കോവിഡ്19ഉം ലോക് ഡൗണും സമൂഹത്തിലുണ്ടാക്കിയ സാമ്പത്തിക മാന്ദ്യത്തെ കുറിച് സഹകരണ സംഘങ്ങളിൽ നിന്നും വകുപ്പ് റിപ്പോർട്ട് തേടി.
2021 മാർച്ച് 31 വരെ നീളുന്ന ദീർഘകാല കർമ്മപദ്ധതിയെ പറ്റിയും അതിജീവന പുനരുദ്ധാരണ പായ്ക്കേജുകളെ സംബന്ധിച്ചും സഹകരണ വകുപ്പ് സഹകരണ സംഘങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിച്ചു. കോവിഡ് 19 – സഹകരണ മേഖലയിലുണ്ടാക്കിയ മാന്ദ്യത്തെ സംബന്ധിച്ചും 2020 മെയ്, ജൂൺ, ജൂലൈ ത്രൈമാസ കർമ്മപദ്ധതിയെ കുറിച്ചും അറിയിക്കാൻ നിർദ്ദേശമുണ്ട്.
കോവിഡ്-19 പ്രതിരോധത്തിനായി പൂർണമായും ലോക് ഡൌൺ പ്രഖ്യാപിച്ച ദിനങ്ങളിൽ സാമ്പത്തികമാന്ദ്യവും സാമൂഹ്യജീവിതത്തിൽ പലവിധ അനിശ്ചിതത്വങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ സഹകരണമേഖലയുടെ ക്രിയാത്മക ഇടപെടലിന് വേണ്ടി സഹകരണസംഘങ്ങൾ, സഹകരണ ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ മെയ്, ജൂൺ, ജൂലൈ മാസങ്ങൾക്കായി ത്രൈമാസ കർമ്മ പദ്ധതിയും മെയ് മുതൽ അടുത്ത വർഷം മാർച്ച് 31 വരെ നീളുന്ന സാമ്പത്തികവർഷത്തെ ഉൾക്കൊള്ളിക്കുന്ന ദീർഘകാല പദ്ധതിയും ഉൾക്കൊള്ളിച്ച് ഒരു സാമൂഹ്യ ഇടപെടൽ അടിയന്തരമായ നടത്താനും ഒരു അതിജീവന പുനരുദ്ധാരണ പാക്കേജ് നടത്താനും വകുപ്പ് ഉദ്ദേശിക്കുന്നു.
സഹകരണ സ്ഥാപനങ്ങളിൽ നിന്നെടുത്ത പണത്തിനു റിസർവ് ബാങ്ക് നിർദേശം അനുസരിച്ചുള്ള പലിശ ഇളവിന് പുറമേ കാർഷിക ഉൽപ്പാദന, ചെറുകിട വ്യവസായ മേഖലകളെ പിന്തുണയ്ക്കുന്ന ലോൺ പദ്ധതികൾ, ഉൽപാദന രംഗത്തുള്ളവർക്ക് വിപണി സാധ്യതകൾ തേടി കൊടുക്കുന്നതിനുള്ള ശ്രമങ്ങൾ, കേരള ബാങ്ക്, അർബൻ ബാങ്ക് എന്നിവയുടെ പുതിയ സേവനങ്ങൾ, തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനുള്ള സഹായങ്ങൾ, സഹകാരികൾ, കർഷകർ, സംരംഭകർ എന്നിവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങൾ, സാമ്പത്തികകാര്യങ്ങളിൽ മാർഗ്ഗ നിർദ്ദേശം നൽകൽ ഇവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള നിർദേശങ്ങളാണ് സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രൊപ്പോസൽ, സഹകരണസംഘങ്ങൾ ജില്ലയിലെ ജോയിന്റ് രജിസ്ട്രാർമാർക്ക് നൽകണമെന്ന് അഡീഷണൽ രജിസ്ട്രാർ(ക്രെഡിറ്റ്) സർക്കുലറിൽ നിർദേശിക്കുന്നു.
കോവിഡ്-19 ന്റെ പശ്ചാത്തലത്തിലും ലോക് ഡൗണും കാരണം സംസ്ഥാന എക്കോണമിയിലെ ഓരോ വിഭാഗത്തിലും ഉണ്ടായിട്ടുള്ള നഷ്ടം സംബന്ധിച്ച ധ്രുത വിലയിരുത്തൽ നടത്തുന്നതിനായി സംസ്ഥാന പ്ലാനിംഗ് ബോർഡ് തീരുമാനിച്ചിരിന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സഹകരണ മേഖലയിലെ മേൽപ്രകാരമുള്ള നഷ്ടങ്ങളുടെ തുകയും വിശദ വിവരങ്ങളും ഉൾപ്പെടെയുള്ള റിപ്പോർട്ട് അടിയന്തരമായി നൽകാനും ജില്ലയിലെ ഉദ്യോഗസ്ഥർക്ക് വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. സഹകരണ സംഘങ്ങളുടെ/സ്ഥാപനങ്ങളുടെ ബിസ്സിനസ്സ് നഷ്ടം കണക്കാക്കുന്നതിനു ലോക്‌ഡൌൺ കാലത്തിനു മുൻപുള്ള 3 മാസത്തെ ബിസിനസ് ടേൺഓവറിന്റെ ആവറേജുമായി താരതമ്യം ചെയ്ത് കണ്ടെത്തി നൽകാനുമാണ് ഉദ്യോഗസ്ഥരോട് വകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്.