തൃശൂരിലെ ഒമ്പത് സംഘങ്ങള്‍ക്ക് ഐ.സി.ഡി.പി. വിഹിതമായി 1.07 കോടി
എന്‍.സി.ഡി.സി.യുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് കോഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് പ്രൊജക്ടിന് തൃശൂര്‍ ജില്ലയിലെ സംഘങ്ങള്‍ക്ക് പണം അനുവദിച്ചു. ഒമ്പത് സഹകരണ സംഘങ്ങള്‍ക്കായി 1,07,57,100 രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഓഹരി, വായ്പ എന്നിങ്ങനെയായാണ് സഹായം നല്‍കുക. ഓഹരിയായി 51,71,060 രൂപയും ഓഹരിയായി 55,86,050 രൂപയുമാണ് നീക്കിവെച്ചിട്ടുള്ളത്. തൃശൂര്‍ ജില്ലയ്ക്ക് അനുവദിച്ച പദ്ധതി വിഹിതത്തില്‍നിന്ന് ഒമ്പത് സംഘങ്ങള്‍ക്ക് പണം അനുവദിക്കണമെന്ന് കാണിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹകരണ വകുപ്പ് ഉത്തരവിറക്കിയത്.
സഹകരണ സംഘങ്ങളുടെ കാര്യശേഷി കൂട്ടാനും ആധനീകരണം നടപ്പാക്കാനുമാണ് ഇന്റഗ്രേറ്റഡ് കോഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് പ്രൊജക്ട് തൃശൂര്‍ ജില്ലയില്‍ നടപ്പാക്കുന്നത്. ഇതിന്റെ രണ്ടാംഘട്ട വിഹിതമായി 80 കോടിരൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍നിന്നാണ് ഓരോ സംഘങ്ങളുടെയും പദ്ധതി രൂപരേഖ അനുസരിച്ച് പണം നല്‍കുന്നത്. ബാങ്കിങ് കൗണ്ടര്‍, സേഫ് ഡെപ്പോസിറ്റ് ലോക്കര്‍, സി.സി.ടി.വി., സ്‌ട്രോങ് റൂം, ക്യാഷ് കൗണ്ടിങ് മെഷീന്‍, എന്നിങ്ങനെയുള്ളവ സ്ഥാപിക്കുന്നതിനാണ് സഹകരണ ബാങ്കുകള്‍ക്ക് പണം നല്‍കുന്നത്. ഇതിന് പുറമെ ആശാരിക്കാട് ഗ്രമീണ സഹകരണ സംഘത്തിന് മാര്‍ജിന്‍ മണിയായിട്ടും കോഓപ്പറേറ്റീവ് പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് സംഘത്തിന് മിനി ഓഫ്‌സെറ്റ് മെഷീന്‍ സ്ഥാപിക്കുന്നതിനും ഇതില്‍നിന്ന് പണം അനുവദിച്ചിട്ടുണ്ട്. ഇവയൊഴികെ ബാക്കിയെല്ലാ സംഘങ്ങളും പ്രാഥമിക സഹകരണ ബാങ്കുകളാണ്.
15 സഹകരണ സംഘങ്ങള്‍ക്ക് 2022 നവംബറില്‍ 2.85 കോടിരൂപ അനുവദിച്ചിരുന്നു. ഇത് പൂര്‍ണമായി സര്‍വീസ് സഹകരണ ബാങ്കുകള്‍ക്കാണ്. ഓഫീസ് നിര്‍മ്മാണം മുതല്‍ ബാങ്കിങ് കൗണ്ടർ ഒരുക്കുന്നതു വരെയുള്ള കാര്യങ്ങള്‍ക്കാണ് അന്ന് പണം അനുവദിച്ചത്. സംഘങ്ങളുടെ പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ആണ് പ്രത്യേക ഉത്തരവിലൂടെ പണം അനുവദിക്കുക. ഗ്രാമീണ മേഖലയില്‍ സുരക്ഷതമായ പണമിടപാട് കേന്ദ്രങ്ങളാക്കി സഹകരണ സംഘങ്ങളെ മാറ്റുകയാണ് ഐ.സി.ഡി.പി. പദ്ധതികളിലൂടെ ഉദ്ദേശിക്കുന്നത്.