ഡോ.പരംജ്യോതിക്കു സഹകരണ സമൂഹത്തിന്റെ അന്ത്യാഞ്ജലി:സഹകരണ അക്കാദമിക് മേഖലയിൽ ഇന്ത്യയുടെ മുഖമായിരുന്നു ഡോ. ടി. പരംജ്യോതിയെന്ന് സഹകരണ മന്ത്രി.

adminmoonam

തിരുവനന്തപുരം മൺവിള അഗ്രികൾച്ചറൽ കോ.ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആയ ഡോക്ടർ ടി.പരംജ്യോതിയുടെ നിര്യാണവാർത്ത കേരളത്തിലെ സഹകരണ മേഖലയുടെ ഹൃദയ ധമനികളെ നിശ്ചലമാക്കുന്നത് ആയിരുന്നു. ഇന്ന് രാവിലെ അന്തരിച്ച ഡോക്ടർ പരംജ്യോതിയുടെ സംസ്കാരം ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് നടന്നു. കേരളത്തിലെയും രാജ്യത്തെയും സഹകരണ സമൂഹം, സഹകരണ ഗവേഷകനും അതിലുപരി മികച്ച സഹകാരിയും എല്ലാവർക്കും അധ്യാപകനുമായ ആ മനുഷ്യസ്നേഹിയുടെ ദേഹവിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.

സഹകരണ അക്കാദമിക് മേഖലയിൽ ഇന്ത്യയുടെ മുഖമായിരുന്നു ഡോക്ടർ ടി പരംജ്യോതി എന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുസ്മരിച്ചു.

1981ൽ തൃശൂരിലെ കേരള കാർഷിക സർവകലാശാലയിൽ സഹകരണ ബാങ്കിംഗ് വിഭാഗത്തിൽ അധ്യാപകനായി എത്തുന്നതോടെയാണ് ഡോക്ടർ പരംജ്യോതി കേരളത്തിലെ സഹകരണ മേഖലയുടെ ഭാഗമാകുന്നത്. തിരുനൽവേലിയിൽ ജനിച്ചുവളർന്ന അദ്ദേഹം ഔദ്യോഗിക ജോലിയുടെ ഭാഗമായി സഹകരണമേഖലയിൽ വിവിധ സംസ്ഥാനങ്ങളിൽ ജോലിചെയ്തു. മധുരൈ ഐസിഎം പ്രിൻസിപ്പൽ, പിന്നീട് ചെന്നൈ, തുടർന്ന് തിരുവന്തപുരം ഐ സി എം, ബാംഗ്ലൂർ ഐ സി എം എന്നിവിടങ്ങളിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു. തുടർന്ന് നാഷണൽ കോ.ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യയുടെ സെക്രട്ടറിയായും പ്രവർത്തിച്ചു. വൈകുണ്ഠമേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ.ഓപ്പറേറ്റീവ് മാനേജ്മെന്റ് സേവനമനുഷ്ഠിക്കുമ്പോളാണ് വിരമിച്ചത്. വിരമിച്ച ശേഷം അദ്ദേഹം സഹകരണമേഖലയിൽ സജീവസാന്നിധ്യമായി. 2018 മുതലാണ് മൺവിള അഗ്രികൾച്ചറൽ സ്റ്റാഫ് കോ.ഓർപ്പറേറ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആയി പ്രവർത്തിച്ചത്. നല്ല അധ്യാപകനും സഹകാരിയും മനുഷ്യസ്നേഹിയും അതിലുപരി മികച്ച സഹകരണ ഗവേഷകനും ആയിരുന്നു അദ്ദേഹം. തിരുനെൽവേലി യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്നു ഭാര്യ. മക്കളില്ല. മൺവിളയിലെ അഗ്രികൾച്ചർ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്നെ സ്വയംഭരണ സ്ഥാപനം ആക്കി മാറ്റുന്നതിൽ അദ്ദേഹം വഹിച്ച പങ്കു വിലമതിക്കാനാകാത്തതാണ്. ഈ കേന്ദ്രത്തെ സഹകരണ യൂണിവേഴ്സിറ്റി ആക്കി മാറ്റാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. സഹകരണ മേഖലയുടെ തീരാനഷ്ടത്തിൽ സഹകരണ സമൂഹത്തോടൊപ്പം മൂന്നാംവഴിയും ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News