ഗാന്ധിമാര്‍ഗത്തിലെ മൃദു വിപ്ലവകാരി വിടപറയുമ്പോള്‍

[mbzauthor]

അസംഘടിതരും ദരിദ്രരുമായ ലക്ഷക്കണക്കിനു പാവപ്പെട്ട വനിതകളെ ശാക്തീകരിക്കാന്‍ മുന്നിട്ടിറങ്ങിയ വിഖ്യാത സാമൂഹികപ്രവര്‍ത്തകയും സഹകാരിയുമായ ഇള ഭട്ട് എണ്‍പത്തിയൊമ്പതാം വയസ്സില്‍ ജീവിതത്തില്‍ നിന്നു വിട വാങ്ങി.

‘ ദാരിദ്ര്യമെന്നാല്‍ അധികാരമില്ലായ്മയാണെന്നും തങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പാവങ്ങള്‍ക്ക് അധികാരമില്ലാത്തിടത്തോളം കാലം ദാരിദ്യം തുടച്ചുനീക്കാനാവില്ലെന്നും ലോകത്തെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്ന ഇള ഭട്ട് സ്വയം തീരുമാനങ്ങളെടുക്കുന്നതില്‍ ദരിദ്രവനിതകളെ ശാക്തീകരിക്കാനാണു ആറരപ്പതിറ്റാണ്ട് തന്റെ ജീവിതം മാറ്റിവെച്ചത്. ഒരു തുണ്ട് ഭൂമിയില്‍ പച്ചക്കറി കൃഷി ചെയ്ത്, വസ്ത്രങ്ങള്‍ നെയ്ത്, കുടുംബത്തിനും വിപണിക്കും ആവശ്യമായതു നല്‍കി, സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക-സാമൂഹിക-വിദ്യാഭ്യാസ-വൈകാരികാവശ്യങ്ങള്‍ നിറവേറ്റുന്ന, ബഹുതലത്തില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളിസ്ത്രീയാണു ഭദ്രമായ സമൂഹം കെട്ടിപ്പടുക്കുന്നത് എന്ന ഉറച്ച വിശ്വാസം ഗാന്ധിയന്‍മാര്‍ഗത്തില്‍ സഞ്ചരിച്ച ഇള ഭട്ടിനു എന്നും വഴികാട്ടിയായി.

1920 ല്‍ ഗാന്ധിജി തുടങ്ങിവെച്ച ടെക്സ്റ്റയില്‍ ലേബര്‍ അസോസിയേഷന്റെ ( ടി.എല്‍.എ ) നിയമവിഭാഗത്തില്‍ 1955 ലാണ് ഇള ഭട്ട് പ്രവര്‍ത്തിക്കാനാരംഭിച്ചത്. 1968 ല്‍ ടി.എല്‍.എ.യുടെ വനിതാ വിഭാഗം മേധാവിയായി. 1971 ല്‍ ഇസ്രായേലിലെ ടെല്‍ അവീവിലുള്ള ആഫ്രോ-ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു തൊഴില്‍-സഹകരണ വിഷയങ്ങളില്‍ ഇള ഭട്ട് അന്താരാഷ്ട്ര ഡിപ്ലോമയെടുത്തു. സ്വയം തൊഴില്‍ ചെയ്യുന്ന പാവപ്പെട്ട സ്ത്രീകളെ സംഘടിപ്പിച്ചാണു സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അസോസിയേഷന്‍ ( SEWA) എന്ന വനിതാ ട്രേഡ് യൂണിയന്‍ സ്ഥാപിച്ചത്. അമ്പതു കൊല്ലം മുമ്പു 1972 ല്‍ രൂപം കൊണ്ട സേവയില്‍ ആദ്യത്തെ മൂന്നു വര്‍ഷം അംഗങ്ങളായി ചേര്‍ന്നതു വെറും ഏഴായിരം വനിതകളാണ്. ആദ്യം വഴിയോരക്കച്ചവടക്കാരെയാണു സംഘടനയിലേക്കു കൊണ്ടുവന്നത്. ഇന്നു 21 സംസ്ഥാനങ്ങളിലായി 30 ലക്ഷത്തോളം വനിതകളാണു സംഘടനയിലുള്ളത്. തുടക്കം മുതല്‍ 1996 വരെ ഇള ഭട്ട് സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി തുടര്‍ന്നു.

മറ്റു തൊഴില്‍രംഗങ്ങളിലേക്കും സേവയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഗാന്ധിയന്‍ ആദര്‍ശങ്ങളിലധിഷ്ഠിതമായുള്ള സേവയുടെ പ്രവര്‍ത്തനം ക്രമേണ സാമൂഹികമാറ്റത്തിനുള്ള സംഘടിതപ്രസ്ഥാനമായും കരുത്തുറ്റ തൊഴില്‍-സഹകരണ-വനിതാ പ്രസ്ഥാനമായും മാറി. സേവ അംഗങ്ങള്‍ പ്രാദേശികതലങ്ങളില്‍ സഹകരണ സംഘങ്ങളും ഉല്‍പ്പാദക സംഘങ്ങളും വായ്പാ സംഘങ്ങളും രൂപവത്കരിച്ചും പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയി. 1974 ല്‍ ഇള ഭട്ട് സ്ഥാപിച്ച സേവാ സഹകരണ ബാങ്കില്‍ ലക്ഷക്കണക്കിനു സ്ത്രീകള്‍ അംഗങ്ങളാണ്. സ്വന്തം ബിസിനസ് തുടങ്ങാന്‍ താല്‍പ്പര്യമുള്ള വനിതകള്‍ക്കു ഈ സഹകരണ ബാങ്ക് ചെറുവായ്പകള്‍ നല്‍കിപ്പോരുന്നു. പാവപ്പെട്ട സ്ത്രീകള്‍ക്കു ധനസഹായം നല്‍കുന്ന ആഗോളസ്ഥാപനമായ വിമന്‍സ് വേള്‍ഡ് ബാങ്കിങ്ങിന്റെ ( WWB ) സഹസ്ഥാപകയാണ് ഇള ഭട്ട്. നാലു വര്‍ഷം സംഘടനയുടെ ചെയര്‍പേഴ്‌സനായിരുന്നു. 1986 ല്‍ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടു. സാബര്‍മതി ആശ്രമം ചെയര്‍പേഴ്‌സണായിരുന്ന ഇള ഭട്ട് പാവപ്പെട്ട സ്ത്രീത്തൊഴിലാളികളുടെ അവസ്ഥയെക്കുറിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ട ദേശീയ കമ്മീഷന്റെ അധ്യക്ഷയായും പ്രവര്‍ത്തിച്ചു. മനുഷ്യാവകാശങ്ങള്‍ക്കും സമാധാനത്തിനുംവേണ്ടി പ്രവര്‍ത്തിക്കാന്‍ നെല്‍സന്‍ മണ്ടേലയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട സാമൂഹികപ്രവര്‍ത്തകരുടെ ആഗോള സംഘടനയായ എല്‍ഡേഴ്‌സില്‍ ഇള ഭട്ട് അംഗമായിരുന്നു. പത്മഭൂഷണ്‍ മുതല്‍ രമണ്‍ മഗ്‌സാസെ അവാര്‍ഡ്‌വരെ ഇള ഭട്ടിനു ലഭിച്ച പുരസ്‌കാരങ്ങളില്‍പ്പെടും.

സുമന്ദറായി ഭട്ട് എന്ന അഭിഭാഷകന്റെ മകളായി 1933 ല്‍ അഹമ്മദാബാദില്‍ ജനിച്ച ഇള ഭട്ട് അച്ഛന്റെ പാത പിന്തുടര്‍ന്നാണു നിയമബിരുദമെടുത്തത്. എന്നാല്‍, സ്ത്രീപ്രസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന അമ്മ വനലീലാ വ്യാസിന്റെ സാമൂഹികപ്രവര്‍ത്തനപാതയും ഇളയെ ഏറെ സ്വാധീനിച്ചിരുന്നു. മുംബൈ എസ്.എന്‍.ഡി.ടി. വിമന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് അധ്യാപികയായാണ് ഔദ്യോഗികജീവിതമാരംഭിച്ചത്.

പാവപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ സ്ത്രീജനതയായിരുന്നു ഇള ഭട്ടിന്റെ മുന്നിലുണ്ടായിരുന്നത്. ദാരിദ്ര്യത്തില്‍ നിന്നുള്ള ഓരോ സ്ത്രീയുടെയും മോചനം അവരുടെ കുടുംബത്തിന്റെയും കൂടി മോചനമായാണു ഇള ഭട്ട് കണ്ടത്. സൗമ്യമായ പെരുമാറ്റവും ദൃഢതയുള്ള കാഴ്ച്ചപ്പാടും പ്രവര്‍ത്തനരീതിയുമാണ് ഇളയെ ‘ മൃദു വിപ്ലവകാരി ‘ എന്ന വിശേഷണത്തിനര്‍ഹയാക്കിയത്. ഏതു രാജ്യത്തും ദാരിദ്യത്തിനുള്ള പരിഹാരമാര്‍ഗം സഹകരണമാണെന്നു അവര്‍ ഉറച്ചുവിശ്വസിച്ചിരുന്നു. 2021 ല്‍ ലോക സഹകരണ കോണ്‍ഗ്രസ്‌വേദിയില്‍ മുഖ്യപ്രഭാഷണം നടത്തിയപ്പോഴും ഇക്കാര്യം ഊന്നിപ്പറയാന്‍ ഇള ഭട്ട് ശ്രദ്ധിച്ചിരുന്നു.

2006 ല്‍ പുറത്തുവന്ന ഇള ഭട്ടിന്റെ ആദ്യപുസ്തകമായ We are poor but so many ; The story of Self-employed women in India യില്‍ സേവയുടെ ഉദയവും തുടക്കകാലത്തു നേരിടേണ്ടിവന്ന പ്രയാസങ്ങളുമൊക്കെ വിവരിക്കുന്നുണ്ട്. Anubandh: Building Hundred Mile Communities ( 2016 ), Women, Work and Peace ( 2020 ) എന്നിവയാണ് ഇള ഭട്ടിന്റെ മറ്റു പുസ്തകങ്ങള്‍. ‘ ഞാന്‍ ആദരിക്കുന്ന ഒട്ടേറെ മഹനീയവ്യക്തികള്‍ ലോകമെങ്ങുമുണ്ട്. അതിലൊരാള്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റായ ഇളാ ഭട്ടാണ് ‘ എന്ന് ഒരിക്കല്‍ പറഞ്ഞതു മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റനാണ്.

[mbzshare]

Leave a Reply

Your email address will not be published.