ക്ഷീരകർഷകർക്ക് താങ്ങായി മിൽമ: വയനാട് ജില്ലയിൽ വെറ്റനറി ഡോക്ടർമാരുടെ സൗജന്യ സേവനം.
ശക്തമായ മഴയിൽ ദുരന്തം വിതച്ച വയനാട് ജില്ലയിലെ ക്ഷീരകർഷകരെ സഹായിക്കാനായി മിൽമഎത്തി. മഴയിലും പ്രളയത്തിലും അസുഖം വന്ന പശുക്കൾക്കും രോഗ പ്രതിരോധത്തിനുമായാണ് മിൽമ ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചിരിക്കുന്നതെന്ന് മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ പറഞ്ഞു.
മേപ്പാടി കുന്നംപേട്ട യൂണിറ്റിലെ അസിസ്റ്റന്റ് വെറ്റിനറി ഓഫീസറായ ഡോക്ടർ അൽക്ക റോസിറ്റ ബെന്നിയുടെ നേതൃത്വത്തിലാണ് ഡോക്ടർമാർ ചികിത്സയും മരുന്നും നൽകുന്നത്. ഇവർ മിൽമയുടെ തന്നെ സ്റ്റാഫ് ആണ്. ഇവർക്കൊപ്പം പൂക്കോട് വെറ്റിനറി യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാരും ഉണ്ട്. ക്ഷീരകർഷകർക്ക് പശുക്കൾ ക്കുള്ള ചികിത്സയ്ക്കൊപ്പം തന്നെ പരമാവധി മരുന്നുകളും സൗജന്യമായി നൽകുന്നുണ്ട്. വയനാട് ജില്ലയിൽ എവിടെയും മിൽമയുടെ ഈ സേവനം ലഭിക്കും. ക്ഷീരസംഘങ്ങൾ വഴി ക്യാമ്പുകൾ സംഘടിപ്പിച്ചാണ് ഡോക്ടർമാരുടെ സംഘം പരമാവധി പരിശോധനയ്ക്കായി എത്തുന്നത്. ഡോക്ടറുടെ സേവനത്തിനായി മിൽമ ഡയറികളിലോ ക്ഷീര സംഘങ്ങളിലോ ബന്ധപ്പെടാവുന്നതാണ്.