ചരിത്രവിധിയും കേന്ദ്രത്തിന്റെ തിരുത്തും

Deepthi Vipin lal

ഹകരണ മേഖലയ്ക്ക് ആശ്വാസവും ആശങ്കയും നല്‍കുന്ന കാലമാണിത്. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു ആദായനികുതി ഇളവ് നല്‍കണമെന്ന സുപ്രീം കോടതിയുടെ ചരിത്രവിധിയുണ്ടാക്കുന്ന ആശ്വാസം ചെറുതല്ല. സുപ്രീം കോടതിവരെ ഇതിനുവേണ്ടി പോരാടിയ കേരളത്തിലെ കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക്, പ്രത്യേകിച്ച് കണ്ണൂര്‍ ചിറക്കല്‍ സര്‍വീസ് സഹകരണ ബാങ്കിനു , ഇക്കാര്യത്തില്‍ അഭിമാനിക്കാം. ആദായനികുതി ഇളവ് ലഭിച്ചുവെന്നതു മാത്രമല്ല കാരണം. കാര്‍ഷിക വായ്പയുടെ തോത് നിര്‍ണയിക്കാതെ, വോട്ടവകാശം നോക്കി അംഗങ്ങളാരെന്നു വിധിയെഴുതാതെ , ആദായ നികുതിയിളവ് അനുവദിക്കണമെന്നുകൂടി സുപ്രീം കോടതി വ്യക്തമാക്കിയത് ഈ സംഘങ്ങളുടെ പോരാട്ടം കൊണ്ടാണ്. ഈ ആശ്വാസത്തിനിടയിലാണ് കേന്ദ്ര ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി പ്രാബല്യത്തില്‍ വരുന്നത്. കേരളത്തിലെ സഹകരണ മേഖലയെ ആകെ തിരുത്തുന്ന നിയമ ഭേദഗതിയാണ് കേന്ദ്രത്തില്‍ നിന്നുണ്ടായിട്ടുള്ളത്. ഇതുണ്ടാക്കുന്ന ആശങ്ക ഏറെയാണ്.

സംസ്ഥാന നിയമത്തില്‍ത്തന്നെ ഒട്ടേറെ പരിഷ്‌കരണം വേണ്ടിവരുമെന്നതാണ് കേന്ദ്ര നിയമ ഭേദഗതിയുണ്ടാക്കുന്ന പ്രധാന മാറ്റം. കേരള ബാങ്കിന്റെ ഭരണസമിതി ഘടന തിരുത്തേണ്ടിവരും. കേരള ബാങ്കിന്റെയും മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെയും ചെയര്‍മാന്മാര്‍ അയോഗ്യരാകും. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു ബാങ്ക് എന്നു പേരിനൊപ്പം ചേര്‍ക്കാനാവില്ല. സംസ്ഥാന – ജില്ലാ സഹകരണ ബാങ്കുകളിലെ വകുപ്പുതല ഓഡിറ്റര്‍മാര്‍ പുറത്താകും. ഇങ്ങനെ ഒട്ടേറെ കാര്യങ്ങളില്‍ മാറ്റം വരും. എന്നാല്‍, ഇതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ സഹകരണ വകുപ്പിനു കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. കേന്ദ്ര നിയമ ഭേദഗതി കേരളത്തിലെ സഹകരണ മേഖലയെ തര്‍ക്കുമെന്ന രാഷ്ട്രീയ പ്രസ്താവന മാത്രമാണ് ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. പ്രശ്നങ്ങള്‍ പരിശോധിക്കാനും പരിഹാര നടപടികള്‍ സ്വീകരിക്കാനും സര്‍വകക്ഷി യോഗം വിളിക്കുമെന്നു സഹകരണ മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും അതുണ്ടായിട്ടില്ല.

സംസ്ഥാനത്തിന്റെ ജനപ്രതിനിധിസഭയായ നിയമസഭയുടെ സമ്മേളനം ഈ പ്രശ്നങ്ങള്‍ക്കിടയിലാണ് നടന്നത്. ഈ സഭയില്‍ സി.എ.ജി. റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ നിരാകരിക്കാന്‍ പ്രത്യേക പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ച് പാസാക്കി. കേന്ദ്രം കൊണ്ടുവന്ന കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ നിരാകരിക്കണമെന്ന പ്രമേയം പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്താണ് സംസ്ഥാനം പാസാക്കിയത്. അതേസമയം, ഇത്രയ്‌ക്കൊന്നും ഗൗരവം ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതിയുടെ കാര്യത്തില്‍ സര്‍ക്കാരിനു തോന്നിയില്ല. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഔദ്യോഗികമായി ഒരറിയിപ്പും സംസ്ഥാനത്തിനു നല്‍കിയിട്ടില്ലെന്നാണ് സഹകരണ മന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഇതു വസ്തുതാവിരുദ്ധമാണെന്നു കാണിച്ച് റിസര്‍വ് ബാങ്ക് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു കത്ത് നല്‍കിയിരിക്കുകയാണ്. റിസര്‍വ് ബാങ്ക് ഏറെ ഗൗരവത്തോടെയാണ് ഈ വിഷയം കാണുന്നതെന്നാണ് ഇതു ബോധ്യപ്പെടുത്തുന്നത്. മിണ്ടാതിരുന്നാല്‍ ഇല്ലാതാകുന്നതല്ല നിയമ ഭേദഗതിയിലൂടെ വരാനിരിക്കുന്ന മാറ്റങ്ങള്‍. അതിനാല്‍, ഇനിയെങ്കിലും സഹകരണ വകുപ്പ് ഇതിനെ ഗൗരവത്തോടെ കാണണം.

 

– എഡിറ്റര്‍

 

Leave a Reply

Your email address will not be published. Required fields are marked *

Latest News