കൺസ്യൂമർഫെഡിന്റെ 1850 സഹകരണ ഓണചന്തകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു: കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിക്കണമെന്ന് മുഖ്യമന്ത്രി.
സഹകരണ വകുപ്പിന് കീഴിൽ കൺസ്യൂമർഫെഡ് നടത്തുന്ന ഓണ സഹകരണ ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈൻവഴി നിർവഹിച്ചു. നാളെ മുതൽ 30 വരെ ചന്തകൾ പ്രവർത്തിക്കും. സഹകരണ ഓണച്ചന്തകൾ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. അത് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
13 ഇനം നിത്യോപയോഗ സാധനങ്ങളാണ് 50 ശതമാനത്തിലധികം വിലക്കുറവിൽ നൽകുന്നത്. ഒപ്പം 30 ശതമാനം വരെ വിലക്കുറവിൽ മറ്റ് നിത്യോപയോഗ സാധനങ്ങളും ചന്തയിൽ ലഭിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് 1850 സഹകരണ ഓണചന്തകളാണ് ആരംഭിക്കുന്നത്. നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തെ കരകയറ്റിയത് കൺസ്യൂമർഫെഡിലെ തൊഴിലാളികളാണെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുകയിൽ 50% സഹകരണമേഖല സംഭാവന നൽകിയതാനെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തെ പരിപാടിയിൽ ആദ്യവില്പന സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി നിർവഹിച്ചു. കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ്, പ്രമുഖ സഹകാരികൾ, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.