നിര്‍വഹണത്തില്‍ വീഴുന്ന സഹകരണ പദ്ധതികള്‍

[mbzauthor]

ഒരു പദ്ധതിയുടെ വിജയത്തിന് ആസൂത്രണം പോലെത്തന്നെ പ്രധാനമാണു നിര്‍വഹണവും. ഇതിലേതെങ്കിലും ഒന്നു പിഴച്ചാല്‍ പദ്ധതി വിജയത്തിലെത്തിക്കാനാവില്ല. സഹകരണ മേഖലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രഖ്യാപിക്കുന്ന പദ്ധതികളെല്ലാം ലക്ഷ്യം കാണാതെ പോകുന്നതിന്റെ കാരണം നമ്മള്‍ പരിശോധിക്കേണ്ടതുണ്ട്. ബ്രാന്‍ഡിങ് ആന്റ് മാര്‍ക്കറ്റിങ് ഓഫ് കോ-ഓപ്പറേറ്റീവ് പ്രൊഡക്ട് എന്ന പേരില്‍ തുടങ്ങിയ കോ-ഓപ് മാര്‍ട്ട് പദ്ധതി, കോ-ഓപ്പറേറ്റീവ് ഇനീഷ്യേറ്റീവ് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍ കേരള എന്ന കെയ്ക്, ഇപ്പോള്‍ ബജറ്റില്‍ പ്രഖ്യാപിച്ച സഹകരണ മേഖലയിലൂടെ സാങ്കേതികാധിഷ്ഠിത കൃഷി എന്നിവയെല്ലാം ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ്. ഈ മൂന്നു പദ്ധതികളുടെയും ലക്ഷ്യം സമാനവുമാണ്. ആദ്യത്തെ രണ്ടു പദ്ധതികളും അതിന്റെ നിര്‍വഹണത്തില്‍ പരാജയമായിരുന്നതുകൊണ്ടാണു പുതിയ പേരില്‍ മൂന്നാമതൊരു പദ്ധതികൂടി സര്‍ക്കാരിനു പ്രഖ്യാപിക്കേണ്ടിവന്നത്. സഹകരണ സംഘങ്ങള്‍ സ്വാശ്രയ സ്വയംഭരണ സ്ഥാപനങ്ങളാണ്. ഇവയുടെ പ്രവര്‍ത്തനത്തില്‍ നിയമപാലനം ഉറപ്പാക്കുകയും നിയന്ത്രണം ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണു സര്‍ക്കാരിന്റെ ചുമതല. ഒപ്പം, ലാഭേച്ഛയില്ലാതെ ജനക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ജനകീയ സ്ഥാപനങ്ങളെന്ന നിലയില്‍ സഹകരണ സംഘങ്ങളുടെ വളര്‍ച്ച സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്തബോധത്തിലാണു സഹകരണ മേഖലയില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.

സഹകരണ സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍, അവയ്ക്ക് ഏകീകൃതമായ ബ്രാന്‍ഡിങ്, പ്രാദേശികതലത്തില്‍പ്പോലും വില്‍പ്പന കേന്ദ്രങ്ങള്‍ – ഇതാണു കോ-ഓപ് മാര്‍ട്ട് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. കാര്‍ഷിക മേഖലയില്‍ വിളയ്ക്കു ശേഷമുള്ള പദ്ധതിയാണു കെയ്ക്കിലൂടെ ലക്ഷ്യമിട്ടത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കു സംഭരണം, വിപണനം, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ സംരംഭങ്ങള്‍ എന്നിവയാണ് ഈ പദ്ധതിയുടെ ഭാഗം. ഇതിനുള്ള പണം പ്രാഥമിക സഹകരണ ബാങ്കുകള്‍ വഴി വായ്പയായി നല്‍കും. പ്രാഥമിക ബാങ്കുകള്‍ക്ക് ഇതിനുള്ള നബാര്‍ഡ്‌സഹായം കേരള ബാങ്ക് ഉറപ്പാക്കും. ഇതാണു കെയ്ക് പദ്ധതിയുടെ പ്ലാന്‍. പക്ഷേ, ഇതു നടപ്പാക്കിയപ്പോള്‍ നബാര്‍ഡില്‍നിന്നുള്ള പുനര്‍വായ്പ വിതരണം ചെയ്യാനുള്ള കേരള ബാങ്കിന്റെ ഒരു സ്‌കീം മാത്രമായി മാറി. കാര്‍ഷിക-അനുബന്ധ-സംരംഭക മേഖലയില്‍ സാങ്കേതികവത്കരണവും വിപണന ശൃംഖലയുമാണു ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ പദ്ധതിയുടെ ഉള്ളടക്കം. ആസൂത്രണം ചെയ്യുന്ന പദ്ധതി എങ്ങനെ നിര്‍വഹിക്കണമെന്നതിലെ അവ്യക്തതയാണ് ഈ പദ്ധതികളാകെ പൂര്‍ണ വിജയത്തിലെത്താതെ പോകാനുള്ള കാരണം. സംഘങ്ങളെ ബോധ്യപ്പെടുത്തിയാലാണ് എല്ലാ സംഘങ്ങള്‍ക്കും ബാധകമാകുന്ന സംയുക്ത പദ്ധതി നിര്‍വഹിക്കാനാവുക. അതിന് ആസൂത്രണം പോലെത്തന്നെയുള്ള കൃത്യതയും വ്യക്തതയും നിര്‍വഹണത്തിലും ഉണ്ടാകേണ്ടതുണ്ട്.

– എഡിറ്റര്‍

[mbzshare]

Leave a Reply

Your email address will not be published.