കൺസ്യൂമർഫെഡ് ജീവനക്കാർ 2500രൂപയുടെ നോട്ടുബുക്കുകൾ വിൽക്കണമെന്ന് എം.ഡി.
കോവിഡ് സാഹചര്യത്തിൽ സ്കൂൾ വിപണി നഷ്ടപ്പെട്ടതിനാൽ കൺസ്യൂമർഫെഡിലെ ഓരോ ജീവനക്കാരനും 2500 രൂപയുടെ ത്രിവേണി നോട്ട് ബുക്കുകൾ വാങ്ങി സ്വന്തം നിലയിൽ വിൽക്കണമെന്ന് മാനേജിങ് ഡയറക്ടറുടെ സർക്കുലർ. ഓരോ ജീവനക്കാരനും 2500 രൂപയിൽ കുറയാത്ത നോട്ടുബുക്കുകൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിൽക്കുകയും വിവരം അടുത്ത ശമ്പള തീയതിക്ക് മുൻപ് റീജണൽ ഓഫീസിൽ അറിയിക്കുകയും വേണം. ഇതിന് പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണമെന്നും എംഡി യുടെ സർക്കുലറിൽ പറയുന്നു.
ബുക്കുകളുടെ തുക കുറച്ച് അതിനുശേഷം ജൂണിലെ ശമ്പളം നൽകാൻ റീജണൽ മാനേജർമാർ ശ്രദ്ധിക്കണമെന്നും സർക്കുലറിൽ പറയുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ട് ജൂലൈ 3ന് അകം ഹെഡ് ഓഫീസിൽ സമർപ്പിക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കുന്നതിനും കൺസ്യൂമർഫെഡിന്റെ നിലനിൽപ്പിനും വേണ്ടി എല്ലാവരും സഹകരിക്കണം എന്നാണ് എംഡി യുടെ അഭ്യർത്ഥന.