കൺസ്യൂമർഫെഡ് ഈ മാസം 17ന് നിശ്ചലമാകും. മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു യൂണിയനാണ് പണിമുടക്കുന്നത്.

adminmoonam

കൺസ്യൂമർഫെഡ് ഈ മാസം 17ന് നിശ്ചലമാകും.കേരളത്തിലെ പൊതു വിതരണ രംഗത്തെ പ്രധാനപ്പെട്ട , കൺസ്യൂമർഫെഡിലെ ജീവനക്കാർ ജൂലൈ 17നു സംസ്ഥാന വ്യാപകമായി പണിമുടക്കും. മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ചാണ് സമരം.

സൂചനാസമരമെന്നോണം അതത് ജില്ലകളിൽ  സമരങ്ങൾ നടത്തിയെങ്കിലും മാനേജ്മെന്റ് അത് ചെവിക്കൊള്ളാത്ത സാഹചര്യത്തിലാണ് കൺസ്യൂമർഫെഡിനെ മുഴുവനായി നിശ്ചലമാക്കി കൊണ്ടുള്ള പ്രത്യക്ഷ സമര പരിപാടിയിലേക്ക് സിഐടിയു നിയന്ത്രണത്തിലുള്ള കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പണിമുടക്കുന്നത്.

കൺസ്യൂമർഫെഡിന് കീഴിൽ വിവിധ വിഭാഗങ്ങളിലായി ഏകദേശം മൂവായിരത്തിലധികം ജീവനക്കാരാണുള്ളത്. ഇതിൽ 2000 ലധികം ജീവനക്കാർ സിഐടിയു നേതൃത്വത്തിലുള്ള വർക്കേഴ്സ് അസോസിയേഷനിൽ ആണ്. നിരവധിതവണ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് മാനേജ്മെന്റിനു  കത്ത് നൽകിയിട്ടും  മാന്യമായ ചർച്ചയ്ക്കുപോലും തയ്യാറായിട്ടില്ലെന്ന് യൂണിയൻ നേതാക്കൾ ആരോപിക്കുന്നു. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ഭരണസമിതിയാണ് കൺസ്യൂമർഫെഡ് ഭരിക്കുന്നത്. എം. മെഹബൂബ് ആണ് ചെയർമാൻ.

സിഐടിയുവിന്റെ ആഹ്വാനപ്രകാരമാണ് പ്രത്യക്ഷ സമരത്തിന് വർക്കേഴ്സ് അസോസിയേഷൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. 17 ന്റെ സമരം കൺസ്യൂമർഫെഡിനെ മുഴുവനായി സ്തംഭിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News