ചെലവുകുറക്കാന്‍ ക്ഷീരകഷകര്‍ക്ക് ‘സൈലേജ്’; സഹകരണ സംഘങ്ങള്‍വഴി വിതരണം

[mbzauthor]

ഉല്‍പാദന ചെലവ് കൂടിയത് ക്ഷീരമേഖലയില്‍ അതിരൂക്ഷപ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പാലിന് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ പണം കന്നുകാലികളുടെ പരിപാലനത്തിന് ചെലവിടേണ്ട സ്ഥിതിയാണ്. ഇതോടെ പാലിന് വിലകൂട്ടാനുള്ള സാധ്യത കൂടി. ഇത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ കാലിത്തീറ്റയുടെ വില ചാക്കൊന്നിന് 200 രൂപവരെ കൂടിയത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. ഇതോടെയാണ് ചെലവുകുറക്കാനുള്ള ഇടക്കാലാശ്വാസമെന്നോണം ‘സൈലേജ്’ പദ്ധതിയുമായി മില്‍മ മുന്നോട്ടുവന്നത്.

പുല്ലും ചോളവുമെല്ലാം ചേര്‍ത്ത് കന്നുകാലികള്‍ക്ക് നല്‍കാവുന്ന ഒരു ഭക്ഷ്യവസ്തുവാണ് സൈലേജ്. പുല്ല്, ചോളം വിലകുറഞ്ഞ ശര്‍ക്കര (മൊളാസിസ്), ഉപ്പ് എന്നിവയുടെ ലായിനികളുടെ സാന്നിധ്യത്തില്‍ ഒന്നര മാസം വരെ വായുകടക്കാത്ത വിധം സൂക്ഷിച്ചാണ് സൈലേജ് രൂപപ്പെടുത്തുന്നത്. ഇതിലൂടെ ഫെര്‍മന്റേഷന്‍ സംഭവിക്കുന്നതിനാല്‍ അമിനോ ആസിഡും പോഷകങ്ങളും ധാരാളം ഉത്പ്പാദിപ്പിക്കപ്പെടും. വളരെ വേഗം ദഹിക്കും. കൂടുതല്‍ പാല് കിട്ടുന്നതിനും നല്ലതാണ്. പുല്ലും ചോളവും ധാരാളം ലഭ്യമാകുന്ന സീസണില്‍ സൈലേജായി മാറ്റിയാല്‍ ക്ഷാമകാലത്ത് ഉപയോഗിക്കാന്‍ സാധിക്കും. ക്ഷീര സഹകരണ സംഘങ്ങള്‍ വഴിയാണ് നിലവില്‍ സൈലെജുകള്‍ വിതരണം ചെയ്യുന്നത്.

മില്‍മ തിരുവനന്തപുരം മേഖല യൂണിയനാണ് ഇപ്പോള്‍ കറവ മൃഗങ്ങള്‍ക്ക് സൈലേജ് വിതരണം ചെയ്യുന്നതിന് ‘ഹരിതം’ എന്ന പേരില്‍ ഒരു പദ്ധതി തുടങ്ങിയത്. തമിഴ് നാട്ടില്‍ നിന്നാണ് നിലവില്‍ സൈലേജ് എത്തിച്ചിരിക്കുന്നത്. കിലോയ്ക്ക് 8 രൂപയാണ് ഈടാക്കുന്നത്. പച്ചപ്പുല്ലിന്റെ ദൗര്‍ലഭ്യം മൂലം ഉത്പാദനച്ചെലവ് ഉയരുകയും പശുക്കളുടെ ആരോഗ്യം ക്ഷയിക്കുകയും, പാലിന്റെ ഗുണനിലവാരം കുറയുകയും ചെയ്യുന്ന സാഹചര്യം പരിഗണിച്ചാണ് സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് സൈലേജ് ലഭ്യമാക്കിയത്.

മില്‍മയുടെയും കേരളഫീഡ്‌സിന്റെയും കാലത്തീറ്റകള്‍ക്ക് വിലകൂട്ടിയിട്ടുണ്ട്. അതിനാല്‍, പാല്‍ വില കൂട്ടാതെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാകില്ലെന്നാണ് ക്ഷീരസംഘങ്ങളും കര്‍ഷകരും പറയുന്നത്. പാലിന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിലയുള്ള സംസ്ഥാനം കേരളമായതിനാല്‍ അതു കൂട്ടില്ലെന്നും കര്‍ഷരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ലിറ്ററിന് 4 രൂപ വീതം ഇന്‍സെന്റീവ് ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സംവിധാനം വഴി നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇന്‍സെന്റീവ് വിതരണവും മുടങ്ങിയിരിക്കുകയാണ്. ഇതിനൊപ്പം, പൊടുന്നനെ ഉണ്ടായ തീറ്റവില വര്‍ദ്ധന കൂടിയായപ്പോള്‍ കര്‍ഷകര്‍ക്ക് ഉല്‍പാദന ചെലവ് താങ്ങാനാവാത്തതായി. നിലവിലെ സ്ഥിതിയില്‍ പാലിന് ലിറ്ററിന് അഞ്ചുരൂപയെങ്കിലും കൂട്ടാനാണ് സാധ്യത. സമിതിയുടെ റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് സര്‍ക്കാര്‍.

[mbzshare]

Leave a Reply

Your email address will not be published.