്‍ നിര്‍ദേശിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി സംയുക്ത പ്രോജക്ടുകള്‍ ഏറ്റെടുക്കാനും പ്രാദേശിക സഹകരണ വായ്പാ നയത്തിനു രൂപം നല്‍കാനും തദ്ദേശഭരണ സ്ഥാപനങ്ങളേയും സഹകരണ സ്ഥാപനങ്ങളേയും സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതിയില്‍ സഹകരണ മേഖലക്ക് ഊന്നല്‍ നല്‍കാനുള്ള നിര്‍ദേശങ്ങളുമുണ്ട്.
പ്രവര്‍ത്തനക്ഷമതയുള്ള സഹകരണ സംഘങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാനും ആധുനികവല്‍ക്കരണം പ്രോത്സാഹിപ്പിക്കാനും സഹായം നല്‍കണം. പരമ്പരാഗത വ്യവസായ സംഘങ്ങള്‍ക്കും ക്ഷീര സംഘങ്ങള്‍ക്കുമാണ് ഈ നിര്‍ദേശം ഏറ്റവും ഗുണം ചെയ്യുക. തദ്ദേശഭരണ സ്ഥാപനങ്ങള്‍ വികസന പദ്ധതി തയാറാക്കുമ്പോള്‍ സഹകരണ മേഖലയില്‍ ധനസഹായം ആവശ്യമായ സ്ഥാപനങ്ങളെ കണ്ടെത്തി തുക മാറ്റി വെക്കണം. പരമ്പരാഗത വ്യവസായ സംഘങ്ങളുടെ വൈവിധ്യവല്‍ക്കരണവും ഇതര സംഘങ്ങളുടെ ശാക്തീകരണവും സഹകരണ മേഖലയില്‍ വിഭാവനം ചെയ്യുന്ന മുഖ്യ കാര്യപരിപാടിയായിരിക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ട്.
പ്രാദേശിക വായ്പാനയം
പ്രാദേശിക സാമ്പത്തിക വികസനത്തിനു പൂരകമായ ഒരു സഹകരണ വായ്പാനയം തദ്ദേശഭരണ സ്ഥാപനതലത്തില്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ട്. അതായത് ഓരോ പ്രദേശത്തിന്റേയും പ്രത്യേകതകള്‍ പരിഗണിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ വികസന പദ്ധതികള്‍ തയാറാക്കുമ്പോള്‍ ആവശ്യമായ മേഖലക്കു സാമ്പത്തിക സഹായം നല്‍കാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്കു കഴിയണം. ഓരോ പ്രദേശത്തിന്റെയും ആവശ്യവും ഫണ്ട് ലഭ്യതയും പരിഗണിച്ചാവണം പ്രാദേശിക വായ്പാനയം രൂപവത്കരിക്കേണ്ടത്. സഹകരണ സംഘങ്ങളുടെ വിഭവശേഷിയും അധിക വിഭവവും ഉപയോഗിച്ച് പ്രാദേശിക സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്ന കണ്‍സോഷ്യം രൂപവല്‍ക്കരിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
തദ്ദേശഭരണ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും ചേര്‍ന്നു സംയുക്ത പ്രോജക്ട് നടപ്പാക്കാമെന്ന നിര്‍ദേശവും പുതിയ മാര്‍ഗരേഖയിലുണ്ട്. നേരത്തേ ഒന്നിലധികം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും വിവിധ തലത്തിലുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും മാത്രമേ സംയുക്ത പ്രോജക്ടുകള്‍ നടപ്പാക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. വന്‍കിട കര്‍ഷിക സംരംഭങ്ങളും വ്യവസായ സംരംഭങ്ങളുമൊക്കെ തുടങ്ങാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ സഹകരണ ബാങ്കുകളുമായി കൈകോര്‍ത്താല്‍ മതി. വികസന രംഗത്തു വലിയ ചലനങ്ങളുണ്ടാക്കുന്ന തീരുമാനമാണിത്. വേണ്ടത്ര മുതല്‍ മുടക്കാന്‍ കഴിയാത്തതിനാല്‍ സംരംഭങ്ങള്‍ തുടങ്ങാനാവാത്ത പ്രാദേശിക സര്‍ക്കാറുകള്‍ക്കു സഹകരണ മേഖലയെ ആശ്രയിച്ചാല്‍ വലിയ മാറ്റങ്ങളുണ്ടാക്കാനാവും. കുടുംബശ്രീ പോലുള്ള സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളില്‍ പുതിയ നയം തൊഴില്‍ മേഖല വികസിപ്പിക്കാന്‍ സഹായിക്കും.
കൃഷി, ക്ഷീരവികസനം, മൃഗ സംരക്ഷണം, വ്യവസായം, ടൂറിസം, മറ്റു സേവനങ്ങള്‍ എന്നിവയുടെ വളര്‍ച്ചക്കു സഹകരണ സ്ഥാപനങ്ങളുടെ സാമ്പത്തിക വിഭവങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ട്. സംരഭകത്വ പദ്ധതിക്കു മുന്‍തൂക്കം നല്‍കാനും ഉപദേശിക്കുന്നു.
പുതിയ സഹകരണ സംഘങ്ങള്‍ നിര്‍ദേശിക്കുമ്പോള്‍ അതു തദ്ദേശഭരണ സ്ഥാപന പരിധിക്കുള്ളില്‍ നിലവിലില്ലാത്ത മേഖലകളുടെ പ്രവര്‍ത്തനത്തിനാണ് എന്നു ഉറപ്പു വരുത്തണമെന്ന മാര്‍ഗരേഖയിലെ നിര്‍ദേശം സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ എണ്ണപ്പെരുപ്പവും അനാവശ്യമായ മത്സരവും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ്. കൃഷി, ക്ഷീര വികസനം, പരമ്പരാഗത വ്യവസായം തുടങ്ങിയ മേഖലകളിലാണ് ഇത്തരം മത്സരം വ്യാപകമായിരിക്കുന്നത്. പരസ്പരം മത്സരിച്ച് നിലനില്‍പ്പുതന്നെ അപകടത്തിലാക്കുന്ന സംഘങ്ങള്‍ ഏറെയാണ്.
മുഴുവന്‍ അംഗങ്ങളും സ്ത്രീകളായിട്ടുള്ള സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം വനിതാ സംഘങ്ങള്‍ക്കു പ്രയോജനപ്പെടുത്താവുന്നതാണ്. ഗ്രാമപ്രദേശങ്ങളില്‍ ചെറിയ തോതില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സംഘങ്ങള്‍ക്കു തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പ്രവര്‍ത്തനം വിപുലീകരിക്കാനും പദ്ധതിത്തുക വിനിയോഗിച്ച് ആധുനികവല്‍ക്കരണത്തിനും മറ്റും ശ്രമം നടത്താനുമാവും. കേരള ബാങ്കിന്റെ വിവിധ വായ്പാ പദ്ധതികള്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയുക്തമാക്കണമെന്ന പദ്ധതിരേഖയിലെ നിലപാടും പ്രാദേശിക വികസനത്തിനുള്ള ഫണ്ട് സമാഹരണം സുഗമമാക്കും.
അതിദാരിദ്ര്യ നിര്‍മാര്‍ജനം
2022-23 വര്‍ഷര്‍ത്തില്‍ ആരംഭിക്കുന്ന 14-ാം പദ്ധതിയില്‍ നവീനമായ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള തൊഴില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കണം. സഹകരണ മേഖലയില നിക്ഷേപത്തോടെപ്പം പൊതു-സ്വകാര്യ മൂലധന നിക്ഷേപവും പ്രോത്സാഹിപ്പിക്കണം. അതിദാരിദ്യം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള പദ്ധതിക്കു നേതൃത്വം നല്‍കാനും അതിദരിദ്രരുടെ വരുമാനം, ആരോഗ്യരക്ഷ, ജീവനോപാധികള്‍, മറ്റു ഭൗതിക സാഹചര്യങ്ങള്‍ എന്നിവ ഉറപ്പാക്കാനും സൂഷ്മ പദ്ധതിക്കു രൂപം നല്‍കണം.
സുഭിക്ഷ കേരളം പദ്ധതി മികവോടെ നടപ്പാക്കാനും കാര്‍ഷികോല്‍പ്പന്നങ്ങളുടെ മൂല്യശൃംഖല വികസിപ്പിക്കാനും മൂല്യവര്‍ധിത ഉല്‍പ്പന്നാധിഷ്ഠിതമായ സംരംഭങ്ങള്‍ ആരംഭിക്കാനും പ്രോത്സാഹനം നല്‍കണം. അര്‍ഹരായ എല്ലാവര്‍ക്കും പ്രധാനപ്പെട്ട സേവനങ്ങള്‍ വാതില്പ്പടിയിലെത്തിക്കുന്നതി
14-ാം പഞ്ചവത്സര പദ്ധതിയുടെ ആരംഭത്തില്‍ തയാറാക്കുന്ന വികസന രേഖയുടെയും അതതു വര്‍ഷം പരിഷ്‌കരിക്കുന്ന അവസ്ഥാ രേഖയുടെയും അടിസ്ഥാനത്തില്‍ ഓരോ മേഖലയുടേയും വികസന കാഴ്ചപ്പാട്, നയസമീപനം, തന്ത്രം എന്നിവ വിശദമാക്കിയശേഷം നിഗമനങ്ങള്‍ കോഡീകരിച്ച് വാര്‍ഷിക പദ്ധതിയില്‍ ഉദ്ദേശിക്കുന്ന വികസന കാഴ്ചപ്പാടിനും ലക്ഷ്യങ്ങള്‍ക്കും തന്ത്രങ്ങള്‍ക്കും രൂപം നല്‍കുകയാണു ചെയ്യുന്നത്. ഈ പ്രക്രിയയിലാണു സഹകരണ മേഖലയുമായി ബന്ധപ്പെട്ടു ഫലപ്രദമായി ഇടപെടേണ്ടത്. വര്‍ക്കിങ് ഗ്രൂപ്പുകള്‍, വികസന സെമിനാര്‍, ഗ്രാമസഭ തുടങ്ങിയ വേദികളിലൊക്കെ സഹകരണ മേഖലയിലെ വിഷയങ്ങള്‍ അവതരിപ്പിക്കപ്പെടണം. സഹകരണ സ്ഥാപനങ്ങളുടെ ഇടപെടല്‍ സാധ്യതകള്‍ ബോധ്യപ്പെടുത്തണം. തദ്ദേശഭരണ സ്ഥാപനങ്ങള്‍ വായ്പാ ബന്ധിത പ്രോജക്ടുകളുടെ ലിസ്റ്റ് തയാറാക്കുമ്പോള്‍ സഹകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണം. സംയുക്ത പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തിക ഭദ്രതയുള്ള സഹകരണ സ്ഥാപനങ്ങള്‍ക്കു വിജയസാധ്യതയുള്ള സംരംഭങ്ങള്‍ കണ്ടെത്തി തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടത്താവുന്നതാണ.്