ജനസേവനത്തിന്റെ 94 വര്‍ഷങ്ങള്‍ പിന്നിട്ട് നടയ്ക്കല്‍ സഹകരണ ബാങ്ക്

ദീപ്തി സാബു

94 വര്‍ഷം മുമ്പു 28 അംഗങ്ങളുമായി പ്രവര്‍ത്തനമാരംഭിച്ച
കൊല്ലം നടയ്ക്കല്‍ സഹകരണ ബാങ്കിന് ഇപ്പോള്‍
42,000 അംഗങ്ങള്‍. 925 രൂപയുടെ പ്രവര്‍ത്തനമൂലധനം
411 കോടി രൂപയായും വളര്‍ന്നു. ഏഴു ശാഖകളുള്ള
ബാങ്ക് ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ് പദവിയിലാണ്.

94 വര്‍ഷം മുമ്പ് 28 അംഗങ്ങളുമായി തുടക്കം. പ്രവര്‍ത്തനമൂലധനമാകട്ടെ 925 രൂപയും. ശതാബ്ദിയാഘോഷത്തിന് ആറു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ കൊല്ലം ജില്ലയിലെ സഹകരണസ്ഥാപനങ്ങളുടെ മുത്തശ്ശികൂടിയായ നടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന് ഇപ്പോള്‍ അംഗങ്ങള്‍ 42,000. പ്രവര്‍ത്തനമൂലധനം 411 കോടി രൂപയും. സഹകരണവകുപ്പിന്റെ നിരവധി അവാര്‍ഡുകള്‍ ഇതിനകം സ്വന്തമാക്കാന്‍ കഴിഞ്ഞതു ബാങ്ക് ഭരണസമിതിയുടെ പ്രവര്‍ത്തനമികവിനുള്ള അംഗീകാരം.

കല്ലുവാതുക്കല്‍ പഞ്ചായത്തിലെ സര്‍വമേഖലകളെയും തൊട്ടുണര്‍ത്താന്‍ ശേഷിയുള്ള ബാങ്ക് ഇവിടുത്തെ ചെറുകിട കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും ഇടത്തടക്കാരുടെയുമൊക്കെ ജീവിതം മെച്ചപ്പെടുത്തുന്നതില്‍ നിസ്തുലപങ്ക് വഹിക്കുന്നു. വൈവിധ്യവത്കരണത്തിന്റെ പുതുപാതകളിലൂടെയാണു ബാങ്കിന്റെ ഇപ്പോഴത്തെ സഞ്ചാരം.

ജനസേവനത്തിന്റെ 94-ാം വര്‍ഷത്തിലെത്തിനില്‍ക്കുന്ന ഈ സ്ഥാപനം ഉയര്‍ച്ചയില്‍ നിന്ന് ഉയര്‍ച്ചയിലേക്കു ചുവടുവയ്ക്കുന്നതിനു പിന്നില്‍ ഭരണസമിതിയംഗങ്ങളുടെയും ജീവനക്കാരുടെയും അര്‍പ്പണബോധവും കൃത്യമായ ഇടപെടലുകളും ചിട്ടയായ ആസൂത്രണവുമുണ്ട്. ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഏതൊരു സഹകരണസ്ഥാപനത്തിനും മാതൃകയായ ബാങ്കിനെ കുട്ടികളുടെ വിദ്യാഭ്യാസം, വിദേശപഠനം, വിവാഹം തുടങ്ങി ജീവിതത്തിന്റെ നാനാഘട്ടങ്ങളിലും താങ്ങും തണലുമേകാന്‍ നാട്ടുകാര്‍ ധൈര്യമായി ആശ്രയിക്കുന്നതും ഈ പ്ര്വര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ത്തന്നെ. കല്ലുവാതുക്കല്‍ പഞ്ചായത്തും ചാത്തന്നൂര്‍ മീനാട് വില്ലേജിലെ വരിഞ്ഞം കരയും ഉള്‍പ്പെടുന്നതാണു ബാങ്കിന്റെ പ്രവര്‍ത്തനപരിധി.

സേവനത്തില്‍
മുന്നില്‍

നാലു നീതി സ്റ്റോറുകളും കല്ലുവാതുക്കലും പാരിപ്പള്ളിയിലും രണ്ട് നീതി മെഡിക്കല്‍ സ്റ്റോറുകളും ബാങ്കിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. പ്രദേശത്തെ പത്ത് ഏക്കറോളം ഭൂമി പാട്ടത്തിനെടുത്തു നെല്‍ക്കൃഷിയും പച്ചക്കറിക്കൃഷിയും നടത്തി നൂറുമേനി കൊയ്യുന്നുണ്ട്. പുതുതായി ഒരു നീതി ലാബും നവീകരിച്ച ഓഡിറ്റോറിയവും ഒരു സൂപ്പര്‍മാര്‍ക്കറ്റും തുറക്കാനുള്ള തയാറെടുപ്പിലാണ് എല്‍.ഡി.എഫ.് നേതൃത്വത്തിലുള്ള ഭരണസമിതി. നിക്ഷേപ സമാഹരണത്തില്‍ തുടര്‍ച്ചയായി സംസ്ഥാന – ജില്ലാ അവാര്‍ഡുകള്‍ വാരിക്കുക്കുട്ടുന്ന ബാങ്കില്‍ കോര്‍ ബാങ്കിങ്, ആര്‍.ടി.ജി.എസ്, വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ തുടങ്ങി ആധുനിക ബാങ്കിങ് സംവിധാനമാകെ ഉപഭോക്താക്കള്‍ക്ക് ഒരുക്കിയിട്ടുണ്ട്. എ.ടി.എം. ഉള്‍പ്പടെയുള്ള മറ്റു സൗകര്യങ്ങള്‍ ഉടന്‍ നടപ്പാക്കുന്നതിനുള്ള ശ്രമത്തിലുമാണ്.

കാര്‍ഷിക വായ്പ, ഗ്രൂപ്പ് ലോണ്‍, ഭവനനിര്‍മാണ വായ്പ, ഹയര്‍ പര്‍ച്ചേസ് വായ്പ, വിദ്യാഭ്യാസ വായ്പ, സ്വര്‍ണപ്പണയ വായ്പ, വാഹന വായ്പ, വട്ടിപ്പലിശക്കാരില്‍നിന്നു ജനങ്ങളെ മോചിപ്പിക്കുന്ന മുറ്റത്തെ മുല്ല പദ്ധതി എന്നിങ്ങനെ നിരവധി വായ്പകള്‍ നടയ്ക്കല്‍ ബാങ്ക് നല്‍കുന്നുണ്ട്. 20 ലക്ഷം രൂപ വരെ വായ്പ നല്‍കും. നെല്‍ക്കര്‍ഷകര്‍ക്കും പച്ചക്കറിക്കൃഷിക്കും പലിശരഹിത വായ്പയാണു ബാങ്ക് നല്‍കുന്നത്. മെയിന്‍ ബ്രാഞ്ചും പാരിപ്പള്ളി ബ്രാഞ്ചും ഷിഫ്റ്റ് സമ്പ്രദായത്തില്‍ രാവിലെ 7.30 മുതല്‍ രാത്രി 7.30 വരെ പ്രവര്‍ത്തിക്കുന്നുണ്ട്.

ദുരിതബാധിതര്‍ക്ക്
കൈത്താങ്ങ്

പ്രളയകാലത്തും കൊറോണക്കാലത്തും ജനങ്ങള്‍ക്കു മുഴുവന്‍ താങ്ങും തണലുമായി വര്‍ത്തിച്ചിച്ചിട്ടുണ്ട് ബാങ്ക്. പ്രസിഡന്റ്, സെക്രട്ടറി, മറ്റു ഭരണസമിതിയംഗങ്ങള്‍, ജീവനക്കാര്‍ എന്നിവരുള്‍പ്പടെ അമ്പതില്‍പ്പരംപേര്‍ ആലപ്പുഴ കൈനകരിയില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പ്രളയകാലത്തു ജീവനക്കാരുടെ വിഹിതമായി 17,14,602 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കി. ആറു ശതമാനം പലിശയില്‍ ആറരക്കോടി രൂപയാണു ബാങ്ക് ഈ കാലഘട്ടത്തില്‍ വായ്പ നല്‍കി ജനങ്ങളെ സഹായിച്ചത്. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാക്കുന്നതിനായി സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിനു പത്തു ലക്ഷം രൂപയുടെ പലിശരഹിത വായ്പ നല്‍കി. കൂടാതെ, കല്ലുവാതുക്കല്‍ പഞ്ചായത്തിലെ നിര്‍ധനരായ 40 കുട്ടികള്‍ക്കു സൗജന്യമായി എല്‍.ഇ.ഡി. ടി.വി.കള്‍ നല്‍കി ബാങ്ക് മാതൃകയായി. പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കു സാനിറ്റൈസറും പി.പി.ഇ. കിറ്റും പോലീസ് സ്റ്റേഷനുകളിലേക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഭക്ഷണവും നല്‍കി. മാതൃകാപരമായ ഈ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേരള ബാങ്കിന്റെ അവാര്‍ഡിനും നടയ്ക്കല്‍ സഹകരണ ബാങ്ക് അര്‍ഹമായി. പരീക്ഷകളില്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ഥികളെ കാഷവാര്‍ഡ് നല്‍കി ആദരിക്കാറുണ്ട്. കാന്‍സര്‍ രോഗികള്‍ക്കും ഡയാലിസിസ് ചെയ്യുന്നവര്‍ക്കും ധനസഹായവും നല്‍കുന്നുണ്ട്.

1929 നവംബര്‍ അഞ്ചിനാണു ബാങ്കിനു തുടക്കം കുറിച്ചതെങ്കിലും 1950 ലാണു ഒരു ഓഫീസ് കല്ലുവാതുക്കലില്‍ തുടങ്ങിയത്. 1963 ല്‍ സ്വന്തമായി കെട്ടിടം നിര്‍മിച്ച് പ്രവര്‍ത്തനം അവിടേക്കു മാറ്റി. 1974 ലാണു സംഘം ബാങ്കിങ്‌മേഖലയിലെ പ്രവര്‍ത്തനം വിപുലപ്പെടുത്തിയത്. തുടര്‍ന്നു ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറിയ ബാങ്ക് രണ്ടായിരത്തിലാണു വൈവിധ്യവത്കരണ പ്ര്വര്‍ത്തനങ്ങളിലേക്കു ചുവടുവച്ചത്. ISO 9001—2008 അംഗീകാരമുള്ള ബാങ്ക് ഇന്നു ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ് കാറ്റഗറിയിലാണു പ്രവര്‍ത്തിക്കുന്നത്. ഹെഡ് ഓഫീസിലെ മെയിന്‍ ബ്രാഞ്ചിനു പുറമേ പാരിപ്പള്ളി, കാരംകോട്, വേളമാനൂര്‍, മീനമ്പലം, നടയ്ക്കല്‍, കുളമട, ആറയില്‍ എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. കല്ലുവാതുക്കല്‍ ഹെഡ് ഓഫീസും പാരിപ്പള്ളി ബ്രാഞ്ചും സ്വന്തം കെട്ടിടത്തിലാണു പ്രവര്‍ത്തിക്കുന്നത്.

ഘോഷയാത്രക്ക്
അവാര്‍ഡ്

എഴുപതാമതു അഖിലേന്ത്യാ സഹകരണവാരാഘോഷത്തിന്റെ ഭാഗമായി ഈ നവംബറില്‍ കൊല്ലത്തു നടന്ന സമാപനഘോഷയാത്രയില്‍ ഏറ്റവും നല്ല ഘോഷയാത്ര സംഘടിപ്പിച്ചതിനുള്ള ഒന്നാംസ്ഥാനം നടയ്ക്കല്‍ സഹകരണ ബാങ്ക് നേടി. കൊല്ലം ചിന്നക്കട ബസ്‌ബേയില്‍ നടന്ന സമാപനസമ്മേളനത്തില്‍ സംസ്ഥാന സഹകരണയൂണിയന്‍ മാനേജിങ് കമ്മറ്റിയംഗം രാജഗോപാല്‍ 10,000 രൂപയുടെ കാഷവാര്‍ഡ് ബാങ്ക് പ്രസിഡന്റ് വി. ഗണേശിനു കൈമാറി.

2014 മുതല്‍ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന വി. ഗണേശാണു നടയ്ക്കല്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. രാഷ്ടീയ, സാമൂഹിക, സാംസ്‌കാരികമേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഗണേശ് സി.പി.എം. ചാത്തന്നൂര്‍ ഏരിയ കമ്മറ്റി അംഗമാണ്. എസ്. ധര്‍മപാലന്‍, അഡ്വ. ജി. രാജേഷ്, കുഞ്ഞയ്യപ്പന്‍ ബി., പി.എം. രാധാകൃഷ്ണന്‍, പുരുഷോത്തമക്കുറുപ്പ്, രാജു കൃഷ്ണ, രാജവല്ലി വി.എസ്, ബീന എം.ഐ. പ്രമോദ് എസ്, ആര്‍. രാകേഷ്, സുധീര്‍ കുമാര്‍ പി., സുജ എബ്രാഹം എന്നിവരടങ്ങുന്ന 13 അംഗ ഭരണസമിതിയാണള്ളത്. ജെ. രാജിയാണു സെക്രട്ടറി.

                                    (മൂന്നാംവഴി സഹകരണ മാസിക ഡിസംബര്‍ ലക്കം)

Leave a Reply

Your email address will not be published.