ക്രഡിറ്റ് ബിസിനസ് ചെയ്താല്‍ ക്രഡിറ്റ് സംഘമെന്ന് ജെ.ആര്‍.; വനിത സംഘം പ്രസിഡന്റിനെ അയോഗ്യയാക്കി
സഹകരണ ചട്ടത്തിന് പുതിയ വ്യാഖാനം നല്‍കി കാസര്‍ക്കോട് ജോയിന്റ് രജിസ്ട്രാര്‍ എടുത്ത നടപടി ഒടുവില്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാരിന്റെ മുമ്പില്‍. ക്രഡിറ്റ് ബിസിനസ് ചെയ്യുന്ന സംഘം ക്രഡിറ്റ് സംഘമാകില്ലേയെന്നാണ് ജോയിന്റ് രജിസ്ട്രാറുടെ ചോദ്യം. ആകുമെന്ന് വിധിച്ച് അദ്ദേഹം ഒരുവനിത സൊസൈറ്റി പ്രസിഡന്റിനെ അയോഗ്യയാക്കി. ഒരേസമയം രണ്ട് വനിത സംഘങ്ങളില്‍ അംഗമാണെന്ന് കാണിച്ചാണ് അംഗത്വം റദ്ദാക്കിയത്. രണ്ട് ക്രഡിറ്റ് സൊസൈറ്റികളില്‍ അംഗമാകരുതെന്ന നിയമത്തിലെ വ്യവസ്ഥ, ക്രഡിറ്റ് ബിസിനസ് ചെയ്യുന്ന വനിത സംഘങ്ങള്‍ക്കും ബാധകമാണെന്നായിരുന്നു ജോയിന്റ് രജിസ്ട്രാറുടെ നിലപാട്.
കാസര്‍ക്കോട് മലയോര മേഖല വനിത സഹകരണ സംഘം പ്രസിഡന്റ് എം.രുഗ്മിണിയെ, ആ സംഘത്തിന്റെ അംഗത്വത്തില്‍നിന്ന് പുറത്താക്കിയ ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവാണ് കോടതിയും കടന്ന് തീര്‍പ്പുണ്ടാക്കാന്‍ സര്‍ക്കാരിന് മുമ്പിലെത്തിയത്. ഭീമനടി വനിത സഹകരണ സംഘത്തില്‍ അംഗമായിരിക്കെയാണ് രുഗ്മിണി മലയോര വനിത സംഘത്തിലും അംഗമാകുന്നതും, ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് പ്രസിഡന്റാകുന്നതും. ഇതിനെതിരെ ജോയിന്റ് രജിസ്ട്രാര്‍ക്ക് ലഭിച്ച പരാതിയിലാണ് ഈ നടപടി ചട്ടവിരുദ്ധമാണെന്ന് അദ്ദേഹം കണ്ടെത്തിയത്.
ജോയിന്റ് രജിസ്ട്രാറുടെ വാദം ഇങ്ങനെയാണ്. രണ്ടു സംഘങ്ങളും നിക്ഷേപ-വായ്പ ഇടപാടുകള്‍ നടത്തുന്ന ഒരേതരത്തിലുള്ള വനിത സംഘങ്ങളാണ്. കേരള സഹകരണ നിയമം ചട്ടം 27 പ്രകാരം രണ്ട് വായ്പ സംഘങ്ങളില്‍ ഒരാള്‍ക്ക് ഒരേസമയം അംഗമായിരിക്കാന്‍ പാടില്ല. അങ്ങനെയുണ്ടായാല്‍ രണ്ടാമത്തെ സംഘത്തിലെ അംഗത്വത്തില്‍നിന്ന് പുറത്താക്കേണ്ടതുണ്ട്. ചട്ടം 16 അനുസരിച്ച് ഒരു സംഘത്തിലെ ഒരംഗം ആ നിലയില്‍ തുടരാന്‍ അനര്‍ഹനായി തീരുകയാണെങ്കില്‍ രജിസ്ട്രാര്‍ക്ക് അദ്ദേഹത്തെ അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി പ്രഖ്യാപിക്കാന്‍ അധികാരമുണ്ട്.
തന്റെ നടപടിക്ക് അടിസ്ഥാനമായ രണ്ടാമത്തെ വാദം ജോയിന്റ് രജിസ്ട്രാര്‍ ഉയര്‍ത്തുന്നത് ഇങ്ങനെയാണ്. മലയോര മേഖല വനിത സഹകരണ സംഘത്തിന്റെ നിയമാവലി വ്യവസ്ഥ 5(ബി) അനുസരിച്ച് ഇതേ വിഭാഗത്തിലെ മറ്റൊരു സംഘത്തിലുള്ള അംഗത്തെ മെമ്പറായി സ്വീകരിക്കാന്‍ പാടില്ലെന്ന് പറയുന്നുണ്ട്. ഈ വ്യവസ്ഥ അനുസരിച്ചും രുഗ്മിണിക്ക് മലയോര മേഖല വനിത സംഘത്തില്‍ അംഗമായിരിക്കാന്‍ അര്‍ഹതയില്ല.
സഹകരണ വകുപ്പ് ജോയിന്റ് സെക്രട്ടറി പി.കെ.ഗോപകുമാറാണ് ഈ വാദങ്ങളെല്ലാം കേട്ട് അന്തിമ ഉത്തരവിറക്കിയത്. ആ ഉത്തരവില്‍ ജോയിന്റ് രജിസ്ട്രാറുടെ വാദം പൂര്‍ണമായി തള്ളി. സഹകരണ നിയമം വകുപ്പ് 15-ലാണ് സംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍ പറയുന്നത്. അതില്‍ ക്രഡിറ്റ് സൊസൈറ്റിയുടെ വിഭാഗത്തില്‍ വനിത സഹകരണ സംഘത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഒരേസമയ രണ്ട് ക്രഡിറ്റ് സംഘങ്ങളില്‍ അംഗമായിരിക്കാന്‍ പാടില്ലെന്ന ചട്ടം 27ലെ വ്യവസ്ഥ വനിത സംഘങ്ങളുടെ കാര്യത്തില്‍ ബാധകമാകില്ലെന്ന് സര്‍ക്കാര്‍ വിധിച്ചു. ഇനി ബൈലോയിലെ വ്യവസ്ഥ സംബന്ധിച്ചുള്ള തീര്‍പ്പാണ്. ബൈലോ വ്യവസ്ഥ ലംഘിച്ചുവെന്ന വാദം നിലനില്‍ക്കില്ല. ബൈലോ വ്യവസ്ഥ ജോയിന്റ് രജിസ്ട്രാര്‍ അനുവദിച്ച് നല്‍കിയിട്ടുള്ള ഒരു ഉപനിബന്ധന മാത്രമാണെന്നതിനാല്‍ ഇത് ചട്ടവിരുദ്ധമായി കണക്കാക്കാനാകില്ലെന്നും സര്‍ക്കാര്‍ തീര്‍പ്പിലെത്തി. രുഗ്മിണിയുടെ അംഗത്വം പുനസ്ഥാപിച്ചും ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് റദ്ദാക്കിയുമാണ് സര്‍ക്കാരിന്റെ തീര്‍പ്പ്.