ക്ഷീര സംഘങ്ങള്‍ക്ക് പുനര്‍ജനി
‘- സ്റ്റാഫ് പ്രതിനിധി
(2020 നവംബര്‍ ലക്കം )
കേരളത്തിലെ പ്രളയം ക്ഷീരമേഖലയെ തളര്‍ത്തിയെങ്കിലും ക്ഷീര സഹകരണ സംഘങ്ങളിലൂടെ പാലില്‍ സ്വയംപര്യാപ്തത കൈവരിക്കാനാവുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍
സുഭിക്ഷകേരളം പദ്ധതി നടപ്പാക്കുകയും ക്ഷീരമേഖലകള്‍ക്ക് ഊന്നല്‍ നല്‍കുകയും ചെയ്തതോടെ ക്ഷീര സഹകരണ സംഘങ്ങള്‍ക്കും ജീവന്‍വെച്ചു തുടങ്ങി. സംസ്ഥാനത്ത് പ്രവര്‍ത്തനം നിലച്ചുപോയ 113 ക്ഷീര സംഘങ്ങള്‍ ഇതിനകം പുനരാരംഭിച്ചു. 114 ക്ഷീര സംഘങ്ങള്‍ പുതുതായി തുടങ്ങുകയും ചെയ്തു. പാലുല്‍പ്പാദനത്തില്‍ കേരളം സ്വയംപര്യാപ്തതയുടെ തൊട്ടടുത്ത് നില്‍ക്കുകയാണ്. സ്വയംപര്യാപ്തത ലക്ഷ്യമിട്ട് നടത്തിയ പദ്ധതികളെല്ലാം കൂടുതല്‍ ശക്തമാക്കാനും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ക്ഷീര ഗ്രാമം പദ്ധതി. പ്രതിദിനം 87 ലക്ഷം ലിറ്റര്‍ പാലാണ് കേരളത്തിലെ ഉപയോഗത്തിന് വേണ്ടത്. ഇതില്‍ 82 ലക്ഷം ലിറ്റര്‍ ഇവിടെത്തന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 2018-19 ല്‍ ക്ഷീരമേഖലയിലുണ്ടാക്കിയ നേട്ടം കണക്കിലെടുത്ത് ഇന്ത്യാ ടുഡേ പുരസ്‌കാരം കേരളത്തിന് ലഭിച്ചിരുന്നു.
പ്രളയമാണ് കേരളത്തിന്റെ ക്ഷീരമേഖലയെ പിന്നോട്ടടിപ്പിച്ചത്. എങ്കിലും, ക്ഷീര സംഘങ്ങളിലൂടെ പാലില്‍ സ്വയംപര്യാപ്തത കൈവരിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. കന്നുകാലി വളര്‍ത്തലിലേക്ക് കൂടുതല്‍പേരെ എത്തിക്കുകയും അങ്ങനെ ഉല്‍പ്പാദിപ്പിക്കുന്ന പാല്‍ ക്ഷീര സംഘങ്ങളിലൂടെ ശേഖരിക്കുകയുമാണ് ലക്ഷ്യമിടുന്നത്. പാല്‍ സംഭരണത്തിനും സംസ്‌കരണത്തിനും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും പദ്ധതികളുണ്ട്. മറ്റ് സഹകരണ സംഘങ്ങളിലൂടെ ശീതീകരണ സംഭരണികളും സംസ്‌കരണ യൂണിറ്റുകളും തുടങ്ങാനുള്ള പദ്ധതികളും കേന്ദ്ര ഏജന്‍സികള്‍ വഴി അനുവദിക്കുന്നുണ്ട്. ഗ്രാമീണ മേഖലയില്‍നിന്ന് പാല്‍ ശേഖരിക്കാന്‍ ശീതീകരിച്ച സംഭരണിയോടെയുള്ള വാഹനങ്ങള്‍ വാങ്ങാന്‍ ഏതു സഹകരണ സംഘത്തിനും നബാര്‍ഡ് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. അധികമായി ലഭിക്കുന്ന പാല്‍ പൊടിയാക്കി സൂക്ഷിക്കാനുള്ള സംവിധാനം കേരളത്തിലില്ല എന്നതാണ് ഒരു പോരായ്മ. കോവിഡ് വ്യാപനത്തിന്റെ ഘട്ടത്തിലാണ് ഈ പ്രശ്‌നം കേരളത്തെ ബാധിച്ചത്. തമിഴ്‌നാട്ടിലെ പ്ലാന്റിലാണ് കേരളത്തിലെ പാലും പൊടിയാക്കി മാറ്റുന്നത്. ലോക്ഡൗണില്‍ ഇത് സാധ്യമാകാതെ വന്നതോടെ ശേഖരിച്ച പാല്‍ നശിപ്പിക്കേണ്ടിവന്നു. സംഭരണം നിര്‍ത്തിയപ്പോള്‍ ക്ഷീര കര്‍ഷകരുടെ ജീവിതത്തെ ബാധിച്ചു. ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കിയ അനുഭവ പാഠത്തില്‍നിന്ന് കേരളത്തില്‍ പാല്‍പ്പൊടി നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാനുള്ള പദ്ധതിയും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
53 പഞ്ചായത്തുകളില്‍ ക്ഷീരഗ്രാമം
സംയോജിത ക്ഷീര പദ്ധതിയായ ‘ ക്ഷീര ഗ്രാമം ‘ കൂടുതല്‍ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 25 പഞ്ചായത്തുകളിലാണ് ഈ വര്‍ഷം അധികമായി ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്നത്. 2016-17 ല്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ പദ്ധതി തുടങ്ങിയത്. മൂന്നുപഞ്ചായത്തുകളിലാണ് നടപ്പാക്കിയത്. അടുത്ത വര്‍ഷം അഞ്ചു പഞ്ചായത്തുകളിലും പിന്നീടുള്ള രണ്ട് സാമ്പത്തിക വര്‍ഷം 10 വീതം പഞ്ചായത്തുകളിലും നടപ്പാക്കി. പാലുല്‍പ്പാദനം കൂടിയെന്നു മാത്രമല്ല, ഒരു സംരംഭം എന്ന നിലയില്‍ കന്നുകാലി വളര്‍ത്തലിലേക്ക് കൂടുതല്‍ പേര്‍ എത്തുകയും ചെയ്തു. ഇതോടെയാണ് 25 പഞ്ചായത്തുകളെക്കൂടി ഈ വര്‍ഷം ഉള്‍പ്പെടുത്തിയത്. ഇപ്പോള്‍ 53 പഞ്ചായത്തുകളിലാണ് സംയോജിത ക്ഷീരവികസന പദ്ധതിയുള്ളത്.
കര്‍ഷകരുടെ സാമൂഹിക-സാമ്പത്തിക വികസനം എന്നതാണ് ക്ഷീര ഗ്രാമം പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം. ക്ഷീരോല്‍പ്പാദനത്തിന് സാധ്യതയുള്ളതും വികസനം അനിവാര്യമായതുമായ പഞ്ചായത്തുകളിലാണ് ഇത് നടപ്പാക്കുന്നത്. പശുവിനെ വാങ്ങുന്നതുമുതല്‍ ഫാം തുടങ്ങാനും അനുബന്ധ ഉപകരണങ്ങള്‍ വാങ്ങാനുമെല്ലാം സാമ്പത്തിക സഹായം ഈ പദ്ധതിയിലൂടെ നല്‍കുന്നുണ്ട്. തിരഞ്ഞെടുത്ത പഞ്ചായത്തുകള്‍ക്ക് 50 ലക്ഷം രൂപ വീതമാണ് ചെലവഴിക്കുന്നത്. ഇതുവരെ 3140 കറവപ്പശുക്കളെയും 535 കിടാരികളെയും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു. ഉരുക്കളുടെ എണ്ണം കൂട്ടിയതിന്റെ ഫലം പാലുല്‍പ്പാദനത്തിലും പ്രകടമായി. പ്രളയം, കാലവര്‍ഷം, മറ്റു ദുരന്തങ്ങള്‍, കോവിഡ് തുടങ്ങിയ പ്രതിസന്ധികളില്ലായിരുന്നെങ്കില്‍ പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തതയെന്ന ലക്ഷ്യം കേരളം ഇതിനകം കൈവരിക്കുമായിരുന്നുവെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.
പുതിയ സംരംഭകര്‍ക്ക് രണ്ടു പശുക്കളെ വീതം കിട്ടാനും അഞ്ച് പശുക്കള്‍ വീതമുള്ള ഡെയറി യൂണിറ്റ് സ്ഥാപിക്കാനും നിലവിലെ കര്‍ഷകര്‍ക്ക് പശുക്കളുടെ എണ്ണം കൂട്ടാനും സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്. പശുവിനൊപ്പം കിടാരികളെ വാങ്ങാന്‍ ധനസഹായം നല്‍കുന്ന കോമ്പോസിറ്റ് ഡെയറി യൂണിറ്റ് പദ്ധതിയും ക്ഷീര ഗ്രാമത്തിന്റെ ഭാഗമാണ്. നിരവധി യുവാക്കളും വിദേശത്തു നിന്ന് കോവിഡ് പ്രതിസന്ധി മൂലം നാട്ടില്‍ മടങ്ങിയെത്തിയവരും ഈ പദ്ധതിയിലേക്ക് വന്നിട്ടുണ്ടെന്നാണ് ക്ഷീര വകുപ്പിന്റെ റിപ്പോര്‍ട്ട്. ഗുണനിലവാരം നിലനിര്‍ത്തിക്കൊണ്ട് പാല്‍ സംഭരണം, സൂക്ഷിപ്പ്, ശീതീകരണം, വിതരണം എന്നിവയെല്ലാം ഉറപ്പുവരുത്തുന്നതിന് ഹൈജീനിക് മില്‍ക്ക് കളക്ഷന്‍ മുറികള്‍ മികച്ച രീതിയില്‍ സജ്ജമാക്കാനും ക്ഷീരസംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനായി 294 ക്ഷീര സംഘങ്ങള്‍ക്കാണ് ധനസഹായം നല്‍കിയിട്ടുള്ളത്. ഇതിനു പുറമെയാണ് സുഭിക്ഷ കേരളം പദ്ധതിയിലൂടെ നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍. സുഭിക്ഷ കേരളത്തില്‍ 215 കോടി രൂപയുടെ പദ്ധതിയാണ് ക്ഷീര മേഖലയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിന് നബാര്‍ഡിന്റെ വായ്പ ഉറപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് കന്നുകാലികളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
100 കോടിയുടെ കേന്ദ്ര സഹായം
രാജ്യത്തെ ക്ഷീര സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരും തീരുമാനിച്ചു. ക്ഷീര സംഘങ്ങളുടെ പ്രവര്‍ത്തന മൂലധനത്തിനായി 100 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ദേശീയ ക്ഷീര വികസന ബോര്‍ഡ് വഴിയാണ് ഇത് നടപ്പാക്കുന്നത്. ക്ഷീര സഹകരണ സ്ഥാപനങ്ങളെയും കര്‍ഷക ഉടമസ്ഥതയിലുള്ള ക്ഷീര ഉല്‍പ്പാദനക്കമ്പനികളെയും സഹായിക്കുന്നതിനാണിത്. പാല്‍ സംഭരണം കൂട്ടുകയും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുകയും ചെയ്യാന്‍ സംഘങ്ങളെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. മിച്ചം വന്ന പാലിനെ ഉയര്‍ന്ന സംഭരണ കാലാവധിയുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായ പാല്‍പ്പൊടി, വെളുത്ത വെണ്ണ, നെയ്യ്, യു.എച്ച്.ടി. പാല്‍ എന്നിവയിലേക്ക് മാറ്റാന്‍ സഹായിക്കുമെന്നാണ് കേന്ദ്ര ക്ഷീര വികസന മന്ത്രാലയത്തിന്റെ പ്രഖ്യാപനം.
രാജ്യത്തെ ഭൂരിഭാഗം ക്ഷീര സംഘങ്ങളും പ്രവര്‍ത്തന മൂലധനത്തിന്റെ അഭാവം നേരിടുന്നവയാണ്. സംഭരണത്തോത് ഉയര്‍ത്താനും ക്ഷീര കര്‍ഷകര്‍ക്ക് വേതനം നല്‍കാനും ഇത് തടസ്സമുണ്ടാക്കുന്നുണ്ട്. ഉയര്‍ന്ന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായ ഐസ്‌ക്രീം, സുഗന്ധമുള്ള പാല്‍, നെയ്യ്, ചീസ് എന്നിവയ്ക്കും തൈര്, കോട്ടേജ് ചീസ് എന്നിവയ്ക്കും ആവശ്യക്കാര്‍ കുറഞ്ഞതും ക്ഷീര സംഘങ്ങളെ പ്രതിസന്ധിയിലാക്കിയെന്നാണ് കേന്ദ്രസര്‍ക്കാരിന് ലഭിച്ച റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂലധന സഹായ പദ്ധതി പ്രഖ്യാപിച്ചത്. പ്രതിവര്‍ഷം രണ്ട് ശതമാനം പലിശയ്ക്കാണ് സഹായധനം അനുവദിക്കുന്നത്. ഇത് സമയബന്ധിതമായി തിരിച്ചടക്കുമ്പോള്‍ പലിശത്തുക സേവനമായി കര്‍ഷകര്‍ക്ക് ലഭ്യമാക്കും. അതിനൊപ്പം, രണ്ടു ശതമാനം പലിശയ്ക്ക് തുല്യമായ അധിക സഹായവും അനുവദിക്കും. ഇങ്ങനെ മൊത്തത്തില്‍ നാല് ശതമാനം പലിശ സഹായധനം കൃത്യതയോടെ പ്രവര്‍ത്തിക്കുന്ന ക്ഷീര സംഘങ്ങള്‍ക്ക് ലഭിക്കും.
കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയിലാകെ സഹകരണ സംഘങ്ങളിലൂടെയുള്ള പാല്‍ സംഭരണം കൂടിയിട്ടുണ്ട്. പാല്‍ സംഭരണ മേഖലയിലെ സ്വകാര്യ ഏജന്‍സികള്‍ പലതും പൂട്ടിപ്പോയതായും റിപ്പോര്‍ട്ടുണ്ട്. പാല്‍ സംഭരണവും ക്ഷീര കര്‍ഷകര്‍ക്കുള്ള സഹായവും സഹകരണ സംഘങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നതാണ് സര്‍ക്കാര്‍ പദ്ധതികള്‍. ഇതാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയായത്. സഹകരണ സംഘങ്ങളുടെയും എഫ്.പി.സി.കളുടെയും പാല്‍ സംഭരണം എട്ട് ശതമാനം വര്‍ധിച്ചപ്പോള്‍ ഇതര മേഖലയിലെ വില്‍പ്പന ആറ് ശതമാനം കുറഞ്ഞു.
ക്ഷീരവികസനം സംഘങ്ങളിലൂടെ
ക്ഷീര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ക്ഷീര സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുകയും നവീകരിക്കുകയുമാണ് വേണ്ടത് എന്നത് ‘ആനന്ദ് ‘ മാതൃക നല്‍കിയ പാഠമാണ്. മലയാളിയായ ഡോ. വര്‍ഗീസ് കുര്യനാണ് ധവളവിപ്ലവത്തിന് ഇന്ത്യയില്‍ നേതൃത്വം നല്‍കിയത്. ആ ഘട്ടത്തില്‍നിന്ന് കേരളം ഒട്ടേറെ മുന്നേറി. പക്ഷേ, ക്ഷീര വികസനം ക്ഷീര സംഘങ്ങളിലൂടെയെന്ന അടിസ്ഥാന കാഴ്ചപ്പാട് മാറ്റാതെയാണ് കേരളം ഇന്നും പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.
കന്നുകാലി വളര്‍ത്തല്‍ നിരവധിപ്പേരുടെ ഉപജീവന മാര്‍ഗമാണ്. അത് ക്ഷീര സംഘങ്ങളുടെ പിറവിക്ക് ശേഷം സംഭവിച്ചതല്ല. ചായക്കടകളില്‍ പാലു നല്‍കി വരുമാനം നേടുന്ന ക്ഷീര കര്‍ഷക രീതിയില്‍നിന്നാണ് സഹകരണ സംഘങ്ങളിലൂടെ സംഘടിത പാലുല്‍പ്പാദന വിപണന രീതിയിലേക്ക് മാറുന്നത്. 1952 ല്‍ തിരു-കൊച്ചി സംസ്ഥാനത്ത് ക്ഷീര സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ 01-ഡി നമ്പറായി രജിസ്റ്റര്‍ ചെയ്ത മംഗലപുരം ക്ഷീര വ്യവസായ സംഘമാണ് സംസ്ഥാനത്ത് ആദ്യമായി രൂപവത്കരിച്ച ക്ഷീര സംഘം എന്നാണ് കരുതപ്പെടുന്നത്.
1940 കളില്‍ ബോംബെയില്‍ രൂപവത്കരിച്ച ക്ഷീര വികസന വകുപ്പിന്റെ മാതൃകയാണ് കേരളം സ്വീകരിച്ചത്. 1962 ല്‍ സി.പി. പൗലോസ് ഭക്ഷ്യ, മൃഗ സംരക്ഷണ മന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാനത്ത് ക്ഷീര വികസന വകുപ്പ് രൂപവത്കരിച്ചു. എന്‍. ബാലകൃഷ്ണ പിള്ളയായിരുന്നു ഡയരക്ടര്‍. ആദ്യം തിരുവനന്തപുരത്ത് ഡയരക്ടറേറ്റും അതിനോട് ചേര്‍ന്ന് ജില്ലാ ഓഫീസുമായി ചുരുക്കം ജീവനക്കാരുമായി തുടങ്ങിയ ക്ഷീര വികസന വകുപ്പ് പിന്നീട് എറണാകുളത്തും കോഴിക്കോട്ടും ജില്ലാ ഓഫീസുകള്‍ തുടങ്ങി. ഗുജറാത്തിലെ ആനന്ദില്‍ തുടങ്ങിയ ധവള വിപ്ലവം കേരളത്തെയും സ്വാധീനിച്ചു. 1970 മുതല്‍ ദേശീയ തലത്തില്‍ നടപ്പാക്കിയ ഓപ്പറേഷന്‍ ഫ്‌ളഡ് പദ്ധതിയിലൂടെ സംസ്ഥാനത്തും ക്ഷീര മേഖലയില്‍ അഭൂതപൂര്‍വ്വമായ കുതിച്ചു ചാട്ടമുണ്ടായി. സഹകരണ സംഘങ്ങളിലൂടെ സംഘടിതമായ പാല്‍ സംഭരണമെന്ന ആശയത്തിന് ബലം കൈവരുന്നത് ഈ ഘട്ടത്തിലാണ് .
1980 ല്‍ തിരുവനന്തപുരം മേഖലാ യൂണിയനും എറണാകുളം മേഖലാ യൂണിയനും ക്ഷീര വികസന വകുപ്പിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തു. ഈ കാലഘട്ടത്തില്‍ നൂറുകണക്കിന് ക്ഷീര സംഘങ്ങളുടെ രൂപവത്കരണം നടന്നു. 1983 ല്‍ കോഴിക്കോട് കേന്ദ്രമാക്കി ഒരു പരിശീലന കേന്ദ്രം തുടങ്ങി. ഇതിനു പിന്നാലെ തിരുവനന്തപുരം , കോട്ടയം , ആലത്തൂര്‍ , ഓച്ചിറ എന്നിവിടങ്ങളിലും പരിശീലന കേന്ദ്രങ്ങള്‍ നിലവില്‍വന്നു. 1996 ല്‍ സംസ്ഥാന ഫെഡറേഷന്‍ , മേഖലാ യൂണിയനുകള്‍, പ്രാഥമിക ക്ഷീര സംഘങ്ങള്‍ എന്നിവ ഉള്‍പ്പെട്ട ക്ഷീര സഹകരണ ശൃംഖലയുടെ നിയന്ത്രണം ക്ഷീര വികസന വകുപ്പിനു ലഭിച്ചു. ഇന്ത്യയില്‍ ആദ്യമായി ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപവത്കരിച്ചതു കേരളത്തിലാണ്. 2006 ജനുവരി അഞ്ചിനാണ് ബോര്‍ഡ് നിലവില്‍വന്നത്. ഇപ്പോള്‍, ക്ഷീര ഗ്രാമത്തിലൂടെയും കന്നുകാലി വളര്‍ത്തല്‍ സംരംഭമാക്കി പ്രോത്സാഹിപ്പിക്കുന്നതിലൂടെയും പാലില്‍ സ്വയംപര്യാപ്തതയിലേക്ക് കേരളം നടന്നടുക്കുകയാണ്. ഇതിന് വഴിയൊരുക്കുന്നതും സഹകരണ സംഘങ്ങളാണെന്നത് ഈ കൂട്ടായ്മയുടെ ശക്തി ബോധ്യപ്പെടുത്തുന്നു.
[mbzshare]