തച്ചടി പ്രഭാകരന്‍: കാലം കണ്ടെടുത്ത സഹകാരി
സ്റ്റാഫ് പ്രതിനി
കേരളത്തിലെ മികച്ച സഹകാരികളിലൊരാളായ തച്ചടി പ്രഭാകരനാണ് കയര്‍ സഹകരണ സംഘങ്ങള്‍ക്ക് പുതിയ
ദിശാബോധം നല്‍കിയത്. കയറല്‍പ്പന്നങ്ങള്‍ക്ക് വിദേശ വിപണി കണ്ടെത്തിയതും അദ്ദേഹമാണ്. അനുഭവത്തിന്റെ
കരുത്താണ് തച്ചടിയെ വേറിട്ട സഹകാരിയാക്കിയത്.
‘ മണ്ണു കിളയ്ക്കുന്ന കര്‍ഷകനും തൊണ്ടുതല്ലി കയറു പിരിക്കുന്ന തൊഴിലാളിക്കും ഇത് തന്റെ സ്ഥാപനമാണെന്ന തോന്നലുണ്ടായില്ലെങ്കില്‍ ഒരു സഹകരണ സ്ഥാപനത്തിന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടും’ – ആലപ്പുഴയിലെ ഓണാട്ടുകരയെന്ന ഗ്രാമത്തില്‍നിന്ന് കേരളത്തോളം വളരുകയും അതിനൊപ്പം സഹകരണ പ്രസ്ഥാനത്തെ ഉന്നതിയിലെത്തിക്കുകയും ചെയ്ത ഒരു സഹകാരിയുടെ വാക്കുകളാണിത്.
കായംകുളത്തെ പത്തിയൂരില്‍ തച്ചടി വീട്ടില്‍ വേലായുധന്റെയും മുതുകുളം വേലിശ്ശേരിയില്‍ കാര്‍ത്ത്യായനിയുടെയും മകനായി പിറന്ന ആ ബാലനെ അച്ഛനും അമ്മയും പ്രഭാകരന്‍ എന്നു വിളിച്ചു. പ്രഭാകരന്റെ വളര്‍ച്ചയ്‌ക്കൊപ്പം നാട്ടുകാര്‍ ആ പേരിനൊപ്പം തറവാട്ടുപേരുകൂടി ചേര്‍ത്തുവെച്ചു. ആ തച്ചടി പ്രഭാകരന്‍ കേരളത്തിന്റെ മികച്ച സഹകാരിയായി വളര്‍ന്നു. കയര്‍ സഹകരണ സംഘങ്ങള്‍ക്ക് പുതിയ ദിശാബോധം തീര്‍ത്തു. കേരളത്തിന്റെ കയറുല്‍പ്പന്നങ്ങള്‍ക്ക് വിദേശത്ത് വിപണി കണ്ടെത്തി. ഇതിനൊപ്പം, കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് വെള്ളവും വളവും നല്‍കി. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് എന്നും ചെവികൊടുത്തു. അവരുടെ മക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ശഠിച്ചു. കേരളത്തിന്റെ ധനകാര്യമന്ത്രിപദം വരെ എത്തി. 1936-ല്‍ ജനിച്ച് 64-ാമത്തെ വയസ്സില്‍ മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകുംവരെയുള്ള ആറു പതിറ്റാണ്ടിലേറെ നീണ്ട ജീവിതം സഹകരണ പ്രസ്ഥാനത്തിന് ഒരു പാഠപുസ്തകമാണ്.
തച്ചടി കയര്‍
ഓണാട്ടുകരയുടെ വികസനം ലക്ഷ്യമാക്കി സ്ഥാപിച്ച പത്തിയൂര്‍ ഫാര്‍മേഴ്‌സ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായാണ് തച്ചടി സഹകരണ മേഖലയില്‍ അരങ്ങേറ്റം കുറിച്ചത്. സഹകരണ മേഖലയെ പുനരുദ്ധരിച്ച് ജനങ്ങള്‍ക്ക് പ്രയോജനമാകുന്ന രീതിയില്‍ മാറ്റിയെടുത്തുവെന്നതാണ് തച്ചടി പ്രഭാകരന്റെ പ്രത്യേകത. ജില്ലകള്‍ തോറും പ്രവര്‍ത്തിച്ചിരുന്ന സെന്‍ട്രല്‍ കയര്‍ സംഘങ്ങളെ ഏകോപിപ്പിച്ച് കേരള സ്റ്റേറ്റ് കയര്‍ മാര്‍ക്കറ്റിങ് സഹകരണ ഫെഡറേഷന്‍ ( കയര്‍ഫെഡ് ) രൂപവത്കരിച്ചത് അദ്ദേഹമായിരുന്നു. 1979-ലാണ് അദ്ദേഹത്തിന്റെ ബുദ്ധിയില്‍നിന്ന് കയര്‍ഫെഡ് പിറവിയെടുത്തത്. നമ്മുടെ കയറിനും കയറുല്‍പ്പന്നങ്ങള്‍ക്കും വിദേശ വിപണിയില്‍ പ്രചാരവും വില്‍പ്പനയും നടന്നത് തച്ചടി പ്രഭാകരന്റെ കാലത്തായിരുന്നു. വിദേശ വിപണിയില്‍ പ്രത്യേകിച്ച് പശ്ചിമ ജര്‍മനിയില്‍ ഇന്ത്യന്‍ കയറുല്‍പ്പന്നങ്ങള്‍ക്ക് ‘ തച്ചടി കയര്‍ ‘ എന്ന വിളിപ്പേരുണ്ടായിരുന്നു എന്നു പറയപ്പെടുന്നു.
ആലപ്പുഴ കയര്‍ മാര്‍ക്കറ്റിങ് സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു തച്ചടി. പിരിച്ചെടുക്കുന്ന കയറും അതില്‍നിന്ന് ലഭിക്കുന്ന വരുമാനവും തൊണ്ടുതല്ലി തളരുന്ന തൊഴിലാളിയുടെ നിത്യവൃത്തിക്ക് തികയുന്നതായിരുന്നില്ല. പരിമിതമായ വിപണിയില്‍ ഇത്തരം സംഘങ്ങള്‍ ഒതുങ്ങിയാല്‍ ഈ നിലയ്ക്ക് മാറ്റം വരില്ലെന്ന് അദ്ദേഹത്തിനു തോന്നി. അവിടെ നിന്നാണ് മാറ്റത്തിന്റെ വഴിതേടിത്തുടങ്ങിയത്. വിവിധ സര്‍ക്കിളുകളിലായുള്ള കയര്‍ സഹകരണ സംഘങ്ങളെ ഏകീകരിച്ച് പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമമാണ് കയര്‍ഫെഡിന്റെ പിറവിക്ക് കാരണമായത്. സര്‍ക്കാര്‍ വായ്പകള്‍ ഓഹരി മൂലധനമായി മാറ്റണമെന്ന നിര്‍ദ്ദേശം വെച്ചതും തച്ചടിയായിരുന്നു. കയര്‍ഫെഡ് രൂപവത്കരിച്ച ശേഷം അതിന്റെ ആദ്യത്തെ ചെയര്‍മാനും അദ്ദേഹമായിരുന്നു. തുടര്‍ന്ന് ദേശീയ കയര്‍ബോര്‍ഡ് വൈസ് ചെയര്‍മാനായി.
സാഹചര്യങ്ങള്‍ പഠിക്കുകയും അതിനനുസരിച്ച് മാറുകയും ചെയ്യുകയെന്നതാണ് തച്ചടിയുടെ രീതി. കയര്‍ സഹകരണ സംഘത്തിന്റെ ഭാഗമായപ്പോഴാണ് അവിടത്തെ തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനുള്ള വഴി തേടിയത്. 1976 ല്‍ അദ്ദേഹം ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായി. 1980 ല്‍ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റും. വായ്പാസംഘങ്ങളുടെ അമരക്കാരനായപ്പോള്‍ തച്ചടിയുടെ ചിന്തയും വിപുലമായി. ഓരോ തുരുത്തുപോലെ ജില്ലാ സഹകരണ ബാങ്കുകള്‍ ഒതുങ്ങിനിന്നാല്‍ അവരുടെ പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. അങ്ങനെയാണ് ജില്ലാ ബാങ്കുകള്‍ക്ക് പ്രശ്‌നങ്ങളും പുതിയ പദ്ധതികളും ചര്‍ച്ച ചെയ്യാന്‍ ഒരു വേദി വേണമെന്ന് അദ്ദേഹം ഉന്നയിക്കുന്നത്. അങ്ങനെയാണ് സെന്‍ട്രല്‍ ബാങ്കുകള്‍ സമയബന്ധിതമായി യോഗം ചേരുന്നതിന് വഴിയൊരുക്കിയത്. ഇത് ഇന്ന് സഹകരണ ഹ്രസ്വകാല വായ്പാമേഖലയുടെ അനിവാര്യമായ ഒരു നടപടിയായി മാറി. വാണിജ്യ ബാങ്കുകള്‍ക്കുപോലും സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി വരുന്നതിന് മുമ്പായിരുന്നു സഹകരണ മേഖലയിലെ ഈ നടപടി. മാത്രമല്ല, സഹകരണ വകുപ്പ്, നബാര്‍ഡ്, റിസര്‍വ് ബാങ്ക് എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് സഹകരണ ബാങ്കുകള്‍ക്ക് നേട്ടമുണ്ടാക്കാനാവുകയെന്നും അദ്ദേഹം തെളിയിച്ചു.
ലക്ഷ്യബോധവും ഇച്ഛാശക്തിയും
ലക്ഷ്യബോധത്തിന്റെയും ഇച്ഛാശക്തിയുടെയും സാഹസിക കര്‍മശേഷിയുടെയും പ്രതീകമാണ് തച്ചടി. തിരുവനന്തപുരത്ത് 11 നിലകളില്‍ സംസ്ഥാന സഹകരണ ബാങ്കിന് സ്വന്തമായി ആസ്ഥാനമുണ്ടാക്കാനിറങ്ങിയപ്പോള്‍ ഒരുപാട് പഴികേട്ട നേതാവാണ് അദ്ദേഹം. ദുര്‍വ്യയമായ ആശയം എന്നായിരുന്നു ഇതിനെ വിമര്‍ശകര്‍ വിശേഷിപ്പിച്ചത്. പക്ഷേ, ആ വിമര്‍ശനത്തില്‍ അദ്ദേഹം വാടിപ്പോയില്ല. സര്‍ക്കാര്‍ സ്ഥലം കുറഞ്ഞ വിലക്ക് വാങ്ങി അദ്ദേഹം ആസ്ഥാനമന്ദിരം യാഥാര്‍ഥ്യമാക്കി. ഇന്നും കേരളത്തിന്റെ സഹകരണ പ്രസ്ഥാനത്തിന്റെ അടയാളമായി കോ-ബാങ്ക് ടവര്‍ തലസ്ഥാനത്ത് തലയുയര്‍ത്തി നില്‍ക്കുന്നത് തച്ചടി പ്രഭാകരനെന്ന ധിഷണാശാലിയായ സഹകാരിയുടെ മിടുക്കുകൊണ്ടാണ്. കായംകുളം സഹകരണ സ്പിന്നിങ് മില്‍ സ്ഥാപിച്ചതും തച്ചടിയാണ്.
സംസ്ഥാന സഹകരണ യൂണിയന്റെയും നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്റെയും പ്രസിഡന്റായിരുന്നു തച്ചടി. ഈ സ്ഥാനത്തിരിക്കുമ്പോഴും അതിന്റെ പദവിയില്‍ ഭ്രമിച്ചുകഴിയുകയായിരുന്നില്ല അദ്ദേഹം. സഹകരണ വിദ്യാഭ്യാസം വെറും വാക്കിലൊതുങ്ങേണ്ടതല്ലെന്ന് അദ്ദേഹം തെളിയിച്ചു. അതുവരെ സഹകരണ ദിനാഘോഷവും ചില പ്രചരണ പരിപാടികളിലുമായി ഒതുങ്ങിനിന്നിരുന്ന യൂണിയനെ സഹകരണ അക്കാദമിക് കേന്ദ്രമായി അദ്ദേഹം മാറ്റി. തിരുവനന്തപുരത്ത് സംസ്ഥാന സഹകരണ യൂണിയന്‍ ആസ്ഥാനം പണിതു. ജെ.ഡി.സി.-എച്ച്.ഡി.സി. ട്രെയിനിങ് സെന്റര്‍, പൂജപ്പുര എന്‍.സി.യു.ഐ. കോ-ഓപ്പറേറ്റീവ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയെല്ലാം സ്ഥാപിച്ചു. എന്‍.സി.യു.ഐ. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാനും തച്ചടിയായിരുന്നു. 1982 ല്‍ തിരുവനന്തപുരത്ത് നടന്ന സഹകരണ കോണ്‍ഗ്രസ് തച്ചടിയുടെ സംഘാടന മികവിന്റെയും സഹകരണ മേഖലയെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെയും തെളിവായിരുന്നു. വിഷയം കൊണ്ടും പങ്കാളിത്തം കൊണ്ടും അത്രയും മികച്ച രീതിയില്‍ ആ സഹകരണ കോണ്‍ഗ്രസ്സിനെ അദ്ദേഹം മാറ്റി. കെ.എസ്. വാസുദേവ ശര്‍മ, എം.എം. ഹസ്സന്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരെയൊക്കെ കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍നിന്ന് സഹകരണ മേഖലയുടെ വഴിയിലൂടെ നടത്തിയത് തച്ചടി പ്രഭാകരനായിരുന്നു. എം.എം.ഹസ്സനെ ഹൗസിങ് ഫെഡറേഷന്‍ ചെയര്‍മാനാക്കിയതിലും പ്രയാര്‍ ഗോപാലകൃഷ്ണനെ മില്‍മയുടെ സ്ഥാപക ചെയര്‍മാനാക്കിയതിലുമെല്ലാം തച്ചടിയുടെ കരങ്ങളും പ്രോത്സാഹനവുമുണ്ട്.
തൊഴിലാളികളെ സ്‌നേഹിച്ച ധനമന്ത്രി
1986 ജൂണ്‍ അഞ്ചിനാണ് കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായി തച്ചടി ചുമതലയേറ്റത്. എട്ടു മാസം മാത്രമേ അദ്ദേഹം ധനമന്ത്രി യുടെ കസേരയിലിരുന്നുള്ളു. പക്ഷേ, ആ ചുരുങ്ങിയ കാലയളവുകൊണ്ട് ഒരു ധനമന്ത്രി എങ്ങനെയാവണമെന്നുകൂടി അദ്ദേഹം തെളിയിച്ചു. അച്ചടക്കമുള്ള ധനമാനേജ്‌മെന്റ് മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ മികവ്. തൊഴിലാളിപക്ഷ നിലപാടും അദ്ദേഹം പുലര്‍ത്തി. 1986 ഡിസംബറില്‍ നടന്ന നിയമസഭാ സമ്മേളനത്തില്‍ കയര്‍ത്തൊഴിലാളികളുടെ പ്രശ്‌നങ്ങളുമായി എ.വി. താമരാക്ഷന്‍ എഴുന്നേറ്റു. കയര്‍ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം നല്‍കുന്നില്ലെന്നായിരുന്നു താമരാക്ഷന്റെ പരാതി. വയലാറിന്റെ കവിത പാടിയായിരുന്നു അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തല്‍: ‘കയറുപിരിക്കും തൊഴിലാളിക്കൊരു കഥയുണ്ടുജ്ജ്വല സമരകഥ അതുപറയുമ്പോള്‍ നമ്മുടെ നാട്ടി-ന്നഭിമാനിക്കാന്‍ വഴിയുണ്ട് ‘ എന്ന് വയലാര്‍ പാടിയെങ്കിലും ആ തൊഴിലാളികള്‍ക്ക് അപമാനകരമായ ഒരു ഗവണ്‍മെന്റാണ് ഇവിടെയുള്ളത്. അതുകൊണ്ട് കയര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് ആവശ്യമായ പണം അനുവദിക്കണം’- ഇതായിരുന്നു താമരാക്ഷന്റെ വാക്കുകള്‍. സാധാരണഗതിയില്‍ സര്‍ക്കാരിനെതിരെയുള്ള കുറ്റപ്പെടുത്തല്‍ ഭരണപക്ഷം രാഷ്ട്രീയമായി പ്രതിരോധിച്ച് വാദത്തില്‍ മേധാവിത്വം ഉറപ്പാക്കാനാണ് സഭയില്‍ ശ്രമിക്കുക. എന്നാല്‍, ധനമന്ത്രിയായിരുന്ന തച്ചടി പ്രഭാകരന്‍ എഴുന്നേറ്റു പറഞ്ഞു: ‘ സാര്‍, ബഹുമാനപ്പെട്ട അംഗം പറഞ്ഞതുപോലെ കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായമാണ് കയര്‍ വ്യവസായം. ആ തൊഴിലാളികള്‍ക്ക് എന്തെങ്കിലും ആനുകൂല്യം കൊടുക്കാനുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ നല്‍കും.’
തൊഴിലാളികളുടെ ജീവിതാവസ്ഥ നേരില്‍ കാണുകയും അതിന് പരിഹാരം കാണാന്‍ മുന്നിട്ടിറങ്ങുകയും ചെയ്ത ആലുപ്പുഴയിലെ ജനനായകനായിരുന്നു തച്ചടി. പല്ലനയിലെയും തൃക്കുന്നപ്പുഴയിലെയും പാനൂര്‍, തോട്ടപ്പള്ളി പ്രദേശങ്ങളിലെയും മത്സ്യത്തൊഴിലാളികളുടെയും കയര്‍ത്തൊഴിലാളികളുടെയും കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പ്രാപ്യമല്ലായിരുന്നു ഒരുകാലത്ത്. അവര്‍ക്ക് പഠിക്കാന്‍ സ്‌കൂള്‍ ഉണ്ടായിരുന്നില്ല. നാരായണീയ പ്രസ്ഥാനത്തിന്റെ സഹയാത്രികനായിരുന്ന തച്ചടിക്ക് ഇതുണ്ടാക്കിയ അസ്വസ്ഥത ചെറുതായിരുന്നില്ല. അങ്ങനെയാണ് കയര്‍ത്തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും മക്കള്‍ക്ക് പഠനം ഉറപ്പുവരുത്തുന്ന സ്‌കൂള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പല്ലനയില്‍ മഹാകവി കുമാരാനാശാന്റെ പേരില്‍ അദ്ദേഹം ഹൈസ്‌കൂള്‍ സ്ഥാപിച്ചു. ആ സ്‌കൂളിന്റെ സ്ഥാപനക മാനേജരും തച്ചടിയായിരുന്നു.
ജനപ്രിയ നടപടികളെല്ലാം പ്രായോഗികമായി ശരിയാവണമെന്നില്ലെന്ന വിശ്വാസക്കാരനായിരുന്നു തച്ചടി. ഇത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലും നിഴലിച്ചു. ദീര്‍ഘ വീക്ഷണത്തോടെയുള്ള നടപടികളാണ് ഭരണതലപ്പത്തുള്ളവര്‍ സ്വീകരിക്കേണ്ടതെന്ന നിലപാടാണ് അദ്ദേഹം എപ്പോഴും സ്വീകരിച്ചത്. അത് സഹകരണ സ്ഥാപനങ്ങളുടെ നായകത്വം വഹിക്കുമ്പോഴും ധനമന്ത്രിയായിരിക്കുമ്പോഴും അദ്ദേഹം പ്രകടിപ്പിച്ചു. കേരളത്തിലെ ചില വില്ലേജുകളില്‍ വരള്‍ച്ച ബാധിച്ചപ്പോള്‍ അവിടത്തെ സഹകരണ ബാങ്കുകള്‍ നല്‍കിയ വായ്പകളെല്ലാം എഴുതിത്തള്ളണമെന്ന് നിയമസഭയില്‍ കെ. കൃഷ്ണന്‍ കുട്ടി ആവശ്യപ്പെട്ടു. കടം എഴുതിത്തള്ളല്‍ പ്രായോഗികമായ നടപടിയോ സര്‍ക്കാര്‍ സ്വീകരിക്കേണ്ട രീതിയോ അല്ലെന്നായിരുന്നു തച്ചടിയുടെ മറുപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായം തിരിച്ചടക്കുന്നതിന് ആവശ്യമായ സമയവും ഇളവും നല്‍കാം. എന്നാല്‍, സഹകരണ സ്ഥാപനങ്ങള്‍ നല്‍കിയ വായ്പകള്‍ എഴുതിത്തള്ളാനോ മൊറട്ടോറിയം പ്രഖ്യാപിക്കാനോ സാധ്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കേള്‍ക്കുമ്പോള്‍ ജനകീയം എന്ന് തോന്നാമെങ്കിലും മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് കര്‍ഷകരെ സഹായിക്കുന്നതാവില്ലെന്നായിരുന്നു തച്ചടിയുടെ അഭിപ്രായം. ഏതെങ്കിലും രീതിയില്‍ നഷ്ടമുണ്ടാകുമ്പോള്‍ കര്‍ഷകരുടെ ഉല്‍പാദനക്ഷമത കൂട്ടാനുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തേണ്ടത്. അതിന് സാമ്പത്തിക സഹായവും വിത്തും വളവുമെല്ലാം നല്‍കാം. അതല്ലാതെ, വായ്പാ തിരിച്ചടവിന് കാലാവധി കൂട്ടിനല്‍കുന്നത് ഗുണത്തേക്കാളേറെ ദോഷമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
തകഴി പങ്കെടുത്ത ജനകീയ സ്വീകരണം
ആലപ്പുഴയും ചങ്ങനാശ്ശേരിയും തമ്മില്‍ കൂട്ടിമുട്ടിക്കാതെ ഒഴുകുന്ന പുഴകളുണ്ട്. ഇവ തീര്‍ത്ത അകലത്തില്‍ ഇരുനാടും ഏറെക്കാലം അടുത്ത ബന്ധമില്ലാതെ കഴിഞ്ഞു. ഇതിന് പരിഹാരം കാണാന്‍ പാലങ്ങള്‍ നിര്‍മിക്കണമായിരുന്നു. ഇ.എം.എസ്. സര്‍ക്കാരിന്റെ കാലത്ത് അതിനുള്ള നടപടികള്‍ തുടങ്ങി. പാലങ്ങള്‍ക്കു തറക്കില്ലിട്ടിട്ടും വര്‍ഷങ്ങളോളം അതിന് അനക്കമുണ്ടായില്ല. 1986 ല്‍ തച്ചടി ധനമന്ത്രിയായപ്പോഴാണ് മാറ്റമുണ്ടായത്. ആലപ്പുഴ ജില്ലയുടെ വികസനത്തിന് അനിവാര്യമായിരുന്ന ചങ്ങനാശ്ശേരി- ആലപ്പുഴ റോഡിലെ നെടുമുടി, പള്ളാത്തുരുത്തി, കിടങ്ങറ പാലങ്ങളുടെ പണി ആറുമാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് തച്ചടി പ്രഖ്യാപിച്ചു. കേട്ടവര്‍ അത് വിശ്വസിച്ചില്ല. പക്ഷേ, നിശ്ചിത സമയത്തുതന്നെ ഈ പാലങ്ങളുടെ പണി പൂര്‍ത്തിയാക്കി. ഒരു മന്ത്രിയുടെ സാങ്കേതിക ഉത്തരവാദിത്വത്തില്‍ അദ്ദേഹം ഒതുങ്ങിനിന്നില്ല. കുട്ടനാട്ടിലെ ജനങ്ങളെ അദ്ദേഹം വിളിച്ചുചേര്‍ത്ത് സഹകരണം ഉറപ്പാക്കി. അങ്ങനെ ജനകീയ മുന്നേറ്റമായാണ് മൂന്നു പാലങ്ങളും പണിതീര്‍ത്തത്.
കെ. കരുണാകരന്‍ മന്ത്രിസഭയില്‍ അവസാനത്തെ എട്ടു മാസമാണ് തച്ചടി ധനമന്ത്രിയായത്. പാലങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന ഘട്ടത്തില്‍ ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാരായിരുന്നു അധികാരത്തില്‍. ആലപ്പുഴയ്ക്ക് ഉത്സവം പോലെയായിരുന്നു ഉദ്ഘാടനച്ചടങ്ങ്. എന്നാല്‍, ചടങ്ങിലേക്ക് തച്ചടിക്ക് ക്ഷണമുണ്ടായിരുന്നില്ല. ഉദ്ഘാടന ശിലകളില്‍ അദ്ദേഹത്തിന്റെ പേരുമുണ്ടായിരുന്നില്ല. സാങ്കേതികമായി അതിന് സാധ്യമായിരുന്നില്ല. സ്ഥലത്തെ ജനപ്രതിനിധിയോ മന്ത്രിയോ അല്ലാത്ത ഒരാളുടെ പേര് ശിലാഫലകത്തില്‍ ചേര്‍ക്കാനാവാത്തതായിരുന്നു കാരണം. എങ്കിലും, വിളിക്കാത്ത വിരുന്നുകാരനായി അദ്ദേഹം ചടങ്ങിനെത്തി. ജനങ്ങള്‍ ആവേശത്തോടെ ആര്‍ത്തുവിളിച്ചാണ് തച്ചടിയെ വരവേറ്റത്. അവിടെ തീര്‍ന്നില്ല. ഇരുകര മുട്ടാതിരുന്ന ആലപ്പുഴയ്ക്ക്് പുതിയ പ്രഭാതം സമ്മാനിച്ച തച്ചടിയുടെ പേര് ശിലാഫലകത്തിലില്ലെങ്കിലും ജനങ്ങള്‍ അവരുടെ മനസ്സില്‍ ചേര്‍ത്തുവെച്ചിരുന്നു. അതിനാല്‍, ആലപ്പുഴയ്ക്ക് മൂന്നുപാലങ്ങള്‍ സമ്മാനിച്ച ജനനേതാവിനെ നാട്ടുകാര്‍ ആദരിക്കാന്‍ തീരുമാനിച്ചു. ആ ജനകീയ സ്വീകരണത്തിനെത്തിയ ഒരാളുടെ പങ്കാളിത്തമാണ് ഏറെ ശ്രദ്ധേയമായത്. അത് മറ്റാരുമായിരുന്നില്ല. ‘കയറി’ന്റെ കഥയും കണ്ണീരും മലയാളിക്ക് പറഞ്ഞുതന്ന എഴുത്തുകാരന്‍ തകഴി ശിവശങ്കരപ്പിള്ളയായിരുന്നു.
വളര്‍ച്ച പടിപടിയായി
രാഷ്ട്രീയത്തില്‍ അധികാര സ്ഥാനങ്ങള്‍ വിലപേശി വാങ്ങിയ നേതാവായിരുന്നില്ല തച്ചടി പ്രഭാകരന്‍. വാര്‍ഡ് അംഗത്തില്‍നിന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് സ്ഥാനം വരെ പടിപടിയായി വളര്‍ന്ന ജനനേതാവായിരുന്നു അദ്ദേഹം. സാമൂഹിക പ്രവര്‍ത്തനമായിരുന്നു തച്ചടിയുടെ രാഷ്ട്രീയം. പഞ്ചായത്ത് അംഗമായ പിതൃസഹോദരന്റെ രാഷ്ട്രീയമാണ് കോണ്‍ഗ്രസ്സുമായി അദ്ദേഹത്തെ അടുപ്പിച്ചത്. പിന്നെ, ജനങ്ങള്‍ക്കൊപ്പം ജീവിച്ചു. കയര്‍ത്തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രശ്‌നങ്ങളില്‍ മാനുഷികമായി ഇടപെട്ടു. പുന്നപ്ര വയലാറിന്റെ ചരിത്രമുറങ്ങുന്ന ആലപ്പുഴയുടെ മണ്ണ് കമൂണിസ്റ്റ് ആശയത്തിന് വേരുറച്ച ഘട്ടത്തിലാണ് കോണ്‍സ്സിന്റെ കൊടിയുമായി തച്ചടി നടന്നുതുടങ്ങിയത്.
പത്തിയൂര്‍ വാര്‍ഡ് കമ്മിറ്റി പ്രസിഡന്റായാണ് രാഷ്ട്രീയത്തില്‍ അരങ്ങേറ്റം. ആലപ്പുഴ ജില്ലയിലെ വള്ളികുന്നം, ഭരണിക്കാവ് പ്രദേശങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കടന്നു ചെല്ലാന്‍ കഴിയാത്ത ബാലികേറാമലയായിരുന്നു. മദ്ധ്യതിരുവിതാംകൂറിലെ ഈ കമ്യൂണിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ സധൈര്യം കടന്നു ചെന്ന് ശൂന്യതയില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയെ പടുത്തുയര്‍ത്തിയ നേതാവായിരുന്നു തച്ചടി. 17 തവണയാണ് വധശ്രമത്തില്‍നിന്ന് അദ്ദേഹം രക്ഷപ്പെട്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേധാവിത്വം ചോദ്യം ചെയ്ത് അദ്ദേഹം കോണ്‍ഗ്രസ് പ്രസ്ഥാനത്തെ വളര്‍ത്തി. 1970 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.ആര്‍. ഗൗരിയമ്മ, വി.എസ്. അച്യുതാനന്ദന്‍, പി.കെ. ചന്ദ്രാനന്ദന്‍, ഇ. ബാലാനന്ദന്‍ തുടങ്ങിയവരെയൊക്കെ പരാജയത്തിന്റെ രുചി അറിയിച്ചത് തച്ചടിയുടെ രാഷ്ട്രീയ തന്ത്രത്തിന്റെ വിജയമായിരുന്നു.
ആലപ്പുഴ ഡി.സി.സി. പ്രസിഡന്റായിരുന്ന തച്ചടി ജില്ലയുടെ സമഗ്രവികസനത്തിന് വേണ്ടി തീരദേശ റെയില്‍വെയും കുട്ടനാട് വികസന പദ്ധതിയും മറ്റും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹിയില്‍ ചെന്ന് അന്നത്തെ രാഷ്ട്രപതി വി.വി. ഗിരിക്കും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കും കേന്ദ്രമന്ത്രിമാര്‍ക്കും നിവേദനം നല്‍കി. തച്ചടിയുടെ നേതൃത്വത്തിലെ നിവേദക സംഘത്തില്‍ ജില്ലയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 75 ജില്ലാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികള്‍ പങ്കെടുത്തിരുന്നു. രാജ്യസഭാ മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി.ജെ. കുര്യന്‍, തുണ്ടത്തില്‍ കുഞ്ഞുകൃഷ്ണപിള്ള, ഡെപ്യൂട്ടി സ്പീക്കറായിരുന്ന എ. നഫീസത്ത് ബീവി, വി.എ. ഗോപാലന്‍ നായര്‍ എന്നിവരൊക്കെ ഈ നിവേദക സംഘത്തിനു നേതൃത്വം നല്‍കിയിരുന്നു.
എപ്പോഴും കൂടെ
എന്തു പ്രശ്‌നത്തിലും കൂടെ നില്‍ക്കുന്ന നേതാവെന്ന ബോധ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഉണ്ടാക്കാനായതാണ് തച്ചടിയെന്ന രാഷ്ട്രീയ നേതാവിന്റെ നേട്ടം. 1965 ല്‍ അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചു. 362 വോട്ടിന് അദ്ദേഹം ഡോ.പി.കെ. സുകുമാരനോട് തോറ്റു. 67 ലും 70 ലും മത്സരിച്ചെങ്കിലും പരാജയംതന്നെയായിരുന്നു ഫലം. 1977 ല്‍ ആലപ്പുഴയിലെ കോണ്‍ഗ്രസ്സിന്റെ അമരക്കാരനായിരുന്ന തച്ചടിയുടെ തന്ത്രങ്ങളിലൂടെ ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ജയിച്ചുകയറി. 1980 ലും 82 ലും കായംകുളത്തുനിന്ന് നിയമസഭയിലെത്തി. 86 ല്‍ കരുണാകരന്‍ മന്ത്രിസഭയിലെ ധനകാര്യമന്ത്രിയായി. ആലപ്പുഴ നഗരത്തിലെ ആര്‍. ശങ്കര്‍ മെമ്മോറിയല്‍ കോണ്‍ഗ്രസ് ഭവന്‍ തച്ചടിയുടെ നേതൃപാടവത്തിന്റെ രാഷ്ട്രീയ സ്മാരകമാണ്.
സാമൂഹിക ബോധമുള്ള രാഷ്ട്രീയക്കാരന്‍, ദീര്‍ഘവീക്ഷണമുള്ള സഹകാരി, ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഇച്ഛാശക്തിയുള്ള നേതാവ്, കാര്യശേഷിയുള്ള സംഘാടകന്‍, കൈയടക്കമുള്ള ഭരണാധികാരി. തച്ചടിപ്രഭാകരനെ ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാം. പക്ഷേ, കാലമെത്ര കൊഴിഞ്ഞുവീണാലും തച്ചടി എന്ന സഹകാരിയുടെ ആ വാക്കുകള്‍ സഹകരണ മേഖലയ്ക്ക് ഒരിക്കലും മറക്കാനാവില്ല. മണ്ണുകിളയ്ക്കുന്ന കര്‍ഷകനും തൊണ്ടു തല്ലി കയറു പിരിക്കുന്ന തൊഴിലാളിക്കും ഇത് തന്റേതല്ലെന്ന തോന്നലുണ്ടായാല്‍ ഒരു സഹകരണ സ്ഥാപനത്തിന്റെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന ആ വാക്ക്. സഹകരണതത്വം ഇതിലും മനോഹരമായി വരച്ചിട്ട മറ്റൊരു നേതാവില്ല. അനുഭവത്തിന്റെ കരുത്തും കാഴ്ചപ്പാടുമുള്ള ഒരു നേതാവിനേ ഇങ്ങനെ പറയാനാവൂ.