ജപ്തി നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി; സര്‍ക്കാരിനോട് ആര്‍.ബി.ഐ. വിശദീകരണം തേടി
മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ ജപ്തി നടപടിയെ തുടര്‍ന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജിവെക്കാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കണമെന്ന് കാണിച്ച് റിസര്‍വ് ബാങ്ക് സര്‍ക്കാരിന് നോട്ടീസ് നല്‍കി. നിയമപരമായ നടപടി സ്വീകരിച്ചതിന് ജോലിയില്‍നിന്ന് ഒഴിവാക്കുന്നത് അംഗീകരിക്കാനാകില്ലെന്നതാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്. അതിനാല്‍, ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ജോസ് കെ.പീറ്ററിന്റെ രാജി ഇതുവരെ റിസര്‍വ് ബാങ്ക് അംഗീകരിച്ചിട്ടില്ല. അതേസമയം, അദ്ദേഹം ജോലിയില്‍ പ്രവേശിച്ചിട്ടുമില്ല. ദീര്‍ഘകാലമായ അവധിയിലാണ്.
അര്‍ബന്‍ ബാങ്കില്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിക്കുന്നത് റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ്. സി.ഇ.ഒ.യെ പുറത്താക്കണമെങ്കിലും ആര്‍.ബി.ഐ.യുടെ അനുമതി വേണം. സി.ഇ.ഒ.യ്‌ക്കെതിരെയുള്ള അച്ചടക്കനടപടിയും ആര്‍.ബി.ഐ.യെ അറിയിക്കേണ്ടതുണ്ട്. ജപ്തി നടപടി വിവാദമായ ഉടനെ സര്‍ക്കാര്‍ അതിനെ തള്ളിപ്പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ സി.ഇ.ഒ. രാജിക്കത്ത് കൈമാറുകയും ചെയ്തു. ഭരണസമിതിയുടെ ആവശ്യമനുസരണമാണ് രാജിവെച്ചതെന്നാണ് പുറത്തുവന്ന വാര്‍ത്ത. എ.ഇ.ഒ.യുടെ രാജി കാലതാമസം കൂടാതെ ഭരണസമിതി അംഗീകരിക്കുകയും ചെയ്തു. 2022 ഏപ്രില്‍ ആറിനായയിരുന്നു സി.ഇ.ഒ.യുടെ രാജി.
ബാങ്ക് ഭരണസമിതിയുടെ തീരുമാനം ഇതുവരെ റിസര്‍വ് ബാങ്ക് അംഗീകരിച്ചില്ല. രാജിവിവരം അറിയിച്ച ഉടനെ ഭരണസമിതിയില്‍നിന്നും സി.ഇ.ഒ.യില്‍നിന്നും ആര്‍.ബി.ഐ. വിശദീകരണം തേടിയിരുന്നു. നടന്ന കാര്യങ്ങളെല്ലാം വിശദീകരിച്ചും, രാജിക്ക് കാരണമായ സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ സംബന്ധിച്ചും സി.ഇ.ഒ.യുടെ വിശദീകരണത്തിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്ക് സര്‍ക്കാരിന് കത്ത് നല്‍കിയത്. അഞ്ച് സെന്റില്‍ താഴെ ഭൂമിയുള്ള കുടുംബങ്ങളെ ജപ്തി ചെയ്യുമ്പോള്‍ പകരം താമസ സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം. ഇത് പാലിച്ചില്ലെന്നതാണ് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ കാര്യത്തില്‍ സഹകരണ വകുപ്പ് കണ്ട വീഴ്ച. ഇതിന്റെ പേരില്‍ ജപ്തി നടപടിയുടെ ഭാഗമായ രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അവരെ പിന്നീട് തിരിച്ചെടുത്തു.
അഞ്ചുസെന്റില്‍ കവിയാതെയുള്ള ഭൂമിയും വീടും സെക്യൂരിറ്റിയായി നല്‍കുമ്പോള്‍ ഉണ്ടാകുന്ന ബാധ്യതയക്ക് സര്‍ഫാസി നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാകില്ലെന്ന ഭേദഗതി സര്‍ഫാസി നിയമത്തില്‍ കൊണ്ടുവരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമത്തിലെ 31 -ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് 2017 ആഗസ്റ്റ് 21ന് കേരള നിയമസഭ ഐകകണ്‌ഠേന പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഇതിലൊന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. അര്‍ബന്‍ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. നിഷ്‌ക്രിയ ആസ്തി കൂടുന്നത് ബാങ്കിന്റെ നിലനില്‍പിനെ ബാധിക്കും. സി.ഇ.ഒ. ഇതിന് ഉത്തരവാദിയുമാണ്. അത്തരം ഘട്ടത്തില്‍ നിയമം പാലിച്ച ജീവനക്കാരനെ നിയമപ്രാബല്യമില്ലാത്ത സര്‍ക്കാര്‍ നയം ചൂണ്ടിക്കാട്ടി പുറത്താക്കാമോയെന്നതാണ് റിസര്‍വ് ബാങ്ക് നോട്ടീസ് ഉയര്‍ത്തുന്ന ചോദ്യം.
[mbzshare]