ഖാദി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ജനകീയ ക്യാമ്പയിനുമായി കണ്ണൂര്‍
Deepthi Vipin lalAugust 1 2021,11:59 am
കോവിഡും ലോക്ഡൗണും പ്രതിസന്ധിയിലാക്കിയ ഖാദി മേഖലയെ സഹായിക്കാന്‍ ജനകീയ കാമ്പയിനുമായി കണ്ണൂര്‍ ജില്ലാ ഭരണകൂടം രംഗത്ത്. ഖാദി സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഓണത്തിനു 30 ശതമാനം വിലക്കിഴിവില്‍ വിറ്റഴിക്കാനാണു പരിപാടി.
കോവിഡ് മൂലം രണ്ട് വര്‍ഷമായി വില്‍പ്പനയൊന്നും നടത്താനാകാതെ ലക്ഷക്കണക്കിന് രൂപയുടെ ഖാദി ഉല്‍പ്പന്നങ്ങളാണ് കെട്ടിക്കിടക്കുന്നത്.
തൊഴിലാളികളെ ജോലി മുടങ്ങാതെ സഹായിക്കേണ്ടതിനാല്‍ ഉല്‍പ്പാദനം നിര്‍ത്തിവെക്കാനുമാവുന്നില്ല. ഉത്സവ സീസണുകളില്‍ സര്‍ക്കാര്‍ നല്‍കുന്ന റിബേറ്റാണ് ഖാദി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലെ പ്രധാന ആകര്‍ഷണം.കഴിഞ്ഞ ഓണം, വിഷു തുടങ്ങിയ ഉത്സവ സീസണുകളിലൊന്നും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനായില്ല.
ഈ ഓണത്തിനെങ്കിലും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനായില്ലെങ്കില്‍ മേഖല പൂര്‍ണമായും തകരുമെന്ന് ഖാദി സംഘങ്ങള്‍ പറയുന്നു. തുണിത്തരങ്ങള്‍ക്ക് പുറമെ മറ്റ് പല സാധനങ്ങളും ഖാദി സംഘങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് എല്ലാ മാസവും ഉണ്ടാകുന്നത്. ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചില്ലെങ്കില്‍ സംഘങ്ങള്‍ അടച്ചുപൂട്ടേണ്ടി വരും . പതിനായിരത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാവുകയും ചെയ്യും.
ഈ സാഹചര്യത്തിലാണ് ഖാദി സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് മാതൃക കാണിച്ചുകൊണ്ട് കണ്ണൂര്‍ ജില്ലാ ഭരണകൂടം
ഇടപെട്ട് ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിച്ചിട്ടുള്ളത്. 30 ശതമാനം വിലക്കിഴിവിലാവും ഓണത്തിന് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്.പ്രധാന കേന്ദ്രങ്ങളിലെല്ലാം ഖാദി ഔട്ട്‌ലെറ്റുകള്‍ ഒരുക്കും. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമായും കുടുംബശ്രീയുമായും സഹകരിച്ചും വിപണനം നടത്താന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായി 500, 1000 രൂപയുടെ കൂപ്പണുകള്‍ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്തുതുടങ്ങി.500 രൂപയുടെ 1000 കൂപ്പണുകള്‍ കുടുംബശ്രീ വാങ്ങിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയുടെ വില്‍പ്പന ഇതിലൂടെ സാധ്യമാകും.സഹകരണ സ്ഥാപനങ്ങള്‍ 500 രൂപയുടെ 500 കൂപ്പണുകള്‍ വാങ്ങി അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 50,000 രൂപയുടെ ഉല്‍പ്പന്നങ്ങള്‍ ആറ് തവണകളായി തിരിച്ചടയ്ക്കാവുന്ന രീതിയില്‍ ലഭ്യമാക്കും. ഡി.ടി.പി.സി.യുമായി സഹകരിച്ച് അനാഥാലയങ്ങളിലെയും വയോജന കേന്ദ്രങ്ങളിലെയും അന്തേവാസികള്‍ക്ക്
ഓണക്കോടിയും നല്‍കും.