നിയമന ശിപാർശ ഇനിമുതൽ ഉദ്യോഗാർത്ഥിക്ക് നേരിട്ട് കൈപ്പറ്റാമെന്ന് പി.എസ്. സി.

adminmoonam

നിയമന ശിപാർശ ഇനിമുതൽ ഉദ്യോഗാർത്ഥിക്ക് നേരിട്ട് കൈപ്പറ്റാമെന്ന് പബ്ലിക് സർവീസ് കമ്മീഷൻ.
നിയമന ശിപാർശ മെമ്മോ( അഡ്വൈസ് മെമ്മോ) ഉദ്യോഗാർഥികൾക്ക് കമ്മീഷന്റെ ഓഫീസിൽ വച്ച് നേരിട്ട് കൈമാറുന്നതിന് തീരുമാനിച്ചു. നിലവിൽ സാധാരണ തപാലിലാണ് അഡ്വൈസ് മെമ്മോ അയക്കുന്നത്. പലപ്പോഴും ഉദ്യോഗാർഥികൾക്ക് ഇത് ലഭിക്കുന്നില്ല എന്ന പരാതി ഉണ്ടാകുന്നുണ്ട്. അഡ്വൈസ് മെമ്മോ യുടെ ഡ്യൂപ്ലിക്കേറ്റ് നൽകുന്നതിന് നിലവിൽ വ്യവസ്ഥയുമില്ല. പകരം നിയമന ശിപാർശ ചെയ്തു എന്ന അറിയിപ്പ് നൽകാൻ മാത്രമേ കഴിയൂ. നിയമന ശിപാർശ കമ്മീഷന്റെ ഓഫീസിൽ നേരിട്ട് ഹാജരായി ഉദ്യോഗാർത്ഥി കൈപ്പറ്റുന്ന തോടെ അതിന് പരിഹാരമാകും. ജൂലൈ 25 മുതൽ അംഗീകരിക്കുന്ന നിയമന ശിപാർശകളാണ് പുതിയ നടപടിക്രമം ബാധകമാകുക. ആഗസ്റ്റ് അഞ്ചിന് കമ്മീഷന്റെ ആസ്ഥാന ഓഫീസിൽ വച്ച് ഈ നടപടിക്രമമനുസരിച്ച് അഡ്വൈസ് മെമ്മോ വിതരണം ആരംഭിക്കും. മറ്റ് ജില്ലാ /മേഖല ഓഫീസുകളിൽ തുടർന്നുള്ള ദിവസങ്ങളിൽ വിതരണം ചെയ്യും.

അഡ്വൈസ് മെമ്മോ വിതരണം ചെയ്യുന്ന തീയതി അടക്കമുള്ള വിവരം ബന്ധപ്പെട്ട ഉദ്യോഗാർഥികൾക്ക് തപാൽ, പ്രൊഫൈൽ, മൊബൈൽ സന്ദേശങ്ങളിലൂടെ നൽകും നിശ്ചിത ദിവസം കൈപ്പറ്റാത്ത ഉദ്യോഗാർഥികൾക്ക് തുടർന്നുള്ള ദിവസങ്ങളിലും അതാത് പി.എസ്.സി. ഓഫീസിൽ നിന്നും കൈപ്പറ്റാവുന്നതാണ്.

ജോലിയിൽ പ്രവേശിക്കുമ്പോഴും തുടർന്ന് നിയമനപരിശോധന വേളയിലും അഡ്വൈസ് മെമ്മോ അത്യന്താപേക്ഷിത രേഖയാണ്. നിയമന ശിപാർശ മെമ്മോ ബന്ധപ്പെട്ട ഉദ്യോഗാർത്ഥി തന്നെയാണ് കൈപ്പറ്റുന്നത് എന്ന് ഇതുമൂലം കമ്മീഷന് ഉറപ്പാക്കാൻ കഴിയും. ഉദ്യോഗാർഥികൾ കൈപ്പറ്റാത്ത അഡ്വൈസ് മെമ്മോകളിൽ നിന്നും നിയമനത്തിനായി ഹാജരാകാത്ത ഉദ്യോഗാർത്ഥികളുടെ വിവരം കമ്മീഷന് മനസ്സിലാക്കാനും എൻ.ജെ.ഡി. ഒഴിവുകളിലേക്കുള്ള നിയമന ശിപാർശ നടപടികൾ ത്വരിതപ്പെടുത്തുവാനും ഈ നടപടിക്രമം പി.എസ്.സി ക്ക് സഹായകരമാകും.

Leave a Reply

Your email address will not be published. Required fields are marked *

Latest News