ഡി.ഐ.സി.ജി.സി. ഭേദഗതി തുണയായി; നിക്ഷേപകര്‍ക്കു അഞ്ചു ലക്ഷം രൂപവരെ തിരിച്ചുകിട്ടും
മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ള ബാങ്കുകളിലെ നിക്ഷേപകര്‍ക്കു നവംബര്‍ അവസാനത്തോടെ അഞ്ചു ലക്ഷം രൂപവരെ തിരിച്ചുകിട്ടാന്‍ സാധ്യത. മഹാരാഷ്ട്രയിലെ പഞ്ചാബ് ആന്റ് മഹാരാഷ്ട്ര അര്‍ബന്‍ സഹകരണ ബാങ്കിലെ ( പി.എം.സി. ബാങ്ക് ) നിക്ഷേപകര്‍ക്കും നിക്ഷേപത്തുക ഇങ്ങനെ തിരിച്ചുകിട്ടും.
ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷന്‍ ( ഡി.ഐ.സി.ജി.സി ) ഭേദഗതി ബില്‍ കഴിഞ്ഞ മാസം പാര്‍ലമെന്റ് പാസാക്കിയതാണു നിക്ഷേപകര്‍ക്കു ആശ്വാസമായത്. നിയമ ഭേദഗതി സെപ്റ്റംബര്‍ ഒന്നിനു പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. ഡി.ഐ.സി.ജി.സി. പ്രകാരം നിക്ഷേപകര്‍ക്കു അഞ്ചു ലക്ഷം രൂപവരെ തിരിച്ചുകിട്ടും.
സാമ്പത്തിക ക്രമക്കേടുകളെത്തുടര്‍ന്നു രണ്ടു വര്‍ഷം മുമ്പാണു റിസര്‍വ് ബാങ്ക് പി.എം.സി. ബാങ്കിനെ മൊറോട്ടോറിയത്തിനു കീഴിലാക്കിയത്. ബാങ്കിലെ ഒരു ലക്ഷത്തോളം നിക്ഷേപകര്‍ക്കു ഡി.ഐ.സി.ജി.സി. ഭേദഗതി പ്രകാരം പണം കിട്ടും. അപ്പോഴും, വന്‍തോതില്‍ പണം നിക്ഷേപിച്ചിട്ടുള്ള മുതിര്‍ന്ന പൗരന്മാരടക്കമുള്ള 43,000 പേര്‍ക്കു സമ്പാദ്യം പൂര്‍ണമായും പിന്‍വലിക്കാനാവാത്ത സ്ഥിതിയാണ്. ബാങ്കിലെ 85 ശതമാനം നിക്ഷേപവും ഇവരുടേതാണ്. ഇപ്പോള്‍ നിക്ഷേപകര്‍ക്കു ഒരു ലക്ഷം രൂപവരെയേ പിന്‍വലിക്കാന്‍ അവകാശമുള്ളു.