ഡല്‍ഹിയില്‍ സൂപ്പര്‍സ്റ്റാര്‍; ഇനി 16 സംസ്ഥാനങ്ങളിലേക്ക് കേരളത്തിന്റെ സഹകരണ ഉല്‍പന്നങ്ങള്‍

moonamvazhi

ഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെസ്റ്റില്‍ കേരളത്തിലെ സഹകരണ സംഘങ്ങളുടെ കന്നി പങ്കാളിത്തം കലക്കി. പൊക്കാളി അരിമുതല്‍ പുല്‍ത്തൈലം വരെയുള്ള സഹകരണ സംഘങ്ങളുടെ ഉള്‍പന്നങ്ങളാണ് ഇവിടെ സഹകരണ വകുപ്പ് എത്തിച്ചത്. ഇത് ഫെസ്റ്റില്‍ ഹിറ്റായതോടെ 16 സംസ്ഥാനങ്ങളിലുള്ള വിവിധ ബിസന്‍സ് ഏജന്‍സികള്‍ വ്യാപാര ബന്ധത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. നാളികേര ഉല്‍പന്നങ്ങളും സുഗന്ധവ്യജ്ഞനങ്ങള്‍ക്കുമാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്.

സഹകരണ ഫെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെത്തിയ സ്റ്റാള്‍ കേരളത്തിന്റെ സഹകരണ വകുപ്പിന്റേതാണ്. കോഓപ് മാര്‍ട്ടിന്റെ പേരില്‍തന്നെ സംഘങ്ങളുടെ ഉല്‍പന്നങ്ങളെത്തിക്കാനും ഫെസ്റ്റില്‍ പങ്കെടുക്കാനുമുള്ള സഹകരണ സംഘം രജിസ്ട്രാര്‍ അലക്‌സ് വര്‍ഗീസിന്റെ തീരുമാനം വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്.
രാജ്യത്തിന് അകത്തും പുറത്തുമുള്ള ഉല്‍പാദകരും ബിസിനസ് ഏജന്‍സികളും മൊത്തകച്ചവടക്കാരും കയറ്റുമതി ഏജന്‍സികളും പങ്കെടുക്കുന്ന അതിവിപുലമായ ഫെസ്റ്റാണ് ഐ.ഐ.ടി.എഫ്.

ഇതിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഘങ്ങളുടെ മികച്ച ഉല്‍പന്നങ്ങളും, അവയുടെ എല്ലാം വിപണനത്തിന് കോഓപ് മാര്‍ട്ടിന്റെ ഏകീകൃത സംവിധാനവും എന്ന രീതിയിലാണ് സഹകരണ വകുപ്പ് ആസൂത്രണം ചെയ്തത്. കോഓപ് മാര്‍ട്ട് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായ എന്‍.എം.ഡി.സി.ക്ക് തന്നെ ട്രേഡ് ഫെസ്റ്റിന്റ് ചുമതല നല്‍കിയതും ഗുണകരമായി. ദേശീയ-അന്തര്‍ദേശീയ ഏജന്‍സികളുമായി ചര്‍ച്ച നടത്തുന്നതിനും ഉല്‍പന്നങ്ങളുടെ വിവരങ്ങളെല്ലാം അവര്‍ക്ക് മുമ്പില്‍ വിശദീകരിക്കുന്നതിനും എന്‍.എം.ഡി.സി.യുടെ പ്രത്യേക പ്രതിനിധികളെ നിയോഗിച്ചതും വിപണന സാധ്യത കൂട്ടാന്‍ കാരണമായി. ഇതെല്ലാം സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശം അനുസരിച്ചായിരുന്നു ക്രമീകരണം.

മറ്റ് സംസ്ഥാനങ്ങളിലേക്ക് വിതരണം നേരിട്ട് സംഘങ്ങള്‍ക്ക് ധാരണയുണ്ടാക്കുന്നതിന് അവസരം ഒരുക്കിയിട്ടുണ്ട്. ഇതിനായി വിവിധ ബിസിനസ് ഏജന്‍സികളും സഹകരണ സംഘം പ്രതിനിധികളും പങ്കെടുത്തുള്ള ബി. ടു. ബി. മീറ്റിങ് ആണ് നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള ഓര്‍ഡറുകള്‍ ഒരു സിംഗിള്‍ പോയിന്റിലൂടെ സ്വീകരിക്കാനും, അവരിലൂടെ വിതരണം ചെയ്യാനുമുള്ള ആലോചനയാണ് നടക്കുന്നത്. സംസ്ഥാനത്തിന് അകത്ത് സ്ഥാപിക്കുന്ന സഹകരണ കണ്‍സ്യൂമര്‍ ശൃംഖലയായ കോഓപ് മാര്‍ട്ടിനായി ഒരു വിതരണ സംവിധാനം ഒരുക്കിയിട്ടുണ്ട്. അതിന്റെ ചുമതലയാണ് എന്‍.എം.ഡി.സി.ക്കുള്ളത്. അതിനാല്‍, കോഓപ് മാര്‍ട്ട് വഴിതന്നെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള വിതരണവും സാധ്യമാകുമോയെന്നതും പരിശോധിക്കുന്നുണ്ട്.

ബി. ടു ബി മീറ്റിങ്ങിന് എന്‍.എം.ഡി.സി.യെ കൂടാതെ ആറ് സഹകരണ സംഘങ്ങളുടെ പ്രതിനിധികളെയാണ് സഹകരണ സംഘം രജിസ്ട്രാര്‍ ചുമതലപ്പെടുത്തിയത്. മാര്‍ക്കറ്റ് ഫെഡ്, അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് ബാങ്ക്, കാട്ടൂര്‍ സഹകരണ ബാങ്ക്, പള്ളിയാക്കല്‍ സഹകരണ ബാങ്ക്, പാണംഞ്ചേരി സഹകരണ ബാങ്ക്, മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം, ഏറാമല സഹകരണ ബാങ്ക് എന്നിവയാണിത്. ഇതിനുപുറമെ മാര്‍ക്കറ്റ് ഫെഡും ഇത്തരം മീറ്റിങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

കേരളത്തിന്റെ സ്റ്റാളുകളിലെ ജനപങ്കാളിത്തം കണ്ട് ഇന്റര്‍നാഷണല്‍ കോഓപ്പറേറ്റീവ് അലയന്‍സ്- ഏഷ്യ പസഫിക് റീജിയണല്‍ ഡയറക്ടര്‍ ബാലു ഐയ്യര്‍ സ്റ്റാള്‍ സന്ദര്‍ശിച്ചു. ഈ സ്റ്റാളിലേക്കെത്തുന്ന ഈ ജനപ്രവാഹവും ഉയര്‍ന്ന തോതിലുള്ള വില്‍പനയും കേരളത്തിലെ സഹകരണ മേഖലയുടെ ശക്തിയാണ് പ്രകടമാകുന്നതെന്ന് ഐയ്യര്‍ പറഞ്ഞു. സഹകരണ സംഘം രജിസ്ട്രാര്‍ അലക്‌സ് വര്‍ഗീസ് അദ്ദേഹത്തിന്റെ കേരളത്തിന്റെ സഹകരണ മേഖലയുടെ പ്രത്യേകതയും ഉള്‍പന്നങ്ങളുടെ പ്രാധാന്യവും വിശദീകരിച്ചു. ഡല്‍ഹിയിലെ ഐ.ഐ.ടി.എഫില്‍ ഉണ്ടാക്കിയ ഈ മുന്നേറ്റം ബിസിനസായി മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് സഹകരണ വകുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News