കോവിഡ് : പാഠം, അനുഭവം, തിരിച്ചറിവ്

[mbzauthor]

കോവിഡ്-19 എന്ന മഹാമാരി സഹകരണ മേഖലയ്ക്ക് നല്‍കുന്ന പാഠം ഏറെയാണ്. അടച്ചുപൂട്ടുന്ന ഘട്ടത്തില്‍ അടഞ്ഞുപോകുന്ന വരുമാനം മാത്രമേ സഹകരണ സംഘങ്ങള്‍ക്കുള്ളൂ എന്നതാണ് ഒന്നാമത്തെ പാഠം. വായ്പകള്‍ സംഘങ്ങള്‍ക്കു മാത്രമല്ല, സമൂഹത്തിനും കൂടി ഉപയോഗപ്പെടുന്നതാവണം എന്നതാണ് മറ്റൊന്ന്. വായ്‌പേതര സംഘങ്ങള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ ഏറെ പ്രാധാന്യമുണ്ടെന്ന തിരിച്ചറിവും കോവിഡ് നല്‍കുന്നുണ്ട്. മാര്‍ക്കറ്റിങ് – കണ്‍സ്യൂമര്‍ അപ്പക്‌സ് ഫെഡറേഷനുകള്‍ പ്രാഥമിക സംഘങ്ങളുടെ നായകത്വം ഏറ്റെടുത്ത് നിലകൊള്ളണമെന്നതാണ് വേറൊരു പാഠം. ഇതിനൊക്കെയപ്പുറം, സഹകരണ സംഘങ്ങള്‍ മാനുഷിക മൂല്യത്തിന്റെ ജനകീയ രൂപമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. സര്‍ക്കാരിനു പോലും താങ്ങായി നില്‍ക്കുന്നതും നാടിന്റെ പ്രശ്‌നത്തിന് തണലാവുന്നതുമാണ് സഹകരണ സ്ഥാപനത്തിന്റെ വരുമാനമെന്ന് ബോധ്യപ്പെടുത്തി. അതേസമയം, സഹകരണ വകുപ്പിന്റെയും അതിലെ ഉദ്യോഗസ്ഥരുടെയും ചില സമീപനങ്ങളും തിരിച്ചറിയേണ്ടതുണ്ട്. സഹകരണ സംഘങ്ങളിലെ പണം പിടിച്ചെടുക്കാനുള്ളതല്ലെന്നും ഉദ്യോഗസ്ഥര്‍ ക്വട്ടേഷന്‍ പിരിവുകാരല്ലെന്നും അറിയേണ്ടതുണ്ട്.

മാനുഷിക മൂല്യങ്ങളോടെ പ്രവര്‍ത്തിക്കുന്നവയാണ് സഹകരണ സംഘങ്ങള്‍. അവയുടെ ലാഭം അംഗങ്ങള്‍ക്ക് വീതിച്ചു നല്‍കുന്നു. ഒരു വിഹിതം പൊതുനന്മയ്ക്കും വിദ്യാഭ്യാസത്തിനുമൊക്കെയായി മാറ്റിവെക്കുന്നു. സംഘങ്ങളുടെ പണമാണ് വകുപ്പുദ്യോഗസ്ഥരായ 60 ശതമാനത്തിലേറെപ്പേര്‍ക്കും ശമ്പളമായി ലഭിക്കുന്നത്. രാവും പകലും സംഘത്തിന്റെ വളര്‍ച്ചയ്ക്കായി ഓടിനടക്കുന്ന ഒരു സഹകാരിക്ക് കിട്ടുന്നത് ഓണറേറിയം എന്ന ഓമനപ്പേരില്‍ വിളിക്കുന്ന തുച്ഛമായ പണം. അവരുടെ വിയര്‍പ്പാണ് സംഘത്തിന്റെ വളര്‍ച്ചയ്ക്ക് വളമാകുന്നത്. സഹകാരികളുടെ ഓണറേറിയം കൂട്ടണമെന്ന ആവശ്യത്തില്‍ നാലു വര്‍ഷമായിട്ടും തീരുമാനമെടുക്കാത്ത സഹകരണ വകുപ്പാണ് രണ്ടു തവണയായി സര്‍ക്കാരിനെ സഹായിക്കാന്‍ സംഘങ്ങളില്‍ നിന്നു പണമാവശ്യപ്പെട്ടത്. സഹകാരികള്‍ പൂര്‍ണ മനസ്സോടെ അത് നല്‍കുകയും ചെയ്തു. കാരണം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന പണം നാടിനുവേണ്ടിയുള്ള സംഭാവനയാണ്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള കരുതലാണ്.

അതേസമയം, വകുപ്പുദ്യോഗസ്ഥര്‍ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. സംഘം നല്‍കുന്ന സംഭാവന അവരുടെ നന്മയുടെ പങ്കാണ്. അതിന് വിലയിട്ട് പിരിക്കാന്‍ ഉദ്യോഗസ്ഥരിറങ്ങുന്നത് നല്ല രീതിയല്ല. ഇത്ര നല്‍കണമെന്ന് ആവശ്യപ്പെടുന്നതില്‍ നീതിയോ നിയമമോ ഇല്ല. ഓരോ സംഘവും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ പണത്തില്‍ ഓരോ ജീവനക്കാരന്റെയും വിഹിതം എത്രയെന്ന് പരിശോധിക്കാന്‍ എന്ത് അധികാരമാണ് വകുപ്പുദ്യോഗസ്ഥര്‍ക്കുള്ളതെന്ന് ആത്മപരിശോധന നടത്തുന്നത് നന്നാവും. വകുപ്പിലെ എല്ലാ ജീവനക്കാരും മേധാവിക്ക് ഇത്തരമൊരു കണക്ക് നല്‍കിയിട്ടുണ്ടോ ? ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ തുകയില്‍ സംഘത്തിന്റെ, ഭരണസമിതി അംഗങ്ങളുടെ, ജീവനക്കാരുടെ എന്നിങ്ങനെ ഓരോ വിഭാഗത്തിന്റെയും വിഹിതം പ്രത്യേകമായി രേഖപ്പെടുത്തി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത് അമിതാധികാര പ്രയോഗമാണ്. സംഘങ്ങളിലെ പൊതുപണം തെറ്റായും വഴിവിട്ടും ഉപയോഗിക്കുന്നത് പരിശോധിക്കുകയും തടയുകയുമാണ് സഹകരണ സംഘം രജിസ്ട്രാറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ സംവിധാനത്തിന്റെ ദൗത്യം. അതായത്, ബാങ്കിങ് സ്ഥാപനങ്ങളില്‍ റിസര്‍വ് ബാങ്ക് നിര്‍വഹിക്കുന്ന ജോലിയാണിത്. അത്രയും ഉയര്‍ന്ന ഉത്തരവാദിത്തം നിറവേറ്റേണ്ട ഉദ്യോഗസ്ഥരാണ് നഷ്ടത്തിലിരിക്കുന്ന സംഘങ്ങള്‍ക്കുപോലും ക്വാട്ട നിശ്ചയിച്ച് പണം ആവശ്യപ്പെട്ടത്. അഞ്ചു വര്‍ഷത്തിനിടെ കിട്ടാവുന്ന ലാഭത്തിന്റെ വിഹിതം ചോദിക്കുന്നത്. അഞ്ചു വര്‍ഷത്തിനിടെ ഇനിയൊരു ദുരന്തമോ പ്രതിസന്ധിയോ നമുക്ക് നേരിടാനുണ്ടാവില്ലെന്ന് ഈ ഉദ്യോഗസ്ഥര്‍ക്ക് ആരാണ് ഉറപ്പ് നല്‍കിയത് ? ഒരു രാത്രി മാത്രം ഉറങ്ങിയാല്‍ തീരുന്ന ഇരുട്ടേ നമുക്കുള്ളൂവെന്നു ധരിക്കരുത്.

– എഡിറ്റര്‍

[mbzshare]

Leave a Reply

Your email address will not be published.