നേവല്‍ബേസ് എംപ്ലോയീസ് സംഘം ഉയരങ്ങളിലേക്ക്
2020 ജൂണ്‍ ലക്കം
വി.എന്‍. പ്രസന്നന്‍
എംപ്ലോയീസ് സഹകരണ സംഘം വിഭാഗത്തില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടിയ കൊച്ചിന്‍ നേവല്‍ ബേസ് സിവിലിയന്‍ എംപ്ലോയീസ് സഹകരണ സംഘം ആറു ദശകമായി നേട്ടങ്ങള്‍ കൈവരിച്ച് മുന്നേറുകയാണ്
സംസ്ഥാനത്ത് എംപ്ലോയീസ് സഹകരണ സംഘം വിഭാഗത്തില്‍ സംസ്ഥാന സഹകരണ വകുപ്പിന്റെ രണ്ടാം സ്ഥാനത്തിനുള്ള പുരസ്‌കാരം നേടിയ സംഘമാണു കൊച്ചിന്‍ നേവല്‍ബേസ് സിവിലിയന്‍ എംപ്ലോയീസ് സഹകരണ സംഘം 4146. ഓരോ വര്‍ഷവും നേട്ടങ്ങളില്‍നിന്നു നേട്ടങ്ങളിലേക്കു കുതിക്കുന്ന സംഘമാണിത്.
അംഗങ്ങളായിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിനായി ഡി.സി.ആര്‍.എഫ് എന്നൊരു പദ്ധതിയുണ്ട്. മരിച്ചയാളിന്റെ കുടുംബത്തിനു സംഘാംഗങ്ങളുടെ സഹായത്തോടെ രണ്ടു ലക്ഷം രൂപ നല്‍കുന്ന പദ്ധതിയാണിത്. മരിക്കുന്ന അംഗത്തിന്റെ വായ്പാബാധ്യത കുറയ്ക്കാന്‍ ഒരു ലക്ഷംരൂപ വരെ സഹായം നല്‍കാനായി മെമ്പര്‍ ഡെത്ത് റിലീഫ് ഫണ്ട് എന്ന പ്രത്യേക ഫണ്ടുമുണ്ട്.
സംഘാംഗങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ പ്രോത്സാഹനത്തിനും പരിപാടികളുണ്ട്. 10, 12 ക്ലാസുകളില്‍ മികച്ച വിജയം നേടുന്നവര്‍ക്കു ക്യാഷ് അവാര്‍ഡ് നല്‍കിവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 77 വിദ്യാര്‍ഥികള്‍ക്കായി ഈയിനത്തില്‍ 3.49 ലക്ഷം രൂപ നല്‍കി. പ്രളയ ദുരിതാശ്വാസവും സംഘം കാര്യമായി നടത്തി. പത്തു ലക്ഷം രൂപയാണു സംഘം പ്രളയ ദുരിതാശ്വാസമായി നല്‍കിയത്. സംഘം ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കുകയും ചെയ്തു.
2017-18 വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണു സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ എംപ്ലോയീസ് സഹകരണ സംഘമായി കൊച്ചിന്‍ നേവല്‍ബേസ് സിവിലിയന്‍ എംപ്ലോയീസ് സഹകരണ സംഘം തിരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്ക് ഗവണ്‍മെന്റ് സര്‍വന്റ്‌സ് സഹകരണ സംഘവുമായി ഈ അവാര്‍ഡ് കൊച്ചിന്‍ നേവല്‍ ബേസ് എംപ്ലോയീസ് സഹകരണ സംഘം പങ്കിടുകയാണുണ്ടായത്. സംഘം ഭാരവാഹികള്‍ 2019 ജൂലായ് ആറിന് എറണാകുളം ടൗണ്‍ഹാളില്‍ നടന്ന സഹകരണ ദിനാചരണ സമ്മേളനത്തില്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍നിന്നു പുരസ്‌കാരം ഏറ്റുവാങ്ങി. സംസ്ഥാനത്തെ രണ്ടാം സ്ഥാനത്തിനു പുറമെ എറണാകുളം ജില്ലയില്‍ എംപ്ലോയീസ് സഹകരണ സംഘം വിഭാഗത്തില്‍ ഒന്നാം സ്ഥാനവും നേവല്‍ ബേസ് സഹകരണസംഘത്തിനുണ്ട്.
4386 ജീവനക്കാര്‍ അംഗങ്ങള്‍
കൊച്ചിന്‍ നേവല്‍ബേസ് സിവിലിയന്‍ എംപ്ലോയീസ് സഹകരണസംഘത്തിന് 62 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുണ്ട്. 1957 ജൂലായ് 29നു രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘമാണിത്. ആ വര്‍ഷം ആഗസ്റ്റ് 31നു പ്രവര്‍ത്തനം ആരംഭിച്ചു. ദക്ഷിണ നാവിക കമാണ്ടിന്റെ കൊച്ചിയിലെ ആസ്ഥാനവും അതിനു കീഴില്‍ വരുന്ന ഏഴിമല നാവികഅക്കാദമി, ആലുവ നേവല്‍ ആര്‍മമെന്റ് ഡിപ്പോ ( എന്‍.എ.ഡി ), പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിന്റെ ( ഡി.ആര്‍.ഡി.ഒ )യുടെ കീഴിലുള്ള നേവല്‍ ഫിസിക്കല്‍ ആന്റ് ഓഷ്യനോഗ്രാഫിക് ലബോറട്ടറി ( എന്‍.പി.ഒ.എല്‍ ) എന്നിവ അടക്കമുള്ള സ്ഥാപനങ്ങളിലെ സിവിലിയന്‍ ജീവനക്കാര്‍ ഇതില്‍ അംഗങ്ങളാണ്. ഇത്രയും സ്ഥാപനങ്ങളില്‍നിന്നായി 4386 ജീവനക്കാര്‍ അംഗങ്ങളായുണ്ട്.
2018-19 ലെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ പ്രകാരം സംഘത്തിന് 1.95 കോടി രൂപയുടെ അറ്റലാഭമുണ്ട്. അറ്റലാഭം ഓരോവര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണെന്നു കണക്കുകളില്‍നിന്നു വ്യക്തമാണ്. 2014-15 ല്‍ 90 ലക്ഷം രൂപയായിരുന്നു അറ്റലാഭം. 2015-16 ല്‍ അത് ഒരു കോടി 43 ലക്ഷമായി. 2016-17 ല്‍ ഒരു കോടി 95 ലക്ഷവും 2017-18 ല്‍ ഒരു കോടി 91 ലക്ഷവുമായി ലാഭം. അത് 2018-19 ല്‍ വീണ്ടും ഒരു കോടി 95 ലക്ഷമായി.
ലാഭത്തിന്റെ കാര്യത്തില്‍ പൊതുവേയുള്ള ഈ ഉയര്‍ച്ച ഓഹരി മൂലധനം, നിക്ഷേപങ്ങള്‍, വായ്പകള്‍, പ്രവര്‍ത്തന മൂലധനം എന്നിവയുടെ കാര്യത്തിലും പ്രതിഫലിക്കുന്നുണ്ട്. 2014-15 ല്‍ രണ്ടു കോടി 45 ലക്ഷം രൂപയായിരുന്നു ഓഹരി മൂലധനം. 2015-16 ല്‍ അത് മൂന്നുകോടി 20 ലക്ഷമായി. 2016-17 ല്‍ മൂന്നു കോടി 82 ലക്ഷവും 2017-18 ല്‍ നാലു കോടി 43 ലക്ഷവുമായി. 2018-19 ല്‍ അഞ്ചുകോടിയോളമായി. 2014-15 ല്‍ നിക്ഷേപം 102.98 കോടി രൂപയായിരുന്നു. 2015-16 ല്‍ അത് 128.27 കോടിയായി. 2016-17 ല്‍ 145.94 കോടിയും 2017-18 ല്‍ 171.45 കോടിയുമായി. 2018-19 ല്‍ 193.73 കോടിയാണ് നിക്ഷേപം.
സാധാരണ വായ്പ, പ്രത്യേക വായ്പ, വിദ്യാഭ്യാസ , വിവാഹ വായ്പ, അടിയന്തര വായ്പ എന്നീ വായ്പകള്‍ അംഗങ്ങള്‍ക്കു ലഭിക്കാന്‍ അര്‍ഹതയുണ്ട്. രണ്ടു ലക്ഷം രൂപയാണു സാധാരണ വായ്പയുടെ പരിധി. അഞ്ചു വര്‍ഷമാണു കാലാവധി. എട്ടു ശതമാനമാണു പലിശ നിരക്ക്. പ്രത്യേകവായ്പയുടെ പരിധി 15 ലക്ഷം രൂപയാണ്. പത്തു കൊല്ലമാണു കാലാവധി. 11 ശതമാനമാണു പലിശ നിരക്ക്. ഒന്നര ലക്ഷം രൂപയാണു വിദ്യാഭ്യാസ വായ്പയുടെ പരിധി. 25 മാസമാണു കാലാവധി. പലിശ നിരക്ക് എട്ടര ശതമാനവും. അഞ്ചു ലക്ഷം രൂപവരെയാണു വിവാഹ വായ്പ. അഞ്ചുകൊല്ലം കാലാവധിയുണ്ട.് പത്തു ശതമാനമാണു പലിശനിരക്ക്. അര ലക്ഷം രൂപയാണ് അടിയന്തര വായ്പയുടെ പരിധി. 20 മാസം കാലാവധിയുണ്ട്. പലിശനിരക്കു പത്തു ശതമാനം.
അംഗങ്ങളുടെ തിരിച്ചടവുശേഷി വിലയിരുത്തിയാണു വായ്പ നല്‍കുക. വായ്പ ശമ്പളത്തില്‍നിന്നു തിരിച്ചുപിടിക്കും. സ്ഥിര നിക്ഷേപം, സേവിംഗ്‌സ് ബാങ്ക് നിക്ഷേപം എന്നിവയുണ്ട്. കൂടാതെ, നിശ്ചിത തുകകള്‍ വീതം പ്രതിമാസം അടയ്ക്കാവുന്ന ഡി.സി.ആര്‍.എഫ്, എല്‍.ടി.വി.ഡി.എസ്, എം.ഡി.എസ്, റിക്കറിംഗ് നിക്ഷേപം എന്നിവയുമുണ്ട്. ഈ നിക്ഷേപങ്ങളെല്ലാം ശമ്പളത്തില്‍നിന്നു സ്വീകരിക്കാന്‍ ക്രമീകരണമുണ്ട്. അംഗങ്ങള്‍ക്ക് പരമാവധി ലാഭവീതമായ 25 ശതമാനം തുടര്‍ച്ചയായി നല്‍കിവരുന്നുണ്ട്.
കെ.ഡി. ബാബു പ്രസിഡന്റും വിനോദ് ടി.ജി വൈസ് പ്രസിഡന്റുമായുള്ള പതിമൂന്നംഗ ഭരണസമിതിയാണുള്ളത്. 2017 നവംബര്‍ 20ന് അധികാരത്തില്‍വന്ന ഭരണസമിതിയാണിത്. സണ്ണി. എ.സി, സന്തോഷ്. പി, സഞ്ജയ് ബാബു കെ.എസ്, ധന്യ എസ്, ജയചന്ദ്രന്‍ കെ.വി, മെല്‍വിന്‍ സി.എ, സന്ദീപ് കെ.കെ, വിനോദ് ഗോപാലകൃഷ്ണന്‍ നായര്‍, ശ്രീജിത്ത് സി.എസ്, വിനീത പി.വി, ശ്രീജമോള്‍ ആര്‍ എന്നിവരാണു മറ്റു ഡയരക്ടര്‍ ബോര്‍ഡംഗങ്ങള്‍. കെ.ആന്റണി ജോസഫ് ആണു സെക്രട്ടറി.
കുടിശ്ശിക നിയന്ത്രിച്ചുള്ള കര്‍ശന സാമ്പത്തിക അച്ചടക്കവും അംഗങ്ങള്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളുമാണു സംഘത്തെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയതെന്നു ഭരണസമിതി വിലയിരുത്തുന്നു. മെമ്പര്‍ ഡെത്ത് റിലീഫ് ഫണ്ടില്‍നിന്നുള്ള ധനസഹായം രണ്ടു ലക്ഷം രൂപയാക്കി ഉയര്‍ത്തലാണു ഭാവിപരിപാടികളില്‍ ഒന്ന്്. അതിനായി നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
[mbzshare]