നെല്ല് സംഭരണത്തിനായി സഹകരണ സംഘം രൂപവൽകരിക്കുന്നു

Deepthi Vipin lal

നെല്ല് സംഭരണത്തിന് മുന്നിട്ടിറങ്ങാന്‍ സഹകരണ വകുപ്പ് വീണ്ടുമിറങ്ങുന്നു. കഴിഞ്ഞതവണ നെല്ല് സംഭരണം സഹകരണ സംഘങ്ങള്‍ ഏറ്റെടുത്തിരുന്നുവെങ്കിലും അത് വിജയത്തിലെത്തിയില്ല. സംഭരിച്ച നെല്ല് സൂക്ഷിച്ചുവെക്കാനുള്ള സംഭരണിയും അരിയാക്കി മാറ്റാനുള്ള മില്ലും ഇല്ലാത്തതായിരുന്നു പ്രധാന പ്രശ്നം. നെല്ലാക്കി മാറ്റാന്‍ പാലക്കാട് സഹകരണ മില്ല് പ്രവര്‍ത്തനം തുടങ്ങാനുള്ള ഘട്ടത്തിലാണ്. ആലപ്പുഴയില്‍ രണ്ടാമതൊരു മില്ല് സ്ഥാപിക്കാനുള്ള നടപടിയും അന്തിമഘട്ടത്തിലാണ്. ഇത് രണ്ടും പ്രവര്‍ത്തനകക്ഷമമാക്കുന്നതിനൊപ്പം നെല്ല് സംഭരണത്തിന് മാത്രമായി സഹകരണ സംഘങ്ങള്‍ രൂപവൽകരിക്കാനുമാണ് തീരുമാനം.

നെല്‍കര്‍ഷകര്‍ക്ക് മില്ല് ഉടമകളില്‍ നിന്ന് നേരിടുന്ന ചൂഷണം ഒഴിവാക്കാനാണ് നെല്ല് സംഭരണ സഹകരണ സംഘം രൂപവൽകരിക്കുന്നതെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ഇതിനോടൊപ്പം രണ്ട് മില്ല് കൂടി ആരംഭിക്കാനും ലക്ഷ്യമിടുന്നുണ്ട്. സഹകരണ സംഘത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ക്ക് കേരളത്തില്‍ എവിടെ നിന്ന് നെല്ല് സംഭരിക്കാന്‍ കഴിയുന്നതാണ്. കുട്ടനാട് അപ്പര്‍കുട്ടനാട് മേഖലകളില്‍ കൊയ്തിടുന്ന നെല്ല് ഏറ്റെടുക്കാതെ മില്ലുകാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് സഹകരണ സംഘം രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

നെല്ലിന്റെ സംഭരണ വില 28 രൂപയാക്കുമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. നെല്ല് സംഭരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ താങ്ങുവില കിലോയ്ക്ക് 16.68 രൂപയാണ്. 8.80 രൂപ സംസ്ഥാനസര്‍ക്കാരും നല്‍കുന്നുണ്ട്. ഇത് രണ്ടും ചേര്‍ത്ത് 27.48 രൂപയ്ക്കാണ് ഇതുവരെ നെല്ല് സംഭരിച്ചിരുന്നത്. ഈ വില കൂടുന്നതും, അത് കൃത്യമായി ലഭിക്കുന്നതും കര്‍ഷകര്‍ക്ക് വളരെ ആശ്വാസമുണ്ടാകും. സഹകരണ സംഘങ്ങള്‍ നെല്ല് സംഭരണത്തിലേക്ക് കടന്നാല്‍ കിട്ടാനുള്ള പണം കുടിശ്ശികയാകില്ലെന്ന വിശ്വാസവും കര്‍ഷകര്‍ക്കുണ്ട്.

കടുത്ത ചൂഷണമാണ് നെല്‍ കര്‍ഷകര്‍ നേരിടുന്നത്. നെല്ല് കൊയ്യാന്‍ വൈകുന്നതും, കൊയ്തെടുത്ത നെല്ല് സംഭരിക്കാന്‍ വൈകുന്നതുമെല്ലാം ഈ കോവിഡ് മഹാമാരിക്കാലത്തും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കി. സ്വകാര്യ മില്ലുകള്‍ നെല്ല് സംഭരിക്കുമ്പോള്‍ ‘ഗുണം’ ഇല്ലാതാക്കി വിലകുറച്ചും, തൂക്കത്തില്‍ നിന്ന് ‘തള്ളല്‍’ കണക്കാക്കി കുറവുവരുത്തിയുമുള്ള ചൂഷണം വേറെ. സ്വകാര്യ മില്ലുകള്‍ക്ക് ഈ മേഖലയുള്ള ആധിപത്യം, ഇതിനെയൊന്നും ചോദ്യം ചെയ്യാന്‍ പറ്റാത്ത അവസ്ഥ കര്‍ഷകര്‍ക്കുണ്ടാക്കി. ഈ പ്രശ്നം പരിഹരിക്കാനായിരുന്നു കഴിഞ്ഞതവണ സഹകരണ സംഘങ്ങള്‍ സംഭരണത്തിന്റെ ചുമതല ഏറ്റെടുത്തത്. അത് പരാജയപ്പെടാനുള്ള പ്രായോഗിക പ്രശ്നങ്ങള്‍ പരിഹരിച്ച്, നെല്ല് സംഭരണ മേഖലയിലും സഹകരണ മാതൃക തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *

Latest News