നൂല്‍ക്ഷാമം രൂക്ഷം; കൈത്തറി സംഘങ്ങള്‍ പ്രതിസന്ധിയില്‍

Deepthi Vipin lal

കോവിഡ് വ്യാപനത്തിന്റെ ആഘാതം വിപണിയെ ബാധിച്ചതിനൊപ്പം നൂല്‍ കിട്ടാത്തതും കൈത്തറി സഹകരണ സംഘങ്ങളെ പ്രതിസന്ധിയിലാക്കുന്നു. രാജ്യത്ത് പരുത്തി ഉല്‍പാദനത്തില്‍ ഗണ്യമായ കുറവാണുണ്ടായത്. അതിനാല്‍, സ്വകാര്യ ടെക്സ്‌റ്റൈല്‍ മില്ലുകള്‍ വലിയതോതില്‍ നൂലുകള്‍ സ്റ്റോക്ക് ചെയ്യാന്‍ തുടങ്ങിയതും സഹകരണ സംഘങ്ങളെ ബാധിച്ചിട്ടുണ്ട്. കേരളത്തിലെ സഹകരണ കോട്ടണ്‍ മില്ലുകളിലും നൂലു കിട്ടാനില്ലാത്ത സ്ഥിതിയുണ്ട്. സ്‌കൂള്‍ യൂണിഫോം പദ്ധതിക്ക് കോട്ടണ്‍ മില്ലുകളില്‍നിന്നാണ് കൈത്തറി സംഘങ്ങള്‍ക്ക് നൂലു നല്‍കുന്നത്. ഇത് കിട്ടാതെ വരുന്നതോടെ യൂണിഫോം നിര്‍മ്മാണത്തിലും പ്രശ്നങ്ങളുണ്ടാകാനിടയുണ്ട്്.

രാജ്യത്തൊട്ടാകെയുള്ള പരുത്തി ഉത്പാദനം കണക്കാക്കിയതില്‍ വിളവെടുപ്പുകാലമായ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 1,20,78,900 കാന്‍ഡിയാണ് ആകെ ഉത്പാദനം. 2020-ല്‍ 1,97,85,000 കാന്‍ഡി ഉത്പാദിപ്പിച്ച സ്ഥാനത്താണ് ഈ കുറവുണ്ടായിട്ടുള്ളത്. ഏതാണ്ട് 77 ലക്ഷം കാന്‍ഡിയുടെ കുറവാണുള്ളത്. 355 കിലോയാണ് ഒരു കാന്‍ഡി. രാജ്യത്ത് കൂടുതല്‍ പരുത്തി ഉത്പാദിപ്പിക്കുന്നത് വടക്കന്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ്. 2020 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ഇവിടെ 47,60,000 കാന്‍ഡി ഉത്പാദനം നടന്നു. 2021-ല്‍ ഇത് 23,46,13800 കാന്‍ഡിയായി കുറഞ്ഞു.

ഇതേപോലെ ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 2020-ല്‍ 92 ലക്ഷം കാന്‍ഡിയും 2021-ല്‍ 68,12,500 കാന്‍ഡിയുമാണ് ഉണ്ടായത്. തെലങ്കാന, ആന്ധ്ര, കര്‍ണാടക, തമിഴ്നാട്, ഒഡീഷ തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളില്‍ 2020-ല്‍ 58,25,000 കാന്‍ഡിയാണ് ഉത്പാദിപ്പിച്ചതെങ്കില്‍ 2021-ല്‍ അത് 29,04,800 കാന്‍ഡിയായി കുറഞ്ഞു. പരുത്തി ഉത്പാദനത്തില്‍ ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അതിനാല്‍, പരുത്തി ഉല്‍പാദനത്തിലുണ്ടായ കുറവ് വസ്ത്രനിര്‍മ്മാണ മേഖലയെ ആകെ ബാധിക്കും.

വന്‍കിട വസ്ത്രമില്ലുകളോട് മത്സരിക്കാനുള്ള ശേഷി കേരളത്തിലെ സഹകരണ സ്പിന്നിങ്ങ് മില്ലുകള്‍ക്കോ കൈത്തറി സംഘങ്ങള്‍ക്കോ ഇല്ല. ഇതിനാല്‍, കൈത്തറി ഉല്‍പന്നങ്ങള്‍ക്ക് ഉല്‍പാദനച്ചെലവ് ഗണ്യമായി കൂടും. നിലവില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ സംഘങ്ങള്‍ക്ക് സ്‌കൂള്‍ യൂണിഫോംപോലും നിര്‍മ്മിച്ച് നല്‍കാനാകാത്ത സ്ഥിതിയുണ്ടാകും. മറ്റ് ഉല്‍പന്നങ്ങള്‍ക്ക് വില കൂടുന്നതിനാല്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാനുമാവില്ല. ഈ സ്ഥിതിയില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് കൈത്തറി സംഘങ്ങളുടെ ആവശ്യം. നൂല്‍ ലഭ്യമാക്കാനും കൂടുതല്‍ വാങ്ങി സൂക്ഷിക്കാനും സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടാകണം. വില കൂടുകയാണെങ്കില്‍ കൈത്തറി ഉല്‍പന്നങ്ങള്‍ക്ക് റിബേറ്റ് പ്രഖ്യാപിച്ച് വിപണി കണ്ടെത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കണമെന്നും സംഘം പ്രതിനിധികള്‍ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News