തമിഴ്‌നാട്ടില്‍ 22 വര്‍ഷം മുമ്പ് പ്രവര്‍ത്തനം നിലച്ച സഹകരണ സംഘം പുനരുജ്ജീവിപ്പിച്ചു
52 വര്‍ഷം മുമ്പ് സ്ഥാപിച്ചതും രണ്ട് പതിറ്റാണ്ട് മുമ്പ് പ്രവര്‍ത്തനം നിലച്ചുപോയതുമായ ഒരു പ്രാഥമിക കാര്‍ഷിക സഹകരണ സംഘം ജനങ്ങളുടെ അഭ്യര്‍ഥനയെത്തുടര്‍ന്നു തമിഴ്‌നാട് സര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ചതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
ദിണ്ഡിഗലിനടുത്തുള്ള പെരിയ പൊന്നിമാന്തുറൈയിലെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘമാണ് ഇങ്ങനെ വീണ്ടും പ്രവര്‍ത്തനരംഗത്തേക്കു തിരിച്ചുവന്നത്. തമിഴ്‌നാട് സഹകരണ മന്ത്രി ഐ. പെരിയസാമിയാണ് വെള്ളിയാഴ്ച സംഘത്തിന്റെ പുനരുജ്ജീവനച്ചടങ്ങ് ഉദ്ഘാടനം ചെയ്തത്. 1970 ല്‍ രജിസ്റ്റര്‍ ചെയ്ത സംഘത്തിന്റെ പ്രവര്‍ത്തനം വിവിധ കാരണങ്ങളാല്‍ രണ്ടായിരത്തിലാണു നിലച്ചുപോയതെന്നു മന്ത്രി പറഞ്ഞു. പ്രദേശത്തെ ജനങ്ങള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണു സംഘം സര്‍ക്കാര്‍ പുന:സ്ഥാപിച്ചത്. വിളകള്‍ക്കും കറവപ്പശുക്കളെ വാങ്ങാനും സ്വയംസഹായ ഗ്രൂപ്പുകള്‍ക്കുമായി ഒന്നേകാല്‍ കോടി രൂപയുടെ വായ്പ ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു.
2021-22 ല്‍ ദിണ്ഡിഗല്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വളം വിതരണം ചെയ്ത നരിക്കാല്‍പ്പട്ടി, കെ. അഗ്രഹാരം, പുതു അയക്കുടി, ബോഡിക്കാമന്‍വാടി എന്നിവിടങ്ങളിലെ സഹകരണ സംഘങ്ങള്‍ക്കുള്ള തമിഴ്‌നാട് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. സംസ്ഥാനത്തു സഹകരണ വകുപ്പില്‍ ഒഴിവുള്ള 6,500 തസ്തികകള്‍ നികത്തുമെന്നു മന്ത്രി പെരിയസാമി അറിയിച്ചു.