നിക്ഷേപത്തിന് ഗ്യാരണ്ടി നൽകാത്ത സഹകരണ സംഘങ്ങൾക്ക് നിക്ഷേപം സ്വീകരിക്കാൻ തടസ്സം വരും. ഇത് സംബന്ധിച്ച ഉത്തരവ് വൈകാതെ ഇറങ്ങും.

adminmoonam

 

സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോർഡിൽ അംഗത്വം എടുക്കാത്തവർക്ക് നിയമാനുസൃതം നിക്ഷേപം സ്വീകരിക്കാൻ സെപ്റ്റംബർ 30ന് ശേഷം തടസ്സം നേരിടും. ഇത് കർശനമാക്കിക്കൊണ്ട് വൈകാതെ സഹകരണ രജിസ്ട്രാറുടെ ഉത്തരവ് ഇറങ്ങുമെന്ന് സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോർഡ് വൈസ് ചെയർമാൻ പി.ഹരീന്ദ്രൻ പറഞ്ഞു.

നിക്ഷേപം തിരികെ നൽകാനാവാതെ സ്ഥാപനം പ്രതിസന്ധിയിൽ ആയാൽ നേരത്തെ ഒന്നര ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി നൽകിയിരുന്നത് ഇപ്പോൾ രണ്ടു ലക്ഷം ആക്കി ഉയർത്തിയിട്ടുണ്ട്. ഈ പരിരക്ഷയുള്ളതിനാൽ മിക്കവരും സഹകരണ സ്ഥാപനങ്ങളിൽ രണ്ടു ലക്ഷം രൂപയിൽ താഴെയുള്ള ഡെപ്പോസിറ്റുകൾ ആക്കിയാണ് ഇടാറുള്ളത്. എന്നാൽ ഇപ്പോഴും പല സഹകരണ സംഘങ്ങളും ഗ്യാരണ്ടി ഫണ്ട് ബോർഡിൽ അംഗത്വം എടുത്തിട്ടില്ല. ബോർഡിൽ അംഗത്വം എടുത്താൽ ഗുണം ലഭിക്കുക നിക്ഷേപകർക്ക് ആണ്. ഗ്യാരണ്ടി ഫണ്ട് ബോർഡിൽ അംഗത്വം എടുക്കുമ്പോൾ സഹകരണ സംഘത്തിലെ നിക്ഷേപത്തിന്റെ തുകക്ക് ആനുപാതികമായി ആയിരത്തിന് ഒരു രൂപ കണക്കിൽ ബോർഡിൽ അടയ്ക്കണം. ഇത് ഒഴിവാക്കാനാണ് പല സഹകരണ സംഘങ്ങളും അംഗത്വമെടുക്കാതെ നടക്കുന്നത്. ഇത് വർഷാവർഷം സംഘത്തിലെ ഡെപ്പോസിറ്റ് തുക അധികരിക്കുന്നതനുസരിച് കൂട്ടി നൽകുകയും വേണം.

നിലവിൽ സംസ്ഥാനത്ത് 5300 ഓളം സഹകരണസംഘങ്ങൾ നിക്ഷേപം സ്വീകരിക്കു ന്നുണ്ടെങ്കിലും 2725 സഹകരണസംഘങ്ങൾക്ക് മാത്രമേ ബോർഡിൽ മെമ്പർഷിപ്പ് ഉള്ളൂ എന്ന് നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോർഡ് സെക്രട്ടറി എം. റഫീക്കാ ബീവി പറഞ്ഞു. ഇതിൽ 1576 സർവീസ് സഹകരണ സംഘങ്ങളും 1148 മറ്റിതര സഹകരണ സംഘങ്ങളും ആണ്. ദേശസാൽകൃത ബാങ്കുകളിൽ പോലും ഒരു ലക്ഷം രൂപ വരെ മാത്രമാണ് ഗ്യാരണ്ടി ഉള്ളത്.
നിലവിൽ ഗ്യാരണ്ടി ഫണ്ട് ബോർഡിൽ സഹകരണസംഘങ്ങൾക്ക് അംഗത്വമെടുക്കാൻ സപ്തംബർ 30 വരെ സാവകാശം അനുവദിച്ചിട്ടുണ്ട്. അതിനുശേഷവും മെമ്പർഷിപ്പ് എടുക്കാത്ത സഹകരണസംഘങ്ങൾക്ക് നിക്ഷേപം സ്വീകരിക്കാൻ തടസ്സം നേരിടുന്ന രീതിയിലുള്ള ക്രമീകരണമാണ് സഹകരണ സംഘം രജിസ്ട്രാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഗ്യാരണ്ടി ഫണ്ട് ബോർഡിൽ മെമ്പർഷിപ്പ് ഇല്ലാത്ത സഹകരണസംഘങ്ങളിലെ നിക്ഷേപത്തിന് ഒരു ഗ്യാരണ്ടിയും സർക്കാർ നൽകുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Latest News