നല്ല സഹകരണ പങ്കാളിത്തത്തിന്റെ മാതൃകയായി തുരുത്തിക്കര ഗ്രാമം

Deepthi Vipin lal

എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കും ശാസ്ത്രസാഹിത്യ പരിഷത്തും കൈകോര്‍ത്ത് ഒരു നാടിന്റെ ജീവിതം തന്നെ മാറ്റിമറിച്ച കഥയാണു തുരുത്തിക്കരയ്ക്കു പറയാനുള്ളത്. സുസ്ഥിര വികസനത്തിന് തുരുത്തിക്കര ഇന്നൊരു മാതൃകയാണ്. നല്ല സഹകരണ പങ്കാളിത്തത്തിന്റെ മാതൃക.

കമ്പിയൊടിഞ്ഞ കുടകൊണ്ട് ഇവിടെ മീന്‍ സഞ്ചിയുണ്ടാക്കും. പഴയ സാരികൊണ്ട് തുണിസഞ്ചിയും പുതപ്പുകൊണ്ട് ചെടിച്ചട്ടിയുമുണ്ടാക്കും. ഫ്യൂസായ എല്‍.ഇ.ഡി. ബള്‍ബ് ഒരുവര്‍ഷംകൂടി നന്നാക്കി ഉപയോഗിക്കാന്‍ ഇവിടുത്തുകാര്‍ക്കറിയാം. പ്ലാസ്റ്റിക്, ജൈവ, ഇലക്ട്രോണിക്സ് മാലിന്യങ്ങള്‍ ശാസ്ത്രീയമായി പരിപാലിക്കുന്നതില്‍ തുരുത്തിക്കര തീര്‍ത്ത മാതൃകയാണിത്. അടുക്കള മാലിന്യവും പാഴ് വസ്തുക്കളും മുതല്‍ പുരപ്പുറത്ത് വീഴുന്ന മഴവെള്ളംവരെ വീടിനും നാടിനും പ്രയോജനപ്പെടുത്തുന്നവരാണ് മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്ത് 10 ാം വാര്‍ഡ് (തുരുത്തിക്കര) നിവാസികള്‍.

അഞ്ചുവര്‍ഷം മുമ്പ് നാട്ടിലേക്ക് ആവശ്യമായ എല്‍.ഇ.ഡി.ബള്‍ബുകള്‍ സ്വയം നിര്‍മ്മിച്ചുകൊണ്ടായിരുന്നു പദ്ധതിയുടെ തുടക്കം. പിന്നീട് ഫ്യൂസായ എല്‍.ഇ.ഡി. ബള്‍ബുകള്‍ റിപ്പയര്‍ ചെയ്ത് ഉപയോഗിക്കാന്‍ എല്‍.ഇ.ഡി. ക്ലിനിക്ക് ആരംഭിച്ചു. അങ്ങനെ കേരളത്തിലെ ആദ്യത്തെ ഫിലമെന്റ് മുക്തഗ്രാമമായി തുരുത്തിക്കര മാറി. അടുത്തത് കുടിവെള്ളക്ഷാമത്തിനെതിരായ പോരാട്ടമായിരുന്നു. ‘എന്റെ പുരവെള്ളം എന്റെ കുടിവെള്ളം’ എന്ന ജലസുരക്ഷാപദ്ധതിയിലൂടെ നാട്ടിലെ കുടിവെള്ളക്ഷാമത്തിന് തുരുത്തിക്കര പരിഹാരം കണ്ടെത്തി. പുരപ്പുറത്ത് വീഴുന്ന മഴവെള്ളം തുള്ളിപോലും പാഴാകാതെ ശാസ്ത്രീയമായി ശുദ്ധീകരിച്ച് കിണറുകളില്‍ നിക്ഷേപിക്കുന്നതാണ് പദ്ധതി.

അടുക്കളയില്‍ ഉരുത്തിരിയുന്ന ജൈവമാലിന്യം സംസ്‌കരിക്കുന്നതിന് എല്ലാവീടുകളിലും ബയോഗ്യാസ് പ്ലാന്റും അതിനോടനുബന്ധിച്ച് പച്ചക്കറി കൃഷിയുമുണ്ട്. മുട്ട ഭവനം, മീന്‍ ഭവനം, തേന്‍ ഭവനം എന്നിങ്ങനെ വൈവിദ്ധ്യങ്ങളായ നിരവധി പദ്ധതികളിലൂടെ ഗ്രാമത്തിലെ മുഴുവന്‍ വീടുകളും ഇന്ന് സ്വയംപര്യാപ്തതയിലേക്ക് നീങ്ങുകയാണ്. സഹകരണബാങ്കുമായി ചേര്‍ന്ന് നടപ്പിലാക്കിയ മുട്ട ഭവനം പദ്ധതിയിലൂടെ നിലവില്‍ 9000 മുട്ടയാണ് പ്രതിമാസ ഉത്പാദനം. അടുത്ത രണ്ടു മാസത്തിനകം ഇത് ഇരുപതിനായിരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ദുര്‍ഗന്ധമില്ലാതെ കോഴിക്കാഷ്ടം സംസ്‌കരിക്കുന്നതുള്‍പ്പെടെയുള്ള നൂതനരീതിയാണ് വീട്ടുമുറ്റത്തെ മുട്ടയുത്പാദനത്തിന് അവലംബിക്കുന്നത്.

ഒരോ വീട്ടുമുറ്റത്തുനിന്നും ചുരുങ്ങിയത് 60 കിലോ മത്സ്യം ഉത്പാദിപ്പിക്കുന്നതാണ് മീന്‍ ഭവനം പദ്ധതി. മീന്‍ വളര്‍ത്തുന്ന ടാങ്കിനോടനുബന്ധിച്ച് അക്വാപോണിക് രീതിയില്‍ പച്ചക്കറിയും ഉത്പാദിപ്പിക്കുന്നുണ്ട്. ഒരുതരി മണ്ണില്ലാതെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍, കുരുമുളക്, ചീര തുടങ്ങിയവ വളര്‍ത്തിയെടുക്കാം. ഇതിനുപുറമേ മണ്ണില്ലാതെ കൃഷി ചെയ്യുന്ന ഹൈഡ്രോപോണിക്സ് രീതിയും ഇവിടെയുണ്ട്. എല്ലാ വീട്ടിലും ശുദ്ധമായ തേന്‍ നല്‍കുന്ന പദ്ധതിയുമുണ്ട്.

രണ്ടുദിവസം കൊണ്ട് എല്‍.ഇ.ഡി. ബള്‍ബ് നിര്‍മ്മാണം പഠിക്കാം. 9 വോള്‍ട്ട് ബള്‍ബ്, ടി ബള്‍ബ്, ട്യൂബ് എന്നിവ നിര്‍മ്മിക്കാനും സര്‍വീസ് ചെയ്യാനുമാണ് സയന്‍സ് സെന്ററില്‍ പരിശീലനം നല്കുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 10,000 രൂപ മുതല്‍മുടക്കില്‍ സ്വന്തമായി എല്‍.ഇ.ഡി. ക്ലിനിക്ക് ആരംഭിക്കാനുമാകും.

Leave a Reply

Your email address will not be published. Required fields are marked *

Latest News