ദേശീയ സഹകരണനയം: സമിതിയുടെ യോഗം ഇന്നു മുംബൈയില്‍

moonamvazhi

ദേശീയ സഹകരണനയരേഖയുടെ കരട് തയാറാക്കുന്നതിനുള്ള ദേശീയതല സമിതി ഇന്നു ( ഡിസംബര്‍ 19 ) മുംബൈ ജിയോ വേള്‍ഡ് സെന്ററില്‍ യോഗം ചേരും. നയരൂപവത്കരണസമിതി ചെയര്‍മാനായ മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്റെ അധ്യക്ഷതയിലാണു യോഗം ചേരുക. ദേശീയ അപക്‌സ് സഹകരണ ഫെഡറേഷനുകളുടെ പ്രതിനിധികളും സഹകരണസംഘങ്ങളുടെ കേന്ദ്ര രജിസ്ട്രാറായ വിജയകുമാറും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി രൂപവത്കരിച്ച ഉപസമിതികളുടെ കണ്‍വീനര്‍മാര്‍ തങ്ങളുടെ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിക്കും. ഈയിടെ ഡല്‍ഹിയില്‍ രണ്ടു ദിവസം സമ്മേളിച്ച് നൂറോളം വനിതാസഹകാരികള്‍ തയാറാക്കിയ 15 ശുപാര്‍ശകളും ദേശീയ നയരൂപവത്കരണ സമിതിയുടെ അടുത്ത യോഗത്തിനായുള്ള പ്രവര്‍ത്തനരേഖയും തിങ്കളാഴ്ചത്തെ യോഗത്തിനു മുമ്പാകെ ചര്‍ച്ചക്കു വരും.

പുതിയ സഹകരണനയത്തിനുള്ള കരട് തയാറാക്കുന്നതിനുള്ള ഉപസമിതികള്‍ കഴിഞ്ഞ മാസമാണു രൂപവത്കരിച്ചത്. NCUI പ്രസിഡന്റ് ദിലീപ്ഭായ് സംഘാനി, സഹകരണ പഞ്ചസാരഫാക്ടറികളുടെ ദേശീയ ഫെഡറേഷന്‍ മാനേജിങ് ഡയരക്ടര്‍ പ്രകാശ് നായിക്‌നവാരെ, റിസര്‍വ് ബാങ്ക് കേന്ദ്ര ബോര്‍ഡ് ഡയരക്ടര്‍ സതീഷ് മറാത്തെ, അമുല്‍ മാനേജിങ് ഡയരക്ടര്‍ ആര്‍.എസ്. സോധി, നബാര്‍ഡ് ചെയര്‍മാന്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖരാണ് ഉപസമിതി കണ്‍വീനര്‍മാര്‍. ‘ സഹകരണത്തിലൂടെ സമൃദ്ധി ‘  എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള നയരേഖയ്ക്കാണു ദേശീയ സഹകരണനയ രൂപവത്കരണസമിതി ഉൗന്നല്‍ നല്‍കുക.

Leave a Reply

Your email address will not be published. Required fields are marked *

Latest News