തേഞ്ഞിപ്പലം റൂറൽ ബാങ്കിന്റെ സംഘാടനത്തിൽ മുട്ട രുചിഭേദങ്ങൾ ഒരുക്കി വീട്ടമ്മമാർ
കോഴിക്കോടൻ മുട്ട സുനാമി മുതൽ ശ്രീലങ്കൻ വട്ലപ്പം വരെ നീളുന്ന വ്യത്യസ്ത മുട്ട വിഭവങ്ങളുമായി വീട്ടമ്മമാർ ഒത്തുചേർന്നു. തേഞ്ഞിപ്പലം സഹകരണ റൂറൽ ബാങ്ക് പെരുന്നാളിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച മുട്ട വിഭവം മത്സരം വേറിട്ട അനുഭവമായി. 70 ഓളം വീട്ടമ്മമാർ മത്സരത്തിൽ പങ്കെടുത്തു. മുട്ട വിഭവങ്ങൾ തയ്യാറാക്കി പ്രദർശിപ്പിക്കുന്ന രീതിയിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. കേരള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി കെ രാധാകൃഷ്ണൻ ആയിരുന്നു പ്രധാന വിധികർത്താവ്. ബാങ്ക് പ്രസിഡന്റ് പി കെ പ്രദീപ് മേനോൻ, ടിപി തിലകൻ, കെ ബാലകൃഷ്ണൻ, മുല്ലശ്ശേരി വേണുഗോപാൽ പ്രസംഗിച്ചു.
ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് മുട്ടയും തേങ്ങാപ്പാലും ശർക്കരയും ചേർത്തുണ്ടാക്കിയ ശ്രീലങ്കൻ വടലപ്പം തയ്യാറാക്കിയ പെരുവള്ളൂർ സ്വദേശിനി മുഹ്സിന നൗഫലിനാണ്. രണ്ടാം സമ്മാനം ലഭിച്ചത് മുട്ട ഹൽവ തയ്യാറാക്കിയ സാബിറയും, മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് മുട്ടക്കിഴി തയ്യാറാക്കിയ ഫർസാന ആരിഫ്, കിളിക്കൂട് തയ്യാറാക്കിയ ഫാത്തിമ ലത്തീഫ് എന്നിവരാണ്.